Connect with us

Kerala

സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം ആരംഭിച്ചു

Published

|

Last Updated

doctorതിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല നിസ്സഹകരണ സമരത്തിന് തുടക്കം. പതിവ് ചികിത്സകള്‍ മുടക്കാതെ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന സമരരീതിയാണ് ഡോക്ടര്‍മാര്‍ സ്വീകരിക്കുന്നത്. കെ ജി എം ഒ എയുടെ നേതൃത്വത്തിലാണ് സമരം. അതേസമയം, നിസ്സഹകരണ സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ശമ്പള പരിഷ്‌കരണത്തിലെ അപാകങ്ങള്‍ എത്രയും വേഗം പരിഹരിക്കുക, സര്‍ക്കാര്‍ മേഖലയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഗണിച്ച് പെന്‍ഷന്‍ പ്രായം കൂട്ടുക, മരുന്നുകളുടെ ഗുണനിലവാരവും ലഭ്യതയും ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡോക്ടര്‍മാര്‍ കഴിഞ്ഞ പതിനൊന്നിന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് മുതല്‍ നിസ്സഹകരണ സമരം തുടങ്ങുന്നത്.
നിസ്സഹകരണ സമരത്തിന്റെ ഭാഗമായി റിപ്പോര്‍ട്ടിംഗ്, വി ഐ പി, വി വി ഐ പി ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ജില്ലാതല അവലോകന യോഗങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങി സര്‍ക്കാര്‍ പദ്ധതികളും ബഹിഷ്‌കരിക്കും. എന്നാല്‍, ആദ്യ ഘട്ട നിസ്സഹകരണ സമരം ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായില്ലെങ്കില്‍ കടുത്ത സമരരീതികളിലേക്ക് നീങ്ങാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.
സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ കുറവ് നിലനില്‍ക്കുമ്പോള്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിലുള്ളവര്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ താത്കാലിക നിയമനം നല്‍കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഇത് വകുപ്പിന്റെ നിലനില്‍പ്പിനെയും ചികിത്സക്കെത്തുന്ന ജനങ്ങളെയും ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വികസനത്തിന് പകരം ആശുപത്രികള്‍ മെഡിക്കല്‍ കോളജുകളാക്കി ഉയര്‍ത്തുന്നത് അംഗീകരിക്കാനാകില്ല. ഇതിലൂടെ സ്വകാര്യ മേഖലയെ സഹായിക്കാനാണ് സര്‍ക്കാറിന്റെ നീക്കമെന്നാണ് കെ ജി എം ഒ എയുടെ ആരോപണം.
അതേസമയം, ഡോക്ടര്‍മാരുടെ സമരത്തെ ശക്തമായി നേരിടുമെന്ന് ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. നിസ്സഹകരണ സമരത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പദ്ധതികളോട് സഹകരിച്ചില്ലെങ്കില്‍ ശമ്പളമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ധന വകുപ്പ് സെക്രട്ടറി ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് ട്രഷറികളെ ഉള്‍പ്പെടെ അറിയിച്ചിട്ടുണ്ട്. നിസ്സഹകരണ സമരത്തിന് ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് കെ ജി എം ഒ എയുടെ നിലപാട്.
സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ശമ്പള ബില്‍ പാസാക്കൂവെന്നും ഡയസ്‌നോണ്‍ ബാധകമാക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.

Latest