Ongoing News
രണ്ടാം മാറാട്: 22 പ്രതികള്‍ക്ക് ജാമ്യം
ന്യൂഡല്‍ഹി: രണ്ടാം മാറാട് കേസിലെ 22 പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജാമ്യ വ്യവസ്ഥകള്‍ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും ജസ്റ്റിസ് എസ് ജെ മുഖോപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.
കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് കേരളാ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് മാറാട് പ്രദേശത്ത് സംഘര്‍ഷമുണ്ടാകുമെന്നും ജയിലിലുള്ള മറ്റു പ്രതികളും ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും ആയിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഇത് കോടതി പരിഗണിച്ചില്ല.
കേസില്‍ 63 പേരെയാണ് വിചാരണക്കോടതി 2012 ആഗസ്റ്റില്‍ തടവിന് ശിക്ഷിച്ചത്. ഇവരില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 22 പേരാണ് ജാമ്യാപേക്ഷ നല്‍കിയത്. പതിനൊന്നു വര്‍ഷമായി തങ്ങള്‍ ജയില്‍വാസം അനുഭവിക്കുകയാണെന്നും മാനുഷിക പരിഗണനവച്ച് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം.