Connect with us

International

ഇസ്‌റാഈല്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ഫ്രാന്‍സ് നിരോധിച്ചു

Published

|

Last Updated

പാരീസ്: ഗാസയില്‍ സാധാരണക്കാര്‍ക്ക് നേരെ ഇസ്‌റാഈല്‍ നടത്തുന്ന ക്രൂരമായ ആക്രമണത്തിലുള്ള പ്രതിഷേധം നിരോധിച്ചത് ഫ്രാന്‍സില്‍ വന്‍ ജനരോഷത്തിന് ഇടയാക്കുന്നു. ഇസ്‌റാഈല്‍വിരുദ്ധ പ്രതിഷേധം നിരോധിക്കുന്ന ആദ്യ രാഷ്ട്രമായിരിക്കുകയാണ് ഫ്രാന്‍സ്. ഇന്ന് നടത്താന്‍ നിശ്ചയിച്ച എല്ലാ പ്രതിഷേധങ്ങളും നിര്‍ത്തിവെക്കണമെന്ന് സോഷ്യലിസ്റ്റ് ആഭ്യന്തര മന്ത്രി ബെര്‍നാര്‍ഡ് കാഷെന്യൂവ് പറഞ്ഞു. ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നാണ് അദ്ദേഹം ന്യായവാദം ഉന്നയിച്ചതെങ്കിലും വര്‍ധിച്ചുവരുന്ന ഫലസ്തീന്‍ അനുകൂല തരംഗം ക്രിമിനല്‍വത്കരിക്കാനുള്ള ശ്രമമാണ് ഇതെന്ന് വിമര്‍ശമുണ്ട്.
ഗാസയിലെ കൂട്ടക്കശാപ്പിനെതിരെ ഇന്ന് വന്‍ പ്രതിഷേധ പരിപാടികള്‍ ഫ്രാന്‍സിലെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആസൂത്രണം ചെയ്തിരുന്നു. തീവ്രപക്ഷ ജൂത സംഘടനകള്‍ പ്രതിഷേധം അലങ്കോലപ്പെടുത്താനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരുന്നു. സുരക്ഷ ഉറപ്പ് പറയാന്‍ വയ്യാത്ത അവസ്ഥയാണ് ഇപ്പോഴത്തേതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. പ്രതിഷേധ റാലി നിരോധിക്കാന്‍ പാരീസ് പോലീസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. “നിയമവിരുദ്ധ” പ്രതിഷേധം നടത്തിയാല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷയും 15,000 യൂറോ പിഴയും ചുമത്തുന്ന പദ്ധതിയാണ് പാരീസ് പോലീസ് തയ്യാറാക്കിയത്. മുഖം മറച്ചാണ് പ്രതിഷേധ റാലിയില്‍ പങ്കെടുക്കുന്നതെങ്കില്‍ ഇരട്ട ശിക്ഷയുണ്ടാകും. റാലിയുടെ വിശദാംശങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രസിദ്ധീകരിച്ചാലും സമാന ശിക്ഷയുണ്ടാകും. ഇത്തരം പോസ്റ്റുകള്‍ ആക്രമണത്തിലേക്ക് നയിക്കുകയാണങ്കില്‍ ഏഴ് വര്‍ഷത്തെ തടവ് ശിക്ഷയും ഒരു ലക്ഷം യൂറോ പിഴയും വിധിക്കും.
ഫലസ്തീന്‍ അനുകൂല പ്രതിഷേധകരുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന് നിയമത്തിലൂടെ കൂച്ചുവിലങ്ങിട്ടതിലൂടെ, യൂറോപ്പിലും ലോകതലത്തിലും ഫ്രാന്‍സ് സ്വയം പ്രത്യേക ഇടത്തിലേക്ക് മാറിയിരിക്കുകയാണ്.” ജ്യൂവിഷ് യൂനിയന്‍ ഫോര്‍ പീസ് നേതാവ് മിഷേല്‍ സിബോണി പറഞ്ഞു. യുദ്ധങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നതില്‍ ജനങ്ങളെ ഫാഷിസ്റ്റ് രാഷ്ട്രങ്ങളാണ് വിലക്കുക. ഫ്രഞ്ച് സോഷ്യലിസ്റ്റുകള്‍ ഇത് തുടര്‍ന്നത് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകന്‍ സില്‍വി പെരോത്ത് പറഞ്ഞു.

Latest