Gulf
42 അപൂര്‍വ ഖുര്‍ആന്‍ പ്രതികളുടെ പ്രദര്‍ശനവുമായി ഷാര്‍ജ ഇസ്ലാമിക പുസ്തകമേള
ഷാര്‍ജ: ഖുര്‍ആനിന്റെ അപൂര്‍വമായ കയ്യെഴുത്തു പ്രതികളുടെ പ്രദര്‍ശനം ഒരുക്കി ഷാര്‍ജ ഇസ്ലാമിക പുസ്തകമേള ശ്രദ്ധേയമാകുന്നു. ഈജിപ്തിലെ പുരാവസ്തു ശേഖരത്തില്‍ സൂക്ഷിക്കുന്നതും ക്രിസ്തുവര്‍ഷം 1325-1411 കാലഘട്ടങ്ങള്‍ക്കിടയിലുള്ളതുമായ ഖുര്‍ആനിന്റെ വിവിധങ്ങളായ 42 കയ്യെഴുത്ത് പ്രതികളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഈജിപ്തിനു പുറത്ത് ആദ്യമായാണ് ഈ ഖുര്‍ആന്‍ പ്രതികള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ തലസ്ഥാനമായി ഷാര്‍ജയെ പ്രഖ്യാപിക്കപ്പെട്ടതിന്റെ ഭാഗമായാണ് ഇസ്‌ലാമിക പുസ്തകമേള നടക്കുന്നത്. ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് മേള ഒരുക്കിയിരിക്കുന്നത്.
ഈജിപ്തിലെ സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലെ ദാറുല്‍ കുതുബിന്റെ സഹകരണത്തോടെയാണ് ഷാര്‍ജയിലെ സാംസ്‌കാരിക വകുപ്പ് അപൂര്‍വമായ ഖുര്‍ആന്‍ പ്രതികള്‍ ഷാര്‍ജയിലെത്തിച്ചത്. ഇത്രയും നീണ്ട കാലത്തിനിടയില്‍ ഈജിപ്തില്‍ വരെ ഈ അപൂര്‍വ ഖുര്‍ആന്‍ പ്രതികള്‍ ഒരുമിച്ച് പ്രദര്‍ശിപ്പിച്ചിട്ടില്ലെന്ന് സംഘാടകര്‍ പറഞ്ഞു.
ഇസ്‌ലാമിക കലകളുടെയും സംസ്‌കാരത്തിന്റെയും നൂറ്റാണ്ടുകള്‍ നീണ്ട പൈതൃകത്തിന്റെ പ്രതീകങ്ങളാണ് ഖുര്‍ആനിന്റെ ഈ വിശേഷാല്‍ പ്രതികളെന്ന് എക്‌സ്‌പോ സെന്റര്‍ ഡയറക്ടര്‍ അഹ്മദ് ബിന്‍ റകാദ് അല്‍ ആമിരി പറഞ്ഞു. ഇത് പ്രദര്‍ശിപ്പിക്കാനുള്ള വേദിയൊരുക്കാന്‍ അവസരം കിട്ടിയതില്‍ ഏറെ അഭിമാനമുണ്ടെന്നും അല്‍ ആമിരി പറഞ്ഞു. ധാരാളം ജനങ്ങള്‍ പ്രദര്‍ശനം കാണാന്‍ എത്തുന്നുണ്ട്.