Health
2030 ഓടെ എയ്ഡ്‌സ് നിയന്ത്രണ വിധേയമാകും: ഐക്യരാഷ്ട്ര സഭ
യുണൈറ്റഡ് നാഷന്‍സ്: 2030ഓടെ എയ്ഡ്‌സ് രോഗത്തെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാനാകുമെന്ന് യു എന്‍. അടുത്തയാഴ്ച ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര എയ്ഡ്‌സ് സമ്മേളനത്തിന് മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് യു എന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. എല്ലാ രാജ്യത്തും, എല്ലാ മേഖലയിലും, എല്ലാ പ്രദേശത്തും, എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലും എയ്ഡ്‌സിനെ ഇല്ലാതാക്കാനാകുമെന്ന് യു എന്‍. എയ്ഡ്‌സ് ഡയറക്ടര്‍ മിച്ചെല്‍ സിദിബെ പറഞ്ഞു.
എയ്ഡ്‌സ് രോഗികളുടെ എണ്ണം ലോകത്ത് കുറഞ്ഞുവരികയാണ്. എയ്ഡ്‌സ് രോഗം നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്ന് മുമ്പത്തേതിനേക്കാള്‍ പ്രതീക്ഷ ഇപ്പോഴുണ്ട്. 35 ദശലക്ഷം എയ്ഡ്‌സ് രോഗികളാണ് ഇപ്പോള്‍ ലോകത്തുള്ളത്. 1980ല്‍ ആദ്യമായി എയ്ഡ്‌സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം 78 ദശലക്ഷം പേര്‍ക്കാണ് രോഗം പിടിപെട്ടത്. ഇവരില്‍ 39 ദശലക്ഷം ആളുകള്‍ മരണത്തിന് കീഴടങ്ങിയെന്നും യു എന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.