Connect with us

Articles

നരമേധം; ലോകത്തിന്റെ മൗനം

Published

|

Last Updated

പെരും നുണകളാണ് ഫാസിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഏറ്റവും ശക്തമായ ഉപകരണം. അത്തരം നുണകള്‍ പരമസത്യമായി അവതരിപ്പിച്ചു ഫലിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള സംവിധാനങ്ങളാണ് അവരുടെ രണ്ടാമത്തെ ആയുധം. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ഭഞ്ജിക്കാനാകാത്ത മൗനം പാലിക്കുന്ന പൊതു മണ്ഡലമാണ് വജ്രായുധം. കാരണങ്ങള്‍ കണ്ടെത്താന്‍ വല്ലാത്ത മിടുക്കാണ് അതിന്. വംശഹത്യകള്‍ക്കും ആക്രമണങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും പറഞ്ഞു ഫലിപ്പിക്കാന്‍ പാകത്തിലുള്ള ഒരു ഹേതു കണ്ടെത്തും. അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുക അത്തരം ഹേതുക്കളാണ്. ഉത്തരവാദപ്പെട്ടവര്‍ ഈ കാരണങ്ങളാണ് ആവര്‍ത്തിക്കുക. ഫാസിസത്തിന്റെ കൊടും ക്രൂരതകള്‍ ഇത്തരം കാരണങ്ങളുടെ വലിപ്പത്തില്‍ നിസ്സാരത കൈവരിക്കും. ഗാസാ ചീന്തിലെ മനുഷ്യര്‍ക്ക് മേല്‍ ജൂതരാഷ്ട്രം നിഷ്‌കരുണം ബോംബാക്രമണം തുടരുന്ന ഈ റമസാന്‍ ദിനങ്ങളിലും നുണകളാണ് ലോകത്തിന് മേല്‍ വിജയം പ്രഖ്യാപിച്ചിരിക്കുന്നത്. നുണകളാണ് ലോക മാധ്യമങ്ങളും നേതാക്കളും ഏറ്റുപറയുന്നത്. യു എന്‍ സെക്രട്ടറി ജനറല്‍ പറയുന്നു, ഹമാസ് ഇസ്‌റാഈലിന് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന്. ഇസ്‌റാഈല്‍ സംയമനം പാലിക്കണമെന്നാണ് അദ്ദേഹം തുടര്‍ന്നു പറയുന്നത്. എന്നുവെച്ചാല്‍ നാല് ഭാഗത്ത് നിന്നും വളയപ്പെട്ട ഒരു ജനത പരിമിതമായ പ്രതിരോധത്തിന് തികച്ചും തദ്ദേശീയമായി നിര്‍മിച്ച, നിസ്സാരമായ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ പ്രയോഗിക്കുന്നതാണ് ബാന്‍ കി മൂണിന് വലിയ കാര്യമായി തോന്നിയത്. ഈ ആയുധപ്രയോഗത്തോടുള്ള പ്രതികരണം മാത്രമാണത്രേ ലോകത്തെ ഏറ്റവും വലിയ ആയുധ ശക്തിയായ ഇസ്‌റാഈലിന്റെ നരമേധം. വീടുകള്‍ക്ക് മേലാണ് ഇസ്‌റാഈല്‍ ബോംബുകള്‍ വര്‍ഷിക്കുന്നത്. സ്‌കൂളുകള്‍ക്ക് മേല്‍, അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് മേല്‍, തെരുവുകള്‍ക്ക് മേല്‍ ബോംബുകള്‍ തീ തുപ്പുന്നു. പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളുമാണ് മരിച്ചു വീഴുന്നത്. നാല് ദിവസം കൊണ്ട് നൂറിലേറെപ്പേര്‍. ഭൂരിഭാഗവും സിവിലിയന്‍മാര്‍. ഒരു ഇസ്‌റാഈല്‍ പൗരനും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല. ഇതൊന്നും കാണാത്തിടത്തല്ല ബാന്‍ കി മൂണ്‍ ജീവിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങളൊന്നും അദ്ദേഹത്തിന് വശമില്ലാഞ്ഞിട്ടുമല്ല. പക്ഷേ അദ്ദേഹവും ഫാസിസത്തിന്റെ നിലപാടുകളുടെ ബ്രാന്‍ഡ് അംബാസിഡറാകുന്നു. ഗാസക്കു മേല്‍ പതിക്കുന്ന യഥാര്‍ഥ ബോംബ് ഈ പൊതു ബോധമാണ്. ഈ പൊതു ബോധം ശക്തമായ സംരക്ഷണ വലയം ഒരുക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ ജൂതരാഷ്ട്രം കൃത്യമായ ഇടവേളകളില്‍ കുരുതികള്‍ ആവര്‍ത്തിക്കുന്നു.
2010ല്‍ ഓപറേഷന്‍ കാസ്‌ലീഡ്, 2012ല്‍ ഓപറേഷന്‍ പില്ലാര്‍സ് ഓഫ് ഡിഫന്‍സ്, 2014ല്‍ ഓപറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ്. കുറേ മനുഷ്യരെ കൊല്ലും. കുറേ മനുഷ്യര്‍ ജീവച്ഛവങ്ങളാകും. വെള്ളവും മരുന്നും കിട്ടാതെ അവരും മരിച്ചു വീഴും. ജീവിച്ചിരിക്കുന്നവര്‍ നിതാന്തമായ ഒറ്റപ്പെടലിലേക്ക് കൂപ്പു കുത്തും. കുറേയെറെ പ്രദേശങ്ങളില്‍ അധിനിവേശം ഉറപ്പിക്കും. പുനര്‍നിര്‍മിക്കാനാകാത്ത വിധം തകര്‍ന്നടിഞ്ഞ വീടുകളും കെട്ടിടങ്ങളം തെരുവുകളും വിറങ്ങലിച്ചു നില്‍ക്കും. കുറേയേറെ മനുഷ്യര്‍ പ്രതിരോധത്തിന്റെ ഒരു തുണ്ട് കല്ലെങ്കിലും എടുത്ത് എറിയാന്‍ തുനിഞ്ഞിറങ്ങും. ഈ യുവാക്കളെ പിന്നെയും വേട്ടയാടും. അവര്‍ ജൂതരാഷ്ട്രത്തിന്റെ സുരക്ഷിതത്വത്തിന് വെല്ലുവിളിയെന്ന് വിളിക്കപ്പെടും. സ്വയം പ്രതിരോധിക്കാന്‍ ഇസ്‌റാഈലിന് അവകാശമുണ്ടെന്ന് ഒബാമമാര്‍ ആവര്‍ത്തിക്കും. ഹമാസിനെ നിലക്കു നിര്‍ത്തണമെന്ന് ഡേവിഡ് കാമണൂറുമാര്‍ അലറും.
അറബ് രാജ്യങ്ങള്‍ പതിവ് നിസ്സംഗത തുടരും. കൊന്നു തള്ളി കുതികൊള്ളുന്ന ഇസ്‌റാഈലിന് ചോരക്കലി ഒന്നടങ്ങിയെന്ന് വന്നാല്‍ വെടിനിര്‍ത്തലെന്ന ഉളുപ്പില്ലാത്ത നയതന്ത്രവുമായി വന്‍ ശക്തികള്‍ രംഗപ്രവേശം ചെയ്യും. ഇസ്‌റാഈല്‍ ബോംബറുകള്‍ അരുംകൊലകള്‍ സമ്മാനിച്ച ആലസ്യത്തില്‍ താവളങ്ങളില്‍ വിശ്രമിക്കും. എല്ലാം അടങ്ങുമ്പോള്‍ യു എന്‍ കണക്കെടുപ്പുകാര്‍ ഗാസയില്‍ പ്രവേശിക്കും. മയ്യിത്തുകളുടെ കണക്കെടുക്കാന്‍. അവര്‍ പറയുന്നതാണ് ആധികാരികമായ കണക്ക്. അടുത്ത കുരുതി വരെ ഉദ്ധരിച്ചു രസിക്കാനുള്ള കണക്ക് യു എന്‍ സംഘം ലോകത്തിന് സമ്മാനിക്കും. അല്‍ ജസീറയുടെ പൊളിറ്റിക്കല്‍ അനലിസ്റ്റ് മര്‍വന്‍ ബിശാറ ഇസ്‌റാഈല്‍ ഭീകരാക്രമണത്തെ “കോനന്‍ഡ്രം” എന്നാണ് വിശേഷിപ്പിക്കുന്നത്. സഭ്യേതര ഫലിതം, വിപരീതാര്‍ഥ വാചകം, കടം കഥ എന്നൊക്കെയാണ് ഈ വാക്കിന്റെ അര്‍ഥം. ഇതങ്ങനെ ആവര്‍ത്തിക്കുകയാണ്. ഹിന്ദു വികാരം മുസ്‌ലിംകളെ കൊന്ന് അടങ്ങട്ടെയെന്ന ഗുജറാത്ത് ഫലിതം പോലെ ഇസ്‌റാഈലിന്റെ ചോരക്കലിക്ക് നിറഞ്ഞാടാന്‍ പാശ്ചാത്യ മേലാളന്‍മാരും മാധ്യമ സിംഹങ്ങളും കളമൊരുക്കുന്നു. ഒന്നിളകിയാടി തൃപ്തിയടയുമ്പോള്‍ പിടിച്ചു മാറ്റാന്‍ വരുന്നു. ഇതാ ഇത്തവണയും അവരെത്തിക്കഴിഞ്ഞു. വെടിനിര്‍ത്തല്‍ മാധ്യസ്ഥ്യത്തിന് അമേരിക്ക ഒരുക്കമാണത്രേ. എന്താണ് ഹേ മാധ്യസ്ഥ്യം? ആര്‍ക്കിടയിലാണ് മാധ്യസ്ഥ്യം? നിസ്സഹായരും നിരായുധരുമായ ഫലസ്തീന്‍ ജനതക്കും ആണവ ശക്തിയായ ഇസ്‌റാഈലിനുമിടയിലോ? ലോകത്തിന്റെയാകെ ഒത്താശയോടെ കവര്‍ന്നെടുക്കപ്പെട്ട മണ്ണില്‍ നിയമവിരുദ്ധമായി സ്ഥാപിക്കപ്പെട്ട രാഷ്ട്രവും സ്വന്തം മണ്ണ് ഓരോ ദിനവും നഷ്ടപ്പെടുന്നത് നോക്കി നില്‍ക്കേണ്ടി വരുന്ന ജനതയും തമ്മില്‍ എവിടെയാണ് അനുരഞ്ജനത്തിന്റെ ഇടങ്ങള്‍ ഉള്ളത്? ഡയസ്‌പൊറ (ചിതറിയ സമൂഹം) എന്ന പദം ജൂതന്‍മാരുടെ വേദനയെ കുറിക്കുന്നു പോലും. ജൂതന്‍മാരുടെ രാഷ്ട്രമില്ലായ്മയില്‍ വേദന പൂണ്ട പാശ്ചാത്യ ശക്തികള്‍ കരാറുകളുടെ ചതിക്കുഴികളില്‍ ഫലസ്തീന്‍ ജനതയെ ഇറക്കി നിര്‍ത്തിയെങ്കില്‍ ആ കുഴിയില്‍ സ്വസ്ഥമായി കഴിയാനുള്ള സാഹചര്യമെങ്കിലും ഒരുക്കാമായിരുന്നുവല്ലോ. ആ കുഴിയിലേക്ക് ബോംബിടരുതെന്ന് നിഷ്‌കര്‍ഷിക്കാനുള്ള ആര്‍ജവമെങ്കിലും ഈ പിതാക്കന്‍മാര്‍ക്ക് കാണിക്കാമായിരുന്നു. എന്നാല്‍ ബഹു പിതാക്കള്‍, മുടിയനായ പുത്രന്റെ ക്രൂരതകള്‍ ആസ്വദിക്കുമ്പോഴാണ് ഗാസയില്‍ പിന്നെയും പിന്നെയും ചോര വീഴുന്നത്.
എന്തായിരുന്നു ഇത്തവണത്തെ അടിയന്തര കാരണം? മൂന്ന് ഇസ്‌റാഈല്‍ കൗമാരക്കാര്‍ ജൂത കുടിയേറ്റ മേഖലയില്‍ കൊല്ലപ്പെട്ടുവെന്നതാണ് അത്. കൊല്ലപ്പെട്ടുവെന്നത് സത്യമാണ്. മരിച്ചത് ജൂതരായതിനാല്‍ കൊന്നത് ഹമാസ് തന്നെയെന്ന ലളിത യുക്തിയാണ് മുന്നോട്ടു വെക്കുന്നത്. എന്നാല്‍ ഇതിന് ഒരു തെളിവും ഇല്ലെന്നു മാത്രമല്ല മൊസാദിന്റെ തന്നെ കുതന്ത്രമാണ് ഇതെന്ന വിലയിരുത്തല്‍ പുറത്തു വന്നിട്ടുമുണ്ട്. മൊസാദിന്റെ പൂര്‍വ ചരിതം അറിയുന്നവര്‍ക്ക് ഈ വിലയിരുത്തലില്‍ ഒരു അതിശയവും തോന്നില്ല. ബോംബാക്രമണം തുടങ്ങും മുമ്പ് തന്നെ ഫലസ്തീന്‍ കൗമാരക്കാരനെ പിടിച്ചു കൊണ്ടു പോയി ജീവനോടെ ചുട്ടു കൊന്ന് പ്രതികാരം തീര്‍ത്തതാണ്. അവിടെ നിര്‍ത്താതിരിക്കാന്‍ ഹമാസ് തൊടുത്തു വിട്ട റോക്കറ്റുകള്‍ ഇസ്‌റാഈലിനെ തുണച്ചു. സ്വയം പ്രതിരോധം, സ്വന്തം പൗരന്‍മാരുടെ സംരക്ഷണം തുടങ്ങിയ പതിവ് പദസമുച്ചയങ്ങള്‍ ആവര്‍ത്തിക്കാന്‍ അത് ബെഞ്ചമിന്‍ നെതന്യാഹുവിന് അവസരം നല്‍കി. ഈ ആക്രമണത്തിന്റെ സമയം വളരെ പ്രധാനമാണ്. ഹമാസും ഫതഹും തമ്മില്‍ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഐക്യപ്പെടല്‍ സാധ്യമായ സമയമാണിത്. ഇസ്‌റാഈലിനെ രാഷ്ട്രമായി അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഹമാസും ചര്‍ച്ചകളില്‍ വിശ്വസിക്കുന്ന മഹ്മൂദ് അബ്ബാസിന്റെ ഫതഹും കൈകോര്‍ക്കുമ്പോള്‍ ഫലസ്തീന്‍ രാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് (1967 ന് മുമ്പുള്ള അതിര്‍ത്തികളോടെ) കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാനുള്ള ആത്മവിശ്വാസം ഫലസ്തീന്‍ ജനതക്ക് കൈവരുന്നു. ഇത് ഏത് വിധേനയും തടയുകയെന്നത് ഇസ്‌റാഈലിന്റെ അടിയന്തര ആവശ്യമാണ്.
ഹമാസിനെ കൂടുതല്‍ പ്രകോപിപ്പിക്കുകയും ആക്രമണത്തിന്റെ പാതയിലേക്ക് കൊണ്ടുവരികയുമാണ് അതിനുളള എളുപ്പ വഴി. ഗാസയെ കൂടുതല്‍ കൂടുതല്‍ പീഡിപ്പിക്കുക മാത്രമാണ് പോംവഴി. പുതിയ ഐക്യത്തിന്റെ പശ്ചാത്തലത്തില്‍ ഫതഹിനും ആക്രമണത്തെ ശക്തമായി അപലപിക്കേണ്ടി വരും. ചര്‍ച്ചാ മേശയിലേക്ക് തിരിച്ചു ചെല്ലാന്‍ പിന്നെ അബ്ബാസിന് സാധിക്കില്ല. പരിമിതമായെങ്കിലും ഫലസ്തീന്‍ രാഷ്ട്രത്തിന്റെ നിലനില്‍പ്പ് യു എന്‍ അംഗീകരിച്ച ഘട്ടമാണിത്. ഇവിടെ നിന്ന് മുന്നോട്ട് വെക്കുന്ന ഓരോ ചുവടും ഫലസ്തീനെന്ന നിതാന്ത സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള കുതിച്ചു ചാട്ടങ്ങളായിരിക്കുമെന്ന് ഇസ്‌റാഈല്‍ തിരിച്ചറിയുന്നു. ഗാസയില്‍ ഹമാസ് ജനാധിപത്യ മാര്‍ഗത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇസ്‌റാഈല്‍ കാണിച്ച പൊറുതികേടിന് സമാനമാണ് ഇപ്പോഴത്തേതും. അത്‌കൊണ്ട് കൗമാരക്കാരുടെ തിരോധാനമൊന്നുമല്ല അടിസ്ഥാന പ്രശ്‌നം. ഹമാസിന്റെ റോക്കറ്റ് വിഡ്ഢിത്തവുമല്ല.
ജൂത അധിനിവേശം പരമാവധി വര്‍ധിപ്പിക്കുകയെന്നതാണ് നെതന്യാഹുവിന്റെ യഥാര്‍ഥ ലക്ഷ്യം. ഏതെങ്കിലുമൊരു കാലത്ത് ഫലസ്തീന്‍ രാഷ്ട്ര രൂപവത്കരണത്തിന് വഴങ്ങാന്‍ നിര്‍ബന്ധിതരായാല്‍ , കൈയടക്കി വെച്ചിട്ടുള്ളവ വിട്ട് തരില്ലെന്ന ശാഠ്യം അന്ന് ഇസ്‌റാഈല്‍ പുറത്തെടുക്കും. സ്വാഭാവികമായും പാശ്ചാത്യ ശക്തികള്‍ ഇതിന് ഒത്താശ ചെയ്യും. ആ ദിനത്തിലേക്കുള്ള കരുതി വെപ്പാണ് വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറൂസലമിലും പണിയുന്ന ഓരോ ജൂത ഭവനവും. അരക്ഷിതമായ സാഹചര്യം സൃഷ്ടിച്ചാണ് അനധികൃത കുടിയേറ്റം ഇസ്‌റാഈല്‍ വ്യാപിപ്പിക്കാറുള്ളത്. അങ്ങനെ വരുമ്പോള്‍ ഗാസയില്‍ പതിക്കുന്ന ബോംബിന്റെ ദൗത്യം ഒരിക്കലും പ്രതിരോധമല്ല. പ്രത്യാക്രമണം പോലുമല്ല. നഗ്നമായ അധിനിവേശം മാത്രമാണത്. തീവ്രവലതുപക്ഷ ഗ്രൂപ്പുകളാണ് നെതന്യാഹുവിനെ നയിക്കുന്നത്. അവര്‍ക്ക് ഇടക്കിടക്ക് മൃതദേഹങ്ങള്‍ വേണം. ഭരണസഖ്യം സംരക്ഷിച്ചു നിര്‍ത്താനുള്ള ഒറ്റമൂലി കൂടിയാണ് ഗാസാ അധിനിവേശം. ഏത് അന്താരാഷ്ട്ര സമ്മര്‍ദമുണ്ടായാലും ആക്രമണം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു പ്രഖ്യാപിക്കുന്നത് ആഭ്യന്തരമായ പിന്തുണയുടെയും സമ്മര്‍ദത്തിന്റെയും കൂടി ഭാഗമാണ്.
ഇനിയുള്ള ദിനങ്ങള്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടേതായിരിക്കും. ഇത്തരമൊരാവശ്യം ഫലസ്തീന്റെ ഭാഗത്ത് നിന്ന് തന്നെ ഉയര്ഡന്നിരിക്കുന്നു. അവര്‍ യു എന്നിനെയും സമീപിക്കാനൊരുങ്ങുന്നു. വെടിനിര്‍ത്തല്‍ മുറവിളി അവിടെ നിന്ന് തന്നെ വരണമെന്ന് ഇസ്‌റഈഇലിന് നിര്‍ബന്ധമുണ്ട്. എങ്കിലേ ചര്‍ച്ചാ മേശയില്‍ അവര്‍ക്ക് മേല്‍ക്കൈ കിട്ടൂ. പുതിയ ഐക്യത്തിന്റെ പശ്ചാത്തലത്തില്‍ ഈ സ്ഥിതി മാറ്റാന്‍ ഫലസ്തീന്‍ നയതന്ത്രജ്ഞര്‍ക്ക് സാധിക്കും. ഏറ്റവും ഒടുവില്‍ നടന്ന ജൂത കടന്നു കയറ്റമെങ്കിലും ഒഴിപ്പിച്ചെടുക്കാനാകണം. അതിന് അറബ് ലീഗിന്റെ ശക്തമായ പിന്തുണ ഫലസ്തീന് ലഭിക്കണം. ഈജിപ്തിലെ ഫത്താഹ് അല്‍ സീസിയുടെ നിലപാടും നിര്‍ണായകമാണ്. റഫാ അതിര്‍ത്തി ഭാഗികമായെങ്കിലും തുറക്കാന്‍ അദ്ദേഹം തയ്യാറായത് നിലപാട് മാറ്റത്തെ സൂചിപ്പിക്കുന്നുണ്ട്.
ഹമാസിനെ അദ്ദേഹം ന്യായീകരിക്കില്ലായിരിക്കാം. ഫലസ്തീന്‍ ജനതക്കായി അദ്ദേഹത്തിന് നിലകൊള്ളാമല്ലോ. സീസിയില്‍ നിന്ന് മേഖല അത്തരമൊരു വിവേകം പ്രതീക്ഷിക്കുന്നുണ്ട്. ഈ ഘടകങ്ങള്‍ ഒത്തു വരികയാണെങ്കില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ ഇസ്‌റാഈല്‍ അല്‍പ്പം വെള്ളം കുടിച്ചേക്കാം.
പക്ഷേ അതൊന്നും ജൂതരാഷ്ട്ര ഭീകരതക്ക് ആത്യന്തികമായി ഒരു പരുക്കും ഏല്‍പ്പിക്കില്ല. അമേരിക്കന്‍ പിന്തുണ ഉള്ളിടത്തോളം കാലം അവര്‍ക്ക് എന്ത് തോന്ന്യാസവും ചെയ്യാനാകും. മനുഷ്യര്‍ ഉറങ്ങിക്കിടക്കുന്ന വീടിന് മുകളില്‍ അര്‍ധരാത്രി ബോംബ് വര്‍ഷിച്ചിട്ട് ഇറ്റ് വാസ് എ ടെക്‌നിക്കല്‍ മിസ്റ്റേക്ക് എന്ന് മാധ്യമങ്ങളോട് പറഞ്ഞാല്‍ മതി. വിധേയ തൊമ്മിമാര്‍ അതങ്ങ് ആവര്‍ത്തിച്ച് കൊള്ളും.
ഇവിടെ അങ്ങേയറ്റം പ്രസക്തമായ രണ്ട് ചോദ്യങ്ങള്‍ ഉയരുന്നു. ഇന്ത്യയെപ്പോലുള്ള ജനാധിപത്യ ചേരിയുടെ സ്വരമെവിടെ? എണ്ണ സമ്പത്തിന്റെ ആത്മവിശ്വാസവുമായി വന്‍ ശക്തികളോട് ചേര്‍ന്ന് നില്‍ക്കുന്ന അറബ് ശക്തികള്‍ക്ക് എന്ത് പറയാനുണ്ട്?

Latest