Connect with us

Ongoing News

നമ്മുടെയൊക്കെ നിസ്‌കാരങ്ങള്‍ എത്ര ശുഷ്‌കമായിപ്പോകുന്നു?

Published

|

Last Updated

ramasan nilavഇന്നലെ മൊയ്തു കിഴിശ്ശേരിയെ സന്ദര്‍ശിച്ചു. രണ്ട് വൃക്കയും തകരാറിലായി നീരുവന്ന് ആകെ ക്ഷീണിച്ചിരിക്കുന്നു. വിസയും പാസ്‌പോര്‍ട്ടുമില്ലാതെ 43 രാജ്യങ്ങള്‍ സഞ്ചരിച്ച സാഹസിക യാത്രക്കാരനാണിതെന്നാരും പറയില്ല.  ഊര്‍ജസ്വലമായ ഇന്നലെകളില്‍, കത്തുന്ന മരുഭൂമികളിലൂടെ, ചെങ്കുത്തായ പര്‍വതങ്ങളിലൂടെ, കുതിച്ചൊഴുകുന്ന സമുദ്രങ്ങളിലൂടെ, ഇരുള്‍ മുറ്റിയ കാനനങ്ങളിലൂടെ, ചതുപ്പു നിലങ്ങളിലൂടെ, യുദ്ധ ഭൂമികളിലൂടെ… ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ലോകത്തിന്റെ അതിരുകള്‍ താണ്ടി കുതിച്ചും കിതച്ചും കയറിയും ഇറങ്ങിയും നീന്തിയും ഞെരങ്ങിയും ഒളിഞ്ഞും തെളിഞ്ഞും യാത്ര ചെയ്തു ജീവിതത്തിന് അര്‍ഥം കണ്ടെത്തിയ മൊയ്തുവിനെ കണ്ടപ്പോള്‍ ഒരുപാട് പാഠങ്ങള്‍ പഠിച്ചു.

പല കൃതികളിലൂടെയും സാഹസികതയുടെ കഥകള്‍ പറഞ്ഞ് നമ്മെ വിസ്മയിപ്പിച്ച മൊയ്തു ഇപ്പോള്‍ അതൊന്നുമല്ല പറയുന്നത്. പത്താം വയസ്സില്‍ നരിപ്പറമ്പ് മുഹമ്മദ് മുസ്‌ലിയാരില്‍ നിന്ന് ഖത്‌റുന്നദയും രിയാളുസ്സ്വാലിഹീനും ഓതി ദര്‍സ് ജീവിതം തുടങ്ങി. ഏഴ് കൊല്ലം ഇന്ത്യ മുഴുവനും ചുറ്റിക്കറങ്ങി. ഇടക്ക് ദര്‍സ് പഠനവും. 17 ാം വയസ്സില്‍ കീഴന ഉസ്താദിന്റെ അടുക്കല്‍ ജലാലയ്‌നി ഓതിക്കൊണ്ടിരിക്കുമ്പോഴാണ് ഭൂമിയിലൂടെ സഞ്ചരിക്കാനുള്ള ഖുര്‍ആനിക സൂക്തം തന്നെ ഇന്ത്യയുടെ പുറത്തേക്കുള്ള യാത്രയിലേക്കു തള്ളിമാറ്റുന്നത്.
ടൈഗ്രീസ് നദിയുടെ കുറുകെ ചെങ്കിസ്ഖാന്റെ സൈന്യം ബാഗ്ദാദിലെ ഗ്രന്ഥങ്ങള്‍ കൊണ്ട് പാലം നിര്‍മിച്ചിരുന്നല്ലോ. അവയില്‍ പെട്ട മുഫ്‌റദാത്തുല്‍ ഖുര്‍ആന്‍ എന്ന ഗ്രന്ഥം അബ്ദുല്ലാഹിബ്‌നു മുഹമ്മദ് അല്‍ മക്കി കണ്ടെടുത്തിരുന്നു. വെള്ളത്തില്‍ വീണ ശേഷം ഉണക്കി സൂക്ഷിച്ചതു പോലെ തോന്നിക്കുന്ന ആ ഗ്രന്ഥം മുഹ്‌യിദ്ദീന്‍ ശൈഖിന്റെ മഖ്ബറക്കരികിലുള്ള ലൈബ്രറിയില്‍ നിന്ന് കണ്ട കാര്യം മാത്രമേ അനുഭവമായി മൊയ്തു പറഞ്ഞുള്ളൂ.
ഇബാദത്തുകള്‍ പതിവുപോലെ നിര്‍വഹിക്കാന്‍ പറ്റാത്തതിലാണ് മൊയ്തുവിന് ഉത്കണ്ഠ. മുമ്പൊക്കെ മുത്വ്‌ലഖ് സുന്നത്തുകള്‍ ധാരാളം നിസ്‌കരിച്ചിരുന്നു. ഇപ്പോള്‍ അമ്പത് റക്അതൊക്കെയേ സാധിക്കുന്നുള്ളൂ! നോമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. എങ്കിലും എടുക്കും. അസ്വര്‍ സമയമായാല്‍ വിറയല്‍ തുടങ്ങും. ഛര്‍ദി വരും. അപ്പോള്‍ മുറിക്കും. (അങ്ങനെത്തന്നെയാണല്ലോ മസ്അല).
ഇതൊക്കെ കേട്ടപ്പോള്‍ ഞാന്‍ എന്നെക്കുറിച്ചൊന്നളന്നു. എല്ലാ ആരോഗ്യവുമുണ്ടായിട്ടും നമ്മുടെയൊക്കെ നിസ്‌കാരങ്ങള്‍ എത്ര ശുഷ്‌കമായിപ്പോകുന്നു? തരുവണയുടെ ഹൈ സ്പീഡ് തറാവീഹ് വായിച്ച് കുഞ്ഞുമോന്‍ അഹ്‌സനി പറഞ്ഞതോര്‍മ വരുന്നു. എന്റെ ഉപ്പ (വൈലത്തൂര്‍ ബാവ ഉസ്താദ്)ഞങ്ങളുടെ ഇമാമിന് പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നു. വജ്ജഹ്തു, അഊദു, അത്തഹിയ്യാതിലെ ദുആ, ദിക്‌റുകളിലെ തസ്‌ലീസ് ഇതൊന്നും ഒഴിവാക്കരുത്. ശക്തമായ സുന്നത്തുകളാണവ. എന്നാല്‍ പലതിനും ചുരുങ്ങിയ രൂപങ്ങളുണ്ട്. അതിനാല്‍ സമയം വല്ലാതെ വൈകുകയുമില്ല.
ചികിത്സിക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുകയാണ് ഈ സാഹസിക യാത്രികനെന്ന് വീട്ടിലെ സാഹചര്യങ്ങള്‍ കൊണ്ട് മനസ്സിലാകുന്നു.

Latest