Articles
എണ്ണക്കൊയ്ത്തും സി എ ജിയുടെ കണ്ടെത്തലും
പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടത്തില്‍ മനം നൊന്ത്, ഡോ. മന്‍മോഹന്‍ സിംഗ്, പ്രണാബ് കുമാര്‍ മുഖര്‍ജി, പി ചിദംബരം എന്ന് തുടങ്ങി വീരപ്പ മൊയ്‌ലി വരെയുള്ളവര്‍ കണ്ണീര്‍ വാര്‍ത്തതായിരുന്നു പോയ ദശകം. ഇപ്പോള്‍ നരേന്ദ്ര മോദി, അരുണ്‍ ജെയ്റ്റ്‌ലി എന്നു തുടങ്ങി ധര്‍മേന്ദ്ര പ്രധാന്‍ വരെയുള്ളവര്‍ കണ്ണീരണിയുന്നു. എണ്ണക്കമ്പനികളെ ഏത് വിധേനയും ലാഭത്തിലാക്കുക എന്ന ലക്ഷ്യത്തോടെ യാണ് മന്‍മോഹനും കൂട്ടരും പെട്രോള്‍ വില തീരുമാനിക്കാനുള്ള അധികാരം കൈമാറിക്കൊടുത്തത്; ഡീസല്‍ വില തീരുമാനിക്കാനുള്ള അധികാരം ഘട്ടം ഘട്ടമായി കൈമാറാന്‍ തീരുമാനിച്ചത്; സബ്‌സിഡിയുള്ള പാചകവാതക സിലിന്‍ഡറുകളുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ ആലോചിച്ചത്. ഡീസല്‍ വില നിശ്ചയിക്കാനുള്ള അധികാരം വരുന്ന ഡിസംബറോടെ എണ്ണക്കമ്പനികള്‍ക്ക് കൈമാറാന്‍ അരുണ്‍ ജെയ്റ്റ്‌ലി (നരേന്ദ്ര മോദി സര്‍ക്കാര്‍) തീരുമാനിച്ചിരിക്കുന്നതും പാചകവാതക സബ്‌സിഡി വൈകാതെ ഇല്ലാതാക്കാന്‍ ആലോചിക്കുന്നതും ഇതേ ഉദ്ദേശ്യത്തോടെയാണ്.
നഷ്ടം കുറച്ചുകൊണ്ടുവരാനുള്ള ഈ പരിപാടി നടപ്പാക്കാന്‍ തുടങ്ങിയ കാലത്തു തന്നെ അതിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നതുകൊണ്ടാണ് ഇന്ധനം വില കുറച്ച് വില്‍ക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് സാധിക്കുന്നത്. അതുമൂലമുള്ള ബാധ്യത, എണ്ണക്കമ്പനികളുടെ നഷ്ടമായെണ്ണുന്നത് എങ്ങനെ എന്നതായിരുന്നു ഏറ്റവും ലളിതമായ ചോദ്യം. ഇത് നഷ്ടമായെണ്ണി വില നിര്‍ണയാധികാരം വിപണിക്ക് വിട്ടുകൊടുക്കുന്നത്, എണ്ണ വിതരണ മേഖലയില്‍ ചുവടുറപ്പിക്കാന്‍ ലക്ഷ്യമിടുന്ന റിലയന്‍സ്, ഷെല്‍ തുടങ്ങിയ വന്‍കിട സ്വകാര്യ കമ്പനികളെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ടായി. ഇവകളെ തള്ളിക്കളയുകയാണ് യു പി എ സര്‍ക്കാര്‍ ചെയ്തത്, എന്‍ ഡി എ സര്‍ക്കാര്‍ ചെയ്യുന്നതും.
രീതി പലതായിരുന്നുവെങ്കിലും 1948 മുതല്‍ 1997 വരെ ഇന്ധന വിലക്കു മേല്‍ സര്‍ക്കാറിന്റെ പൂര്‍ണ നിയന്ത്രണമുണ്ടായിരുന്നു. 1997ലാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിത്തുടങ്ങിയത്. പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയെ ഒഴിവാക്കി, എണ്ണ സംസ്‌കരിക്കുമ്പോഴുണ്ടാകുന്ന മറ്റ് ഉത്പന്നങ്ങളുടെ വില ആദ്യം വിപണിക്ക് വിട്ടുകൊടുത്തു. ഇറക്കുമതിക്ക് വേണ്ടിവരുന്ന ചെലവുകളെല്ലാം കണക്കിലെടുത്ത് ഉത്പന്ന വില നിര്‍ണയിക്കുകയും അതിലൊരു ഭാഗം സര്‍ക്കാര്‍ സബ്‌സിഡിയായി നിലനിര്‍ത്തുകയും ചെയ്യുന്ന സംവിധാനം ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ കാര്യത്തില്‍ 2006 വരെ തുടര്‍ന്നു. പിന്നീടിങ്ങോട്ട് വ്യാപാരാധിഷ്ഠിത വിലനിര്‍ണയ സംവിധാനത്തിലേക്ക് മാറി. അതോടെയാണ് വില നിര്‍ണയം തീര്‍ത്തും കമ്പോളാധിഷ്ഠിതമാകുന്നത്. അന്നുമുതലാണ് എണ്ണക്കമ്പനികളുടെ വലിയ നഷ്ടത്തെക്കുറിച്ചുള്ള വിലാപങ്ങള്‍ വലിയ വായിലായതും.
വ്യാപാരാധിഷ്ഠിത വില നിര്‍ണയ രീതി നടപ്പാക്കിയ ശേഷം, പൊതുമേഖലയിലേതുള്‍പ്പെടെ എണ്ണക്കമ്പനികള്‍ അനര്‍ഹമായ ലാഭമുണ്ടാക്കിയെന്നാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) പറയുന്നത്. അമ്പതിനായിരത്തിലേറെ കോടി രൂപ അനര്‍ഹമായി എണ്ണക്കമ്പനികളുടെ പക്കലെത്തി. ആഭ്യന്തര ആവശ്യം വര്‍ധിച്ച സമയത്ത്, സ്വകാര്യ എണ്ണക്കമ്പനികളില്‍ നിന്ന് ഇന്ധനം വാങ്ങിയ വകയില്‍ പൊതുമേഖലാ കമ്പനികള്‍ക്ക് അറുനൂറ് കോടിയിലേറെ നഷ്ടമുണ്ടായെന്നും സി എ ജി പറയുന്നു. അതായത് റിലയന്‍സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് അറുനൂറ് കോടിയിലേറെ അനര്‍ഹമായ നേട്ടമുണ്ടാക്കിക്കൊടുത്തുവെന്നാണ് ചുരുക്കം. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനുണ്ടായ ലാഭം ആറായിരം കോടി രൂപയാണ്. ഈ “നേട്ടം” കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയുമാണത്. ഇങ്ങനെ “നേട്ട”മുണ്ടാക്കുന്നതില്‍ പൊതുമേഖലാ കമ്പനികള്‍ വഹിച്ച പങ്കാണ് നേരത്ത പറഞ്ഞ 600 കോടിയുടെ നഷ്ടം.
അന്താരാഷ്ട്ര വിപണിയില്‍ നിന്ന് വാങ്ങുന്ന അസംസ്‌കൃത എണ്ണ ഇന്ത്യയില്‍ എത്തിച്ച് സംസ്‌കരിച്ച് വിപണിയിലെത്തിക്കുന്നതിനു വേണ്ടിവരുന്ന ചെലവിന്റെ അടിസ്ഥാനത്തിലാണ് ഇന്ധന വില തീരുമാനിക്കുന്നത്. ഇങ്ങനെ എത്തിക്കുന്നതിന് വേണ്ടിവരുന്ന സകല ചെലവും ഉള്‍പ്പെടുത്തി വില തീരുമാനിച്ചതാണ് അനര്‍ഹമായ ലാഭം എണ്ണക്കമ്പനികള്‍ക്ക് ഉണ്ടാക്കിക്കൊടുത്തത് എന്ന് സി എ ജി ചൂണ്ടിക്കാട്ടുന്നു. അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുമ്പോള്‍ കസ്റ്റംസ് തീരുവ കമ്പനികള്‍ നല്‍കുന്നുണ്ട്. ഈ ചെലവ് വില നിര്‍ണയിക്കുന്നതില്‍ ഉള്‍പ്പെടും. കപ്പലുകളില്‍ കൊണ്ടുവരുന്ന എണ്ണ ഏതെങ്കിലും വിധത്തില്‍ നഷ്ടപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്‍ഷ്വര്‍ ചെയ്യും. ഇതിന്റെ ചെലവും വില നിര്‍ണയിക്കുമ്പോള്‍ ഉള്‍പ്പെടുത്തും. എണ്ണ കൊണ്ടുവരുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന നഷ്ടത്തിന് കണക്കാക്കുന്ന ചെലവും പെട്രോളും ഡീസലും പാചകവാതകവും വാങ്ങുന്നവന്റെ പോക്കറ്റില്‍ നിന്നാണ് ഈടാക്കുന്നത്. എണ്ണ വില്‍ക്കുന്ന കമ്പനിക്ക്, യഥാസമയം പണം നല്‍കുമെന്ന് ഉറപ്പാക്കി ബേങ്കുകള്‍ തമ്മിലുണ്ടാക്കുന്ന കരാറിന്റെ സേവന ചാര്‍ജ് കൂടി ഇന്ധനത്തിന്റെ വില നിര്‍ണയിക്കുമ്പോള്‍ കണക്കാക്കുന്നുണ്ട്. ചുരുക്കത്തില്‍ എണ്ണ ഉത്പാദക രാജ്യത്തു നിന്ന് അസംസ്‌കൃത എണ്ണ കപ്പലില്‍ കയറ്റി ഇന്ത്യയിലെ എണ്ണ ശുദ്ധീകരണശാലയിലെത്തുന്നതു വരെയുള്ള എല്ലാ ചെലവും പെട്രോളും ഡീസലും പാചകവാതകവും വാങ്ങുന്നവന്‍ വഹിക്കണമെന്ന് ചുരുക്കം.
അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതിന് കമ്പനികള്‍ നല്‍കുന്ന ചുങ്കം സര്‍ക്കാറിനുള്ള വരുമാനമാണ്. ആ വരുമാനം ഈടാക്കുന്ന സര്‍ക്കാര്‍, കമ്പനികള്‍ സംസ്‌കരിച്ച് വിപണിയിലെത്തിക്കുന്ന ഉത്പന്നങ്ങള്‍ക്കു മേല്‍ വീണ്ടും നികുതി ചുമത്തുന്നുണ്ട്. കേന്ദ്രം ചുമത്തുന്നതിന് പുറമെ സംസ്ഥാനങ്ങളും നികുതി ചുമത്തുന്നു. അസംസ്‌കൃത എണ്ണക്കുമേല്‍ സര്‍ക്കാര്‍ ചുമത്തുന്ന ചുങ്കം കൂടി ചേര്‍ത്താണ് കമ്പനികള്‍ ഇന്ധന വില നിര്‍ണയിക്കുക. ആ വിലയില്‍ സര്‍ക്കാറുകള്‍ വീണ്ടും നികുതി ചുമത്തുമ്പോള്‍ നടക്കുന്നത് വലിയ കൊള്ളയാണ്. ഇറക്കുമതിച്ചുങ്കമായി സര്‍ക്കാറിന് ലഭിക്കുന്ന തുകയാണ് സബ്‌സിഡി ഇനത്തില്‍ ഇത്രയും നാളും ജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നത്. അതു കൂടി പിന്‍വലിക്കുമ്പോള്‍ ജനങ്ങളെ ഏതു വിധേനയും കൊള്ളയടിക്കാന്‍ മടിക്കാത്തവരാണ് തങ്ങളെന്ന് ഭരണകൂടം ആവര്‍ത്തിച്ചു തെളിയിക്കുകയാണ്. എണ്ണക്കമ്പനികളുടെ സാങ്കേതിക സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള മൂലധന സമാഹരണം ഉദ്ദേശിച്ചാണ് ഇത്തരൊരു വില നിര്‍ണയ സംവിധാനമുണ്ടാക്കിയത് എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇക്കാലത്തിനിടെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ സാങ്കേതിക സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന് സി എ ജി ചൂണ്ടിക്കാട്ടുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കമ്പോളം തീരുമാനിക്കുന്ന സ്ഥിതിയുണ്ടായാലേ റിലയന്‍സിനും ഷെല്ലിനുമൊക്കെ സ്വന്തം ഔട്ട്‌ലെറ്റുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിപ്പിച്ച് ലാഭം കൊയ്യാന്‍ സാധിക്കൂ. നിലവിലുള്ള സംവിധാനത്തിലൂടെ വില നിര്‍ണയിക്കുന്നത് തുടരുക കൂടിയാണെങ്കില്‍ ഈ കമ്പനികള്‍ കൂടി കൊള്ളയില്‍ പങ്കാളികളായി ലാഭം വര്‍ധിപ്പിക്കും. സ്വകാര്യ കമ്പനികളുടെ വിതരണ ശൃംഖലകള്‍ വ്യാപിക്കുന്നതോടെ പൊതുമേഖലാ കമ്പനികളുടെ വിതരണ കേന്ദ്രങ്ങള്‍, നഷ്ട കേന്ദ്രങ്ങളായി മാറുക സ്വാഭാവികം. സാങ്കേതിക സൗകര്യങ്ങള്‍ കാലത്തിനനുസരിച്ച് മെച്ചപ്പെടുത്താത്തതുകൊണ്ട് ഉത്പാദനം വര്‍ധിപ്പിച്ച്, വിപണിയില്‍ മത്സരിച്ച് പിടിച്ചുനില്‍ക്കാനുള്ള ത്രാണി പൊതുമേഖലാ കമ്പനികള്‍ക്ക് ഇല്ലാതാകുകയും ചെയ്യും. ഈ സാഹചര്യത്തില്‍ കമ്പനികളുടെ നിലനില്‍പ്പിന് ഏക വഴി നഷ്ട കേന്ദ്രങ്ങളെ കുറച്ചുകൊണ്ടുവരികയാകും. പിറകെ പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ ക്രമേണ സ്വകാര്യ മേഖലക്ക് കൈമാറുകയും ചെയ്യാം. അപ്പോള്‍ പിന്നെ സി എ ജിയുടെ കണക്ക് പരിശോധനയോ ഇത്തരം അനര്‍ഹമായ ലാഭത്തിന്റെ തോത് വെളിപ്പെടുത്തലോ ഒന്നുമുണ്ടാകില്ല.
അത്തരമൊരു സുന്ദര സുരഭില കാലം വരാത്തതിനാല്‍ സി എ ജി ഇപ്പോള്‍ ചൂണ്ടിക്കാണിച്ച അമ്പതിനായിരം കോടിയുടെ കണക്ക് വലിയ പ്രശ്‌നമാണ്. ടെലികോമിലും കല്‍ക്കരിയിലും കോമണ്‍വെല്‍ത്ത് ഗെയിംസിലുമൊക്കെ സി എ ജി ചൂണ്ടിക്കാണിച്ച ക്രമക്കേടിന്റെ കണക്കുകള്‍ ഉയര്‍ത്തിക്കാട്ടിക്കൂടിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അതുകൊണ്ടു തന്നെ ഈ കണക്കുകളെ അവഗണിക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നാണ്, നേര്‍രേഖയില്‍ ചിന്തിച്ചാല്‍ വിചാരിക്കേണ്ടത്. അങ്ങനെയെങ്കില്‍ വില നിര്‍ണയ സംവിധാനത്തിലെ പാളിച്ച പരിഹരിച്ച്, യുക്തിസഹമായ വില ഈടാക്കാന്‍ നിര്‍ദേശം നല്‍കണം. വില നിര്‍ണയത്തിലെ പാളിച്ച പരിഹരിച്ചാല്‍ മാത്രം പോരാ, അഞ്ച് വര്‍ഷം കൊണ്ട്, കമ്പനികള്‍ ഉണ്ടാക്കിയ അമ്പതിനായിരം കോടിയുടെ അനര്‍ഹ ലാഭം ജനങ്ങള്‍ക്ക് തിരികെ നല്‍കുകയും വേണം. തെറ്റായ വിധത്തില്‍ വില നിശ്ചയിച്ചതിലൂടെ സൃഷ്ടിക്കപ്പെട്ട വിലക്കയറ്റത്തിന്റെ ദുരിതം കൂടി ജനം അനുഭവിച്ചിട്ടുണ്ട്. യു പി എ സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ സൃഷ്ടിച്ച വിലക്കയറ്റം കൂടി ചൂണ്ടിക്കാട്ടിയാണ് ബി ജെ പി ഒറ്റക്ക് ഭൂരിപക്ഷം നേടിയത്. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലെ മഹാ റാലികളില്‍ മിക്കതിലും “ഞാന്‍ ഈ വിലക്കയറ്റം പിടിച്ചുകെട്ടു”മെന്ന് വാഗ്ദാനം നല്‍കിയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വില നിര്‍ണയ രീതിയിലെ തെറ്റ് തിരുത്തി ഇന്ധന വില കുറച്ചാല്‍ ഈ വാഗ്ദാന പാലനത്തിലേക്കൊരു ചുവട് വെക്കാന്‍ മോദിക്കാകും.
“എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌ന”മെന്ന സിനിമാ ഡയലോഗ് പോലെയാണ് ഇപ്പറഞ്ഞതെല്ലാം. സി എ ജി ഇത്തരത്തിലൊരു റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടേയില്ലെന്ന മട്ടില്‍ മുന്നോട്ടുപോകും നരേന്ദ്ര മോദി സര്‍ക്കാര്‍. യു പി എയും അതിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാറും ഏതളവിലാണോ കുത്തക കമ്പനികളുടെ ഇംഗിതങ്ങള്‍ക്ക് വിധേയപ്പെട്ടിരുന്നത് അതിലുമപ്പുറത്താണ് തങ്ങളെന്ന് കുറഞ്ഞ ദിനങ്ങള്‍ കൊണ്ട് തെളിയിച്ചിട്ടുണ്ട് മോദി സര്‍ക്കാര്‍. എണ്ണക്കമ്പനികളുടെ നഷ്ടം നികത്തുക എന്നതിനേക്കാളുപരി, അംബാനിയുടെ കമ്പനിക്ക് ലാഭം കൂട്ടി നല്‍കുക എന്ന് ചിന്തിച്ചു മുന്നേറുകയാണവര്‍. അതുകൊണ്ടാണ് കിരിത് പരീഖ് എന്ന യു പി എ സര്‍ക്കാറിന്റെ വിശ്വസ്തനായ പരിഷ്‌കര്‍ത്താവിന്റെ ശിപാര്‍ശകള്‍ നടപ്പാക്കുന്ന നിലവിലെ രീതി തുടരുമെന്ന് സൂചിപ്പിച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ഇന്ധന സബ്‌സിഡി ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചത്.
എണ്ണക്കമ്പനികള്‍ക്ക് നഷ്ടമില്ലാതിരിക്കുക, സര്‍ക്കാറിന് (കൊള്ള) വരുമാനമുണ്ടാകുക, സ്വകാര്യ കമ്പനികള്‍ക്ക് അനര്‍ഹമായ ലാഭമുണ്ടാകുക – ഇതൊക്കെ ഉറപ്പാക്കുകയെന്നതാണ് രാജ്യത്തെ ജനങ്ങളുടെ കടമ. അതൊന്ന് ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുകയാണ് സി എ ജിയുടെ റിപോര്‍ട്ട്. സി എ ജി റിപോര്‍ട്ടിന്‍മേല്‍ ഒരു നടപടിയും സ്വീകരിക്കാതെ മോദി സര്‍ക്കാര്‍ ആ കടമ ഉറപ്പിക്കുകയും ചെയ്യും.