International
മലേഷ്യന്‍ വിമാനം വെടിവെച്ചിട്ടു: 295 മരണം
മോസ്‌കോ: 295 യാത്രക്കാരുമായി മലേഷ്യന്‍ യാത്രാ വിമാനം ഉെ്രെകനില്‍ തകര്‍ന്നുവീണു. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം എച്ച് 17 വിമാനമാണ് തകര്‍ന്നുവീണത്. റഷ്യന്‍ അതിര്‍ത്തിക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണതെന്ന് വ്യോമയാന കേന്ദ്രമായ ഇന്റര്‍ഫാക്‌സ് വൃത്തങ്ങള്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന 295 യാത്രക്കാരും മരിച്ചതായി സംശയിക്കുന്നു. 280 യാത്രക്കാരും 15 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ മലേഷ്യന്‍ ഗവണ്‍മെന്റും ഉക്രൈന്‍ ഗവണ്‍മെന്റും അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. തീവ്രവാദി ആക്രമണമാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് പൊറോഷെങ്കോ പറഞ്ഞു.
ആംസ്‌റ്റെര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പുറപ്പെട്ട ബോയിംഗ് 777 വിമാനമാണ് തകര്‍ന്നുവീണത്. വിമാനം തകര്‍ന്നുവീണ വിവരം മലേഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനം വെടിവെച്ചിട്ടതാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. റഷ്യന്‍ വിഘടനവാദികളുമായി ഉക്രൈന്‍ സൈന്യം ഏറ്റുമുട്ടല്‍ നടത്തുന്ന മേഖലയില്‍ വിമാനം പ്രവേശിച്ച ശേഷമാണ് തകര്‍ന്നുവീണത്. ഇതാണ് വിമാനം വെടിവെച്ചിട്ടതാകാമെന്ന സംശയത്തിന് ഇട നല്‍കുന്നത്. ഉക്രൈന്‍ സൈനികരാണ് വിമാനം വെടിവെച്ചിട്ടതെന്ന് ഉക്രൈന്‍ വിഘടനവാദി നേതാവ് അലക്‌സാണ്ടര്‍ ബൊറോദായ് ആരോപിച്ചു. എന്നാല്‍ വിമാനം വെടിവെച്ചിട്ടതായി സ്ഥിരീകരിക്കുന്ന ഒരു വിവരവും ഇല്ലെന്ന് മലേഷ്യന്‍ പ്രതിരോധ മന്ത്രി ഹിശാമുദ്ദീന്‍ ഹുസൈന്‍ ട്വിറ്റ് ചെയ്തു.
ഷക്‌ത്യോര്‍ക്‌സ് നഗരത്തിന് പതിനായിരം മീറ്റര്‍ മുകളില്‍ എത്തിയപ്പോള്‍ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായതായി ഇന്റര്‍ഫാക്‌സ് വൃത്തങ്ങള്‍ പറഞ്ഞു. ഉക്രൈന്‍ വ്യോമാതിര്‍ത്തിയില്‍ നിന്നാണ് വിമാനം കാണാതായതെന്ന് മലേഷ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ ട്വീറ്റ് ചെയ്തു.
അതേസമയം, വിമാനം വെടിവെച്ചിട്ടതാണെന്ന സംശയം ബലപ്പെട്ടതോടെ ഇതുവഴിയുള്ള വിമാനങ്ങള്‍ പലതും വഴിതിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഉക്രൈന്റെ വ്യോമ പരിധി വഴി തങ്ങളുടെ വിമാനങ്ങള്‍ അയക്കില്ലെന്ന് തുര്‍ക്കിഷ് എയര്‍ലൈന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. ഇൗ വഴി ഉപേക്ഷിക്കുമെന്ന് എയര്‍ ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്.
239 യാത്രക്കാരുമായി മലേഷ്യന്‍ എയര്‍ലൈന്‍സ് എം എച്ച് 370 വിമാനം കാണാതായി മാസങ്ങള്‍ക്കുള്ളിയാണ് മറ്റൊരു വന്‍ ദുരന്തം മലേഷ്യയെ തേടിയെത്തുന്നത്. 2013 മാര്‍ച്ച് എട്ടിന് ക്വാലാലംപൂരില്‍ നിന്ന് ബീജിംഗിലേക്ക് പുറപ്പെട്ട വിമാനത്തെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിമാനം തകര്‍ന്നുവീണിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് മലേഷ്യന്‍ അധികൃതര്‍. ലോകത്തെ വിവിധ രാജ്യങ്ങളുടെ സഹായത്തോടെ ലോകം കണ്ട ഏറ്റവും വലിയ തിരച്ചിലാണ് എം എച്ച് 370ന് വേണ്ടി നടന്നത്. പക്ഷേ, മാസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിലും ഒരു വിവരവും ലഭിച്ചിട്ടില്ല.