Connect with us

Ongoing News

ഗുഡ് ബൈ.....ഇനി റഷ്യയില്‍

Published

|

Last Updated

വാന്‍ പഴ്‌സിയുടെ വിസ്മയ ഹെഡ്ഡര്‍

നിറമുള്ള കാഴ്ചകളുടെ വസന്തങ്ങള്‍ തീര്‍ത്താണ് ഓരോ ലോകകപ്പ് പോരാട്ടങ്ങളും അവസാനിക്കാറുള്ളത്. മനുഷ്യന്റെ വൈകാരിക പ്രപഞ്ചമൊന്നാകെ ഒരു തുകല്‍ പന്തിന്റെ ആരോഹണ അവരോഹണ ക്രമത്തില്‍ സഞ്ചരിക്കുന്നതിന്റെ അമ്പരപ്പിക്കുന്ന അവസ്ഥ. വാഴുന്നവരുടെ സന്തോഷവും മുറിവേറ്റ് വീണു പോകുന്നവരുടെ കണ്ണീരും മൈതാനങ്ങളെയും, ഗ്യാലറികളെയും ഒരേ തട്ടില്‍ നിര്‍ത്തുന്നു.. ബ്രസീല്‍ ലോകകപ്പ് അവസാനിച്ചു. ഇനി നാല് വര്‍ഷത്തിന്റെ കാത്തിരിപ്പാണ്. അടുത്ത നാല് വര്‍ഷത്തേക്ക് ജര്‍മനിയാണ് ഫുട്‌ബോളിലെ അതികായര്‍. നാല് വര്‍ഷങ്ങള്‍ക്കപ്പുറം 2018ല്‍ റഷ്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ബ്രസീലില്‍ നിന്ന് പന്ത് ഉരുളാന്‍ തുടങ്ങുന്നു തകര്‍ച്ചകളും ഉയിര്‍ത്തെഴുന്നേല്‍പ്പുകളും ഏറെ കണ്ട ചരിത്രമുറങ്ങുന്ന റഷ്യന്‍ മണ്ണിലേക്ക്…

തീര്‍ച്ചയായും പിന്‍തിരിഞ്ഞ് നോക്കേണ്ടതുണ്ട്…
ജൂണ്‍ പന്ത്രണ്ടിന് ക്രൊയേഷ്യന്‍ വലയിലേക്ക് മാഴ്‌സലോയുടെ സെല്‍ഫ് ഗോള്‍ അബദ്ധത്തില്‍ വന്ന് പതിഞ്ഞത് മുതല്‍ ഗോളുകളാല്‍ സമ്പന്നമായിരുന്നു ഇത്തവണത്തെ ലോകകപ്പ്. ആക്രമണത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങളും കുഞ്ഞന്‍ സംഘങ്ങളെന്ന് പേര് ചൊല്ലി വിളിച്ചവര്‍ വമ്പന്‍മാരെ വിറപ്പിക്കുന്നതിനും ലോകം സാക്ഷിയായി. മത്സരിച്ച 32 ടീമുകളും ഒന്നിനൊന്ന് മെച്ചം. ആര്‍ക്കും ആരെയും തോല്‍പ്പിക്കാമെന്ന സോഷ്യലിസം പരക്കെ കൈയടി വാങ്ങി.
64 മത്സരങ്ങളില്‍ നിന്ന് ഒട്ടാകെ പിറന്നത് 171 ഗോളുകളായിരുന്നു. അതില്‍ തന്നെ രണ്ട് ലോക ചാമ്പ്യന്‍മാരായ ടീമുകള്‍, ആതിഥേയരായ ബ്രസീല്‍, ജര്‍മനിയോട് 7-1നും കഴിഞ്ഞ തവണ കിരീടം നേടിയ സ്‌പെയിന്‍, ഹോളണ്ടിനോട് 5-1നും ദയനീയമായി കീഴടങ്ങിയതായിരുന്നു ഹൈലൈറ്റ്. ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോയുടെ 15 ലോകകപ്പ് റെക്കോര്‍ഡുകള്‍ ജര്‍മനിയുടെ മിറോസ്ലോവ് ക്ലോസെ റൊണാള്‍ഡോയെ സാക്ഷിയാക്കി ബ്രസീലിനെതിരെ തന്നെ 16 ഗോളുകളാക്കി തിരിത്തിക്കുറിച്ചതും ഫുട്‌ബോളിലെ മറ്റൊരു യാദൃശ്ചികത. ക്ലോസെക്ക് 36 വയസ്സായി. അടുത്ത ലോകകപ്പില്‍ അദ്ദേഹത്തെ കാണില്ല. ഇറ്റലിയന്‍ മധ്യനിരയുടെ മാന്ത്രികനായ പിര്‍ലോ അവരുടെ അതികായനായ ഗോളിയും നായകനുമായ ബുഫണ്‍, സ്പാനിഷ് താരങ്ങളായ കാസിയസ്, ഷാവി… ഇനിയൊരങ്കത്തിന് ബാല്യമില്ലാത്തവരുടെ നീണ്ട നിരയും പുതു നിരക്കായി വഴി മാറികൊടുക്കുന്നു. അവിടെ കാത്തു നില്‍ക്കുന്നുണ്ട്… റോഡ്രിഗസും പോഗ്ബയും ഗോട്‌സെയുമെല്ലാം. ഇനി വരാനിരിക്കുന്നത് അവരുടെ നാളുകളാണ്.
വിസ്മയ ഗോളുകള്‍
വിസ്മയിപ്പിക്കുന്ന ഗോളുകളുടെ പെരുമഴക്കാലമായിരുന്നു ഇത്തവണ. ഫൈനല്‍ പോരാട്ടത്തിലെ ജര്‍മനിയുടെ വിജയ ഗോള്‍ നേടിയ മരിയോ ഗോട്‌സെയുടെ നാടകീയ ഫിനിഷിംഗില്‍ വരെയുണ്ടായിരുന്നു മാസ്മരിക ടച്ച്. ഹോളണ്ട്- സ്‌പെയിന്‍ മത്സരത്തിലായിരുന്നു അതിന്റെ തുടക്കം. റോബിന്‍ വാന്‍ പഴ്‌സിയെന്ന ഹോളണ്ട് നായകന്‍ അസമാന്യ ആംഗിളില്‍ നിന്ന് പന്ത് ഹെഡ്ഡ് ചെയ്ത് ഇകര്‍ കാസിയസിനെ സ്തബ്ധനാക്കി ഗോള്‍ നേടിയപ്പോള്‍ ലോകം മുഴുവന്‍ കണ്ണും തള്ളിയിരുന്നു. ആസ്‌ത്രേലിയയുടെ ടിം കാഹില്‍ ഹോളണ്ടിനെതിരെ നേടിയ ഗോളായിരുന്നു പിന്നാലെയെത്തിയത്. സഹതാരം നല്‍കിയ പാസ് നിലംതൊടും മുമ്പ് ഹോളണ്ട് വലയിലേക്ക് ഒരു വോളിയിലൂടെ പറത്തുകയായിരുന്നു കാഹില്‍. ആറ് ഗോളുകള്‍ നേടി ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ക്കുള്ള സുവര്‍ണ പാദുകം സ്വന്തമാക്കിയ കൊളംബിയയുടെ പുതിയ താരോദയം ജെയിംസ് റോഡ്രിഗസിന്റെ ഗോളും അത്തരത്തിലൊന്നായിരുന്നു. ഉറുഗ്വെക്കെതിരെയുള്ള പോരാട്ടത്തില്‍ ക്വഡ്രാഡോയുടെ ഹെഡ്ഡര്‍ പാസ് നെഞ്ചില്‍ സ്വീകരിച്ച് ഒന്നുവെട്ടിത്തിരിഞ്ഞ് പ്രതിരോധക്കാരെ കാഴ്ചക്കാരാക്കി റോഡ്രിഗസ് തൊടുത്ത ഇടംകാലന്‍ ഷോട്ട് പ്രതിഭയുടെ ധാരാളിത്തം മുഴുവന്‍ ചാലിച്ച ഗോളായിരുന്നു. ഡേവിഡ് ലൂയീസ് കൊളംബിയക്കെതിരെ നേടിയ ഫ്രീകിക്ക് ഗോള്‍. ഒരു പെനാല്‍റ്റിയെടുക്കുന്ന ലാഘവത്തോടെ ലൂയീസ് പറത്തിയ ബുള്ളറ്റ് കണക്കെയുള്ള ഷോട്ട് കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലാണ് വലയില്‍ തൊട്ടത്. സമാനമായിരുന്നു ഹോളണ്ട് താരം വെസ്‌ലി സ്‌നൈഡര്‍ മെക്‌സിക്കോക്കെതിരായ നിര്‍ണായക പ്രീ ക്വാര്‍ട്ടറില്‍ തൊടുത്ത ഷോട്ട്. പവര്‍ ഷോട്ടില്‍ പിറന്ന ആ ഗോളാണ് ഓറഞ്ച് പടയുടെ ഭാവി നിര്‍ണയിച്ചതും. മെസി, നെയ്മര്‍, മുള്ളര്‍, ആര്യന്‍ റോബന്‍, ബെന്‍സിമ… ഗോളടിച്ചവരുടെ പട്ടിക നീളും. സൂപ്പര്‍ താരങ്ങളെന്ന് വിളിച്ചവരെല്ലാം മികവ് പുറത്തെടുത്ത് കാണികളെ ഉന്മത്തരാക്കിയെന്നതും ഇത്തവണ ശ്രദ്ധേയമായി.
കോസ്റ്ററിക്കന്‍ വിപ്ലവം
ഇറ്റലി, ഇംഗ്ലണ്ട്, ഉറുഗ്വെ മൂന്ന് മുന്‍ ലോകചാമ്പ്യന്‍മാരുടെ ഗ്രൂപ്പില്‍ പെട്ട കോസ്റ്ററിക്കയെക്കുറിച്ച് ടൂര്‍ണമെന്റ് തുടങ്ങും മുമ്പ് എല്ലാവരും സഹതപിച്ചിരുന്നു. മൂന്ന് കൊമ്പന്‍മാരില്‍ രണ്ട് പേര്‍ അടുത്ത റൗണ്ടെന്നും ചിലര്‍ അച്ച് നിരത്തി. എന്നാല്‍ കഥയും തിരക്കഥയും മാറ്റി കോസ്റ്ററിക്ക പുതിയ ചരിത്രമെഴുതി. ആദ്യം ഉറുഗ്വെ, പിന്നെ ഇറ്റലി ഒടുവില്‍ ഇംഗ്ലണ്ട്. പ്രീ ക്വാര്‍ട്ടറില്‍ യൂറോ ചാമ്പ്യന്‍മാരായ ഗ്രീസിനെ കീഴടക്കി അവര്‍ ആദ്യമായി ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. അവിടെ ഹോളണ്ടിനെ വിറപ്പിച്ച് പരാജയം സമ്മതിച്ചെങ്കിലും ലോകം അവിശ്വസനീയതോടെ നോക്കി നില്‍ക്കുകയായിരുന്നു അവരുടെ പോരാട്ടവീര്യം. കെയ്‌ലര്‍ നവാസെന്ന ഗോളിയുടെ മികവായിരുന്നു അവര്‍ക്ക് കരുത്തായത്.
വാന്‍ ഗാലിന്റെ തന്ത്രങ്ങള്‍
ഹോളണ്ട് കോച്ച് ലൂയീസ് വാന്‍ ഗാലിന്റെ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ലോകകപ്പ് ടീമിലിടം പിടിച്ച 23 താരങ്ങള്‍ക്കും അദ്ദേഹം കളിക്കാന്‍ അവസരം നല്‍കി. ക്വാര്‍ട്ടറില്‍ കോസ്റ്റാറിക്കന്‍ പ്രതിരോധം 120 മിനുട്ടും ഹോളണ്ട് ആക്രമണ നിരയെ വരിഞ്ഞുകെട്ടിയപ്പോള്‍ ഷൂട്ടൗട്ടിന് തൊട്ടുമുമ്പ് അതുവരെ ഗോള്‍ വല കാത്ത സില്ലെസനെ മാറ്റി ടിം ക്രൂളിനെ ഇറക്കി വാന്‍ ഗാല്‍ നടത്തിയ പരീക്ഷണം വിജയം കണ്ടു. കോസ്റ്ററിക്കയുടെ രണ്ട് കിക്കുള്‍ ക്രൂള്‍ തടഞ്ഞു. പക്ഷേ സെമിയില്‍ അര്‍ജന്റീനയോടുള്ള കളിയില്‍ സമാന തന്ത്രം പ്രയോഗിക്കാന്‍ കഴിയാതെ നിസ്സഹയാനായി പോയ വാന്‍ ഗാലിനെയും കാണാന്‍ സാധിച്ചു.
ഗോളിമാരുടെ ലോകകപ്പ്
പെനാല്‍റ്റി കിക്ക് കാത്ത് നിന്ന ഗോളിയുടെ ഏകാന്തതയിലല്ലായിരുന്നു ഇത്തവണ പല ടീമിന്റെയും ഗോളിമാര്‍. പേരുകള്‍ മാത്രമെ മാറുന്നുണ്ടായിരുന്നുള്ള ആരാണ് ഗംഭീരം എന്ന തിരഞ്ഞെടുപ്പ് കടുപ്പം. ഗോള്‍ഡന്‍ ഗ്ലൗവിന് അര്‍ഹനായ മാനുവല്‍ നൂയര്‍ ഒരേ സമയം കീപ്പര്‍ കം സ്വീപ്പര്‍ റോളിലായിരുന്നു. ആത്മവിശ്വാസത്തിന്റെ ആള്‍ രൂപമായി നൂയര്‍ നില കൊണ്ടപ്പോള്‍ പ്രതിരോധ പാളിച്ചകളെ അനായാസം ജര്‍മനി മറികടന്നു. മെക്‌സിക്കോയുടെ ഒചോവ, അമേരിക്കയുടെ ടിം ഹോവാര്‍ഡ്, അള്‍ജീരിയയുടെ എംപോളി, നൈജീരിയയുടെ എന്‍യേമ, അര്‍ജന്റീനയുടെ റൊമേറോ പട്ടിക തീരുന്നില്ല…
സുവാരസിന്റെ കടി
ഹീറോയില്‍ നിന്ന് സീറോയിലേക്കുള്ള പ്രയാണം വളരെ വേഗത്തില്‍ കാട്ടിത്തന്നു ഉറുഗ്വെന്‍ താരം ലൂയി സുവാരസ്. പരുക്കേറ്റ് കോസ്റ്ററിക്കക്കെതിരെ കളിക്കാതിരുന്ന സുവാരസ് ടീമിന്റെ പരിതാപകരമായ അവസ്ഥ കണ്ട് പരുക്ക് വക വെക്കാതെ ഇംഗ്ലണ്ടിനെതിരെ പോരിനിറങ്ങി. രണ്ട് ഗോളടിച്ച ഉറുഗ്വെയുടെ രക്ഷകനായ താരം പക്ഷെ ഇറ്റലിക്കെതിരായ മത്സരത്തില്‍ ഇറ്റാലിയന്‍ താരം ചെല്ലിനിയെ കടിച്ചത് വിവാദമായി. റഫറി കണ്ടില്ലെങ്കിലും ലോകം മുഴുവന്‍ അത് കണ്ടു. പിന്നാലെ വിലക്ക് മറ്റ് ചര്‍ച്ചകള്‍, നൂലാമാലകള്‍. നാട്ടിലെത്തി സുവാരസ് ലാഘവത്തോടെ പറഞ്ഞു കളിയാകുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കും.
ബ്രസീലിന്റെ വീഴ്ച, ടിക്കി ടാക്കയുടെയും
ഒട്ടും പ്രതീക്ഷിക്കാത്ത അടിയായിരുന്നു ആതിഥേയരായ ബ്രസീലിന് കിട്ടിയത്. 1950ലെ മാറക്കനാസോ ദുരന്തം മറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ജര്‍മനിയും ഹോളണ്ടും ചേര്‍ന്ന് നല്‍കിയത് വലിയ മുറിവ്. രണ്ട് മത്സരങ്ങളില്‍ നിന്ന് പത്ത് ഗോള്‍ വഴങ്ങി അവര്‍ നാണംകെട്ടു. രണ്ട് മത്സരങ്ങള്‍ തോറ്റ് സ്‌പെയിന്‍ മടങ്ങിയത് ദുരന്ത കാഴ്ചയായി. ടിക്കി- ടാക്കയെന്ന സുന്ദരന്‍ ഗെയിമിന് പ്രായമായത് ലോകം എന്നോ തിരിച്ചറിഞ്ഞു. പക്ഷെ സ്പാനിഷ് കോച്ച് ഡെല്‍ബോസ്‌ക് അതറിഞ്ഞില്ല. കുറിയ പാസിന്റെ സങ്കീര്‍ണതയറിയാതെ സ്‌ട്രൈക്കര്‍ ലൂയി കോസ്റ്റ നിസ്സഹായനായി നിലകൊണ്ടു. അവസാന മത്സരത്തില്‍ അവര്‍ ആസ്‌ത്രേലിയയെ കീഴടക്കിയത് 3-0ത്തിന്. ഗോളുകള്‍ നേടിയത് ആദ്യ രണ്ട് മത്സരങ്ങളിലും ഒരു സെക്കന്റ് പോലും കളിത്തിലിറങ്ങാതിരുന്ന വിയയും മാറ്റയും. പ്രതിഭാധനനായ ഫാബ്രിഗസ് മൂന്ന് മത്സരങ്ങളിലും ബെഞ്ചിലിരുന്നു.
നെയ്മറിന്റെ പരുക്ക്,
ലൂയീസിന്റെ വൈകാരികത
ക്വാര്‍ട്ടറിലെ കൊളംബിയക്കെതിരായ പോരാട്ടത്തില്‍ ബ്രസീല്‍ നടത്തിയത് 31 ഫൗളുകളാണ്. അവര്‍ സെമിയിലെത്തി. അതിന്റെ അന്തിമ കണക്കെടുപ്പില്‍ പക്ഷെ വന്‍ വില നല്‍കേണ്ടി വന്നത് അവര്‍ക്കു തന്നെ. സൂപ്പര്‍ താരം നെയ്മറിന് നട്ടെല്ലിന് ക്ഷതമേറ്റതിന്റെ ഉത്തരവാദി ഒരു കണക്കിന് കോച്ച് സ്‌കൊളാരി തന്നെയാണ്. ഫിസിക്കല്‍ ഗെയിമിലൂടെ വിജയിക്കാനുള്ള സ്‌കൊളാരിയുടെ തന്ത്രം അവരുടെ എല്ലാ പ്രതീക്ഷകളും തകിടം മറിച്ചു. നെയ്മര്‍ പുറത്തായതോടെ അവര്‍ക്ക് സംഭവിച്ചത് ലോകം കണ്ടു.
കൊളംബിയക്കെതിരായ ഗോള്‍ നേടിയ ഡേവിഡ് ലൂയീസിന്റെ ആഹ്ലാദം കണ്ടു നില്‍ക്കുന്നവരെ പോലും ആവേശത്തിലാക്കും. ജര്‍മനിയോട് തോറ്റപ്പോള്‍ ലൂയീസിന്റെ കരഞ്ഞ് കലങ്ങിയ കണ്ണുകളില്‍ ഒരു സ്വപ്‌നം പൊലിഞ്ഞതിന്റെ എല്ലാ വേദനയും ഉണ്ടായിരുന്നു.
അവസാനിക്കാത്ത കിനാവുകള്‍
സാധാരണ ലോകകപ്പ് സമയത്ത് നല്ല മഴയുണ്ടാകുമായിരുന്നു. ഇത്തവണ പക്ഷേ പ്രതീക്ഷിച്ച രീതിയിലല്ല മഴ. എങ്കിലും ജര്‍മനി 7-1ന് ബ്രസീലിനെ നിലംപരിശാക്കിയ മത്സരത്തിനിടെ പുറത്ത് മഴ തകര്‍ക്കുന്നുണ്ടായിരുന്നു… ലോകകപ്പിനെ കുറിച്ച് ഓര്‍ക്കാന്‍ ഇനിയുമുണ്ടാകും… ചിലത് അപൂര്‍ണമായി അങ്ങനെ നില്‍ക്കട്ടെ… അത് അനിവാര്യതയാണ്… അവസാന പോരില്‍ മെസിക്കും ഹിഗ്വെയ്‌നും ലഭിച്ച കനകാവസരം ഗോളാക്കാന്‍ കഴിയാതെ പോയ നിമിഷം പോലെ അനിവാര്യം. കാരണം ഈ യാത്ര അവസാനിക്കുന്നില്ല. ചിരിയും കണ്ണീരും കിനാവും ചേര്‍ത്ത സമ്മിശ്രമായ ആനന്ദത്തിന്റെ അവസാനിക്കാത്ത അറ്റമില്ലാത്ത യാത്രയാണിത്… ടൂര്‍ണമെന്റിന് മുമ്പ് ലോകം ഭയപ്പെട്ടതൊന്നും ബ്രസീലില്‍ സംഭവിച്ചില്ല. അവര്‍ സംഘാടനം കുറ്റമറ്റ രീതിയില്‍ തന്നെ നടപ്പാക്കി. അതിഥികളെ സ്വീകരിച്ചും യാത്രയാക്കിയും അവര്‍ 2016ലെ ഒളിമ്പിക്‌സിനായുള്ള ഒരുക്കങ്ങളിലേക്ക് മുഴകാനുള്ള തയ്യാറെടുപ്പിലാണ്… ഒബ്രിഗാദോ (നന്ദി) … ബ്രസീല്‍.