Connect with us

Kerala

പച്ചക്കറിയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കൃഷിവകുപ്പ്

Published

|

Last Updated

മലപ്പുറം: പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കൃഷി വകുപ്പ് വിവിധ പദ്ധതികള്‍ തയ്യാറാക്കുന്നു. 2015-2016ല്‍ 8.69 ലക്ഷം ടണ്‍ പച്ചക്കറി ഉത്പാദിപ്പിച്ച് സ്വയം പര്യാപ്തത നേടുകയാണ് പ്രധാന ലക്ഷ്യം. സംയോജിത കൃഷി രീതികളിലൂടെ സുസ്ഥിര കൃഷി ലക്ഷ്യമാക്കിയുള്ള സമഗ്ര വികസന പരിപാടിയുടെ ഭാഗമായി മൂന്ന് മേഖലാ ഡയറക്ടറേറ്റുകള്‍ രൂപവത്കരിക്കും. കൂടാതെ കണ്ണൂര്‍ ആസ്ഥാനമായി ഉത്തര മേഖലാ ഡയറക്ടറേറ്റ് രൂപവത്കരിക്കാനും പദ്ധതികള്‍ തയ്യാറായിട്ടുണ്ട്. കേര സമൃദ്ധിയുടെ ഭാഗമായി കുറിയ തെങ്ങിന്‍ തൈ ഉദ്പാദനം 2016 ഫെബ്രുവരി മാസത്തോടെ സംസ്ഥാനത്ത് 10 ലക്ഷമായി വര്‍ധിപ്പിക്കും. തിരഞ്ഞെടുത്ത 39 ബ്ലോക്കുകളിലെ 271 ഗ്രാമ പഞ്ചായത്തുകളിലും രണ്ട് കോര്‍പ്പറേഷനിലും കീടരോഗ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. കൂടാതെ വിള ആരോഗ്യ ക്ലിനിക്കുകള്‍ ഗ്രാമ പഞ്ചായത്ത് തലങ്ങളിലും ആരംഭിക്കാനും പദ്ധതികളുണ്ട്. കൃഷി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത 18.77 ലക്ഷം കര്‍ഷകര്‍ ഉള്‍പ്പടെ 20 ലക്ഷം കര്‍ഷകര്‍ക്ക് അഗത്തി, കറിവേപ്പില, പപ്പായ, മുരിങ്ങ എന്നീ വിളകളുടെ തൈകള്‍ പ്രാദേശികമായി തന്നെ ഉത്പാദിപ്പിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വിതരണം ചെയ്യും. കൊല്ലം, പാലക്കാട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഇപ്പോള്‍ നടപ്പാക്കുന്ന ലീഡ്‌സ് പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കും. തിരഞ്ഞെടുത്ത നിയോജക മണ്ഡലങ്ങളില്‍ കൃഷി അനുബന്ധ മേഖലകളുടെ സമഗ്ര വികസനത്തിനായി നിറവ് പദ്ധതി നടപ്പിലാക്കും. കൃഷിവകുപ്പ് തോട്ടങ്ങളെ ഉത്പാദന കേന്ദ്രങ്ങളാക്കി മാറ്റുകയും കര്‍ഷകര്‍ക്ക് പരിശീലനം നല്‍കാന്‍ ഇവിടങ്ങളില്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും. ഗ്രീന്‍ഹൗസ്, ടിഷ്യൂകള്‍ച്ചര്‍, വിത്ത് ശേഖരണവും സംഭരണവും തുടങ്ങി ആധുനിക സൗകര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലക്ഷം യുവജനങ്ങള്‍ക്ക് തൊഴില്‍ദാന പദ്ധതിയുടെ ഭാഗമായി യുവ കര്‍ഷകര്‍ക്ക് ബേങ്ക് വായ്പ ലഭ്യമാക്കി ഇവരെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കും. വിദ്യാലയങ്ങളില്‍ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനവും മാലിന്യ സംസ്‌കരണവും ലക്ഷ്യമാക്കി ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കും. 2015 മാര്‍ച്ചിന് മുമ്പ് 3825 വിദ്യാലയങ്ങളില്‍ ഇത്തരത്തില്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. നടപ്പുസാമ്പത്തിക വര്‍ഷം ബജറ്റില്‍ പ്രഖ്യാപിച്ചതും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതും ചേര്‍ത്ത് 50 അഗ്രോ സര്‍വീസ് സെന്ററുകള്‍ അടുത്ത വര്‍ഷത്തോടെ തുടങ്ങും. കേരള കാര്‍ഷിക സര്‍വകലാശാലയെ ആധുനിക സൗകര്യങ്ങളോട് കൂടിയ റേഡിയോ ട്രേസര്‍ ലാബ്, ഹൈര്‍ബല്‍ ഡ്രഗ്‌സ് ലാബ്, മൈക്രോബിയല്‍ ഇനോക്കുലന്റ് ലാബ് എന്നിവ സ്ഥാപിച്ച് ആന്താരാഷ്ട്ര നിലവാരവുള്ള അംഗീകൃത പരിശോധനാ കേന്ദ്രമാക്കി മാറ്റും. സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനായി ആനയറയില്‍ പ്രവര്‍ത്തിക്കുന്ന സമേതിയില്‍ പച്ചക്കറി, പുഷ്പ കൃഷിക്കായുള്ള ഒരു കേന്ദ്രം നെതര്‍ലാന്റ് സര്‍ക്കാറിന്റെ സഹായത്തോടെ നിര്‍മിക്കും. കണ്ണൂര്‍, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍ പച്ചക്കറി കൃഷിക്ക് ക്ലസ്റ്റര്‍ യൂനിറ്റുകള്‍ രൂപവത്കരിച്ച് 3500 ഹെക്ടറില്‍ സങ്കരയിനം പച്ചക്കറി കൃഷിയും വ്യാപിപ്പിക്കും. ഇടുക്കിയിലും വയനാട്ടിലും 1500 ഏക്കറില്‍ സ്‌ട്രോബറി കൃഷിക്കുള്ള സാങ്കേതിക സഹായങ്ങള്‍ കൃഷിവകുപ്പ് മുഖേന ലഭ്യമാക്കും. കേരളത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പഴം, പച്ചക്കറി, പുഷ്പങ്ങള്‍, ഔഷധ സസ്യങ്ങള്‍, തേന്‍, കൂണ്‍ എന്നിവ മില്‍മ മാതൃകയില്‍ നേരിട്ട് സംഭരിച്ച് വിപണിയിലെത്തിക്കാന്‍ പ്രത്യേക വിപണികള്‍ കണ്ടെത്തും. തിരുവനന്തപുരം വേള്‍ഡ് മാര്‍ക്കറ്റ്, കൊച്ചി,കാക്കനാട് ഹോര്‍ട്ടി കോര്‍പ്പ് ഉടമസ്ഥതയില്‍ മധ്യമേഖലാ യൂനിയന്‍,കോഴിക്കോട് വെങ്ങേരി വേള്‍ഡ് മാര്‍ക്കറ്റ് ആസ്ഥാനമായി ഉത്തര മേഖലാ യൂനിയന്‍ എന്നിവ രൂപവത്കരിക്കും. ഇവ ജില്ലാ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. ഇതിന് കൃഷിഭവനുകള്‍ പ്രാദേശിക സംഭരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. കേരളത്തിന് നിത്യേന ആവശ്യമായ പച്ചക്കറികള്‍ക്ക് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേട് 2016 ആവുന്നതോടെ ഇല്ലാതാകുമെന്നാണ് കൃഷിവകുപ്പിന്റെ കണക്കുക്കൂട്ടല്‍.

Latest