Ongoing News
കോമണ്‍വെല്‍ത്ത് ഗെയിംസ്: പ്രതീക്ഷയോടെ ഇന്ത്യന്‍ ഹോക്കി ടീം
ന്യൂഡല്‍ഹി: ലോകകപ്പ് ഹോക്കിയിലെ മോശം പ്രകടനം മറികടന്ന് തിരിച്ചു വരവിനൊരുങ്ങുന്ന ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് മികച്ച അവസരമാണ് വരാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് വേദി. അവസാനം നടന്ന ഡല്‍ഹി കോമണ്‍വെല്‍ത്ത് പോരാട്ടത്തിലെ വെള്ളി മെഡല്‍ ജേതാക്കളായ ഇന്ത്യക്ക് സമാന്യേന ദുര്‍ബലരായ എതിരാളികളെയാണ് ലഭിച്ചിരിക്കുന്നത്. ഇത്തവണ ലോക ചാമ്പ്യന്‍മാരായ ആസ്‌ത്രേലിയക്കൊപ്പമാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. കരുത്തരായ അവരെ മാറ്റി നിര്‍ത്തിയാല്‍ മറ്റ് എതിരാളികളെല്ലാം ഇന്ത്യയെ സംബന്ധിച്ച് ദുര്‍ബലരാണ്. അങ്ങനെ വരുമ്പോള്‍ സെമി ബര്‍ത്ത് ഉറപ്പിച്ച് ഇന്ത്യക്ക് ഒരു മെഡലും പോക്കറ്റിലാക്കാം.
അതേ സമയം കടലാസിലേത് പോലെ അത്ര എളുപ്പമല്ല ഇന്ത്യക്ക് മുന്നിലുള്ള കാര്യങ്ങള്‍. പ്രത്യേകിച്ച് കഴിഞ്ഞ കുറച്ച് കാലമായുള്ള ഇന്ത്യയുടെ അസ്ഥിരമായ പ്രകടനങ്ങള്‍ പ്രതീക്ഷകളെ തകിടം മറിക്കുന്നതാണ്.
വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, ദക്ഷിണാഫ്രിക്ക, ആസ്‌ത്രേലിയ ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ എതിരാളികള്‍. ജൂലൈ 25ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ വെയില്‍സിനെ നേരിടും. രണ്ടാം മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡാണ് എതിരാളികള്‍. 29നാണ് ആസ്‌ത്രേലിയയുമായുള്ള പോരാട്ടം. ജൂലൈ 31ന് ദക്ഷിണാഫ്രിക്കയുമായും ഇന്ത്യ ഏറ്റുമുട്ടും.
ഒരുപറ്റം മികച്ച താരങ്ങള്‍ ഇപ്പോഴും ഇന്ത്യക്കുണ്ട്. ബാറിന് കീഴില്‍ മലയാളിയായ പി ആര്‍ ശ്രീജേഷ്, മിഡ്ഫീല്‍ഡില്‍ ഗുര്‍ബജ്, സര്‍ദാര്‍ സിംഗുമാരുടെ പ്രകടനങ്ങള്‍ നിര്‍ണായകം. പെനാല്‍റ്റി കോര്‍ണര്‍ വിദഗ്ധന്‍മാരായ വി ആര്‍ രഘുനാഥ്, രൂപീന്ദര്‍ പാല്‍ സിംഗ് എന്നിവരുടെ സാന്നിധ്യവും ഇന്ത്യക്ക് കരുത്താകും. ടീമില്‍ തിരിച്ചെത്തുന്ന പരിചയ സമ്പന്നരായ ഗൗരീന്ദര്‍ ചന്‍ഡി, ഡാനിഷ് മുജ്തബ എന്നിവരുടെ സാന്നിധ്യം ഇന്ത്യയുടെ ആക്രമണത്തിന് വൈവിധ്യം നല്‍കും. ഇരുവരും പരുക്കിനെ തുടര്‍ന്ന് ദീര്‍ഘനാളായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാനിറങ്ങിയിട്ടില്ല.
ശ്രീജേഷിന്റെ സാന്നിധ്യം നിര്‍ണായകം
മലയാളി താരവും ഗോള്‍കീപ്പറുമായി പി ആര്‍ ശ്രീജേഷ് ലോകകപ്പില്‍ പുറത്തെടുത്ത മികവ് ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വന്‍ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ സര്‍ദാര്‍ സിംഗ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളാണ് അദ്ദേഹം. തന്റെ മികവിന്റെ ഔന്നത്യമാണ് അദ്ദേഹം ലോകകപ്പില്‍ പുറത്തെടുത്തത്. സഹതാരങ്ങള്‍ക്ക് മുഴുവന്‍ പ്രചോദനമാകുന്ന സാന്നിധ്യമാണ് ശ്രീജേഷിന്റേത്. അദ്ദേഹത്തിന്റെ മികവിലാണ് ടീം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതെന്നും സര്‍ദാര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കായി 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന നേട്ടവും അതിനിടെ മലയാളി താരം സ്വന്തമാക്കിയിരുന്നു.
വനിതാ ടീമില്‍ 12 പുതുമുഖങ്ങള്‍
ഇന്ത്യന്‍ വനിതാ സംഘത്തെ മിഡ്ഫീല്‍ഡര്‍ റിതു റാണിയാണ് നയിക്കുന്നത്. 12ഓളം പേരടങ്ങിയ പുതുനിരയാണ് ഇന്ത്യന്‍ വനിതാ സംഘത്തിലുള്ളത്. പരിചയ സമ്പന്നരായ ചഞ്ചന്‍ ദേവി, ബിനിത എന്നിവരുടെ പരുക്ക് ഇന്ത്യക്ക് തിരിച്ചടിയാണ്. 13ാം റാങ്കുള്ള ഇന്ത്യന്‍ വനിതാ സംഘം കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഞ്ചാം സ്ഥാനത്താണ് എത്തിയത്. റാങ്കിംഗില്‍ മുന്നിലുള്ള ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരും കാനഡ, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ ടീമുകളുമാണ് ഇന്ത്യക്ക് വെല്ലുവിളിയായുള്ളത്. ഇതില്‍ കാനഡ, ട്രിനിഡാഡ് ടീമുകളെ കീഴടക്കിയാല്‍ ഇന്ത്യക്ക് അടുത്ത ഘട്ടത്തിലേക്കുള്ള പാത സുഗമമാക്കാന്‍ സാധിക്കും.