Connect with us

Ongoing News

കണ്ണീരില്‍ വിരിയുന്നത്

Published

|

Last Updated

പാപ മോചനത്തിന്റെ പത്തുകളിലാണു നാം. പാപത്തില്‍ നിന്നു പിഴുതുമാറ്റപ്പെടുമ്പോഴാണ് തൗബയുടെ കവാടങ്ങള്‍ തുറക്കപ്പെടുന്നത്. പാപത്തില്‍ നിന്ന് വിട്ടുനില്‍ക്കാതെ തൗബ ചെയ്യുന്നവന്‍ അല്ലാഹുവിനെ പരിഹസിക്കുന്നവനെ പോലെയാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. എങ്കിലും വീണ്ടും പൊറുക്കുന്നവനാണ് നമ്മുടെ റബ്ബ്. പര്‍വ്വത സമാനമായ തെറ്റുകളുമായി അവനെ സമീപിച്ചാലും അവന്‍ പൊറുക്കും; പശ്ചാതാപ വിവശമായ ഹൃദയമുണ്ടെങ്കില്‍. നൂറ് പേരെ കൊന്നവന് പൊറുത്തവനല്ലോ അവന്‍!
ഖേദപ്രകടനമാണ് തൗബയുടെ സത്ത. അതില്ലെങ്കില്‍ തൗബയില്ല. എനിക്കെല്ലാം ചെയ്തു തന്ന, എന്നെ അനുനിമിഷം പരിപാലിച്ചുകൊണ്ടിരിക്കുന്ന ഉടമയോട് ഞാന്‍ ധിക്കാരം കാണിച്ചുവല്ലോ എന്ന തോന്നലുണ്ടാകുമ്പോഴാണ് തൗബയുണ്ടാകുന്നത്. ഒരു അന്‍സ്വാരി വനിതയെ ഒരു നേരം നോക്കിപ്പോയതിന് നാല്‍പ്പത് ദിവസത്തോളം പശ്ചാതാപവിവശനായി മക്കക്കും മദീനക്കും ഇടയിലുള്ള പര്‍വ്വത നിരകളില്‍ പാപമോചനം തേടി ഓടിനടന്ന സഅ്‌ലബ (റ) നമുക്ക് മാതൃകയാണ്. പാപം ചെയ്ത സ്ഥലം കാണുമ്പോഴേക്കും ബോധംകെട്ടു വീണു ചിലര്‍.
ഖേദപ്രകടനത്തിന്റെ ലക്ഷണമാണ് കണ്ണുനീര്‍. രണ്ട് തുള്ളികള്‍ അല്ലാഹുവിന് ഏറെ ഇഷ്ടമാണ്. അല്ലാഹുവിനെ ഓര്‍ത്തു കരയുന്ന കണ്ണീര്‍ തുള്ളി, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്ത രക്ത സാക്ഷിയില്‍ നിന്ന് ഒലിക്കുന്ന രക്തത്തുള്ളി. പാപങ്ങള്‍ കഴുകിക്കളയാന്‍ ഏറെ വീര്യമുള്ള ദ്രാവകമാണ് കണ്ണുനീര്‍. മൂന്ന് കണ്ണുകള്‍ നരകത്തില്‍ കടക്കുകയില്ലെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. അല്ലാഹുവിനെ ഓര്‍ത്തു കരയുന്ന കണ്ണ്. അല്ലാഹുവിനുവേണ്ടി ഉറക്കമൊഴിച്ച കണ്ണ്. അല്ലാഹു ഹറാമാക്കിയത് നോക്കാത്ത കണ്ണ്. ഒറ്റക്കിരുന്ന് നാഥനെ ഓര്‍ത്ത് കരയുന്ന വ്യക്തിക്ക് അര്‍ശിന്റെ തണല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട് മുത്ത്‌നബി. കരച്ചില്‍ വരുന്നില്ലെങ്കില്‍ ഉണ്ടാക്കി കരയണം. അതും ആ നബി പഠിപ്പിച്ചതു തന്നെയാണ്. കാരണം ഒരു കരച്ചിലും ഉപകാരപ്പെടാത്ത അനന്തമായ നാളുകള്‍ വരാനുണ്ട്. നരകത്തിലെ ഒരിക്കലും ഒടുങ്ങാത്ത അതിതീക്ഷ്ണമായ യാതനകളുടെ അസഹനീയതയില്‍ അതിലെ അന്തേവാസികള്‍ ആര്‍ത്തു കരയുമെന്ന് ഹദീസുകള്‍ പറയുന്നു. മലകള്‍ കണക്കെ വിശാലമാക്കപ്പെടുന്ന അവരുടെ മുഖങ്ങളില്‍ കണ്ണീര്‍ ചാലുകള്‍ പുഴകള്‍ സൃഷ്ടിക്കും. അതില്‍ കപ്പലോട്ടാന്‍ വരെ സാധിക്കും. പാപമോചനത്തിന്റെയും നരക മോചനത്തിന്റെയും ഈ വിശുദ്ധ ഇരവുപകലുകളിലെങ്കിലും നമുക്ക് കരയാന്‍ സമയമായില്ലേ!

Latest