Kerala
വീക്ഷണം എഡിറ്റോറിയല്‍ ദുരുദ്ദേശ്യപരമെന്ന് ലീഗ്

കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുഖപത്രം ഉന്നയിച്ച ആരോപണങ്ങള്‍ ദുരുദ്ദേശ്യപരമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. വിദ്യാഭ്യാസ വകുപ്പിലെ തീരുമാനങ്ങളെല്ലാം മന്ത്രിസഭ ഒറ്റക്കെട്ടായി എടുക്കുന്നതാണ്. പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന പരാമര്‍ശം കൃത്രിമമായ കണക്കാണ്. നാലര ലക്ഷത്തിലധികം പേര്‍ എസ് എസ് എല്‍ സി പരീക്ഷ ജയിക്കുമ്പോള്‍ മൂന്നര ലക്ഷത്തിലധികം (3,61,170) പ്ലസ് വണ്‍ സീറ്റുകള്‍ മാത്രമാണുള്ളത്. മലബാറില്‍തന്നെ അറുപതിനായിരത്തോളം സീറ്റുകളുടെ കുറവുണ്ട്. പുതിയ വര്‍ധനവ് നേരിയ ആശ്വാസം മാത്രമാണ് നല്‍കുന്നത്.
സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു എന്ന പരാമര്‍ശമുള്ള മുഖപ്രസംഗത്തില്‍തന്നെ കുട്ടികള്‍ പ്രവേശനം കിട്ടാതെ ഉഴലുന്നു എന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതു വിരോധാഭാസമാണ്. പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് ഏറ്റവുമധികം കുട്ടികള്‍ ആകര്‍ഷിക്കപ്പെട്ട വിദ്യാഭ്യാസ വര്‍ഷമാണിത്. അര്‍ഹതയുള്ള പ്രദേശങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും കോഴ്‌സുകള്‍ അനുവദിക്കണമെന്നാണ് മുസ്‌ലിംലീഗിന്റെ അഭിപ്രായം.
കൃത്യമായ കണക്കുകളുടെയും നിയമത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമുള്ള ഈ ആവശ്യം സര്‍ക്കാര്‍ ജനങ്ങളോട് ചെയ്യേണ്ട നീതിയാണ്. തികച്ചും സദുദ്ദേശ്യപരമായ ഈ നിലപാടിനെ ദുര്‍വ്യാഖ്യാനം ചെയ്ത് വിദ്യാഭ്യാസ വകുപ്പിനെയും മുസ്‌ലിംലീഗിനെയും ഒറ്റപ്പെടുത്തി ആക്രമിക്കാമെന്ന് ആരും കരുതേണ്ടെന്നും മജീദ് പറഞ്ഞു.