Connect with us

Articles

ഒരാള്‍ക്ക് രണ്ട് നിലയിലോ?

Published

|

Last Updated

ഫഖീര്‍, മിസ്‌കീന്‍, ഇസ്‌ലാമിക ഭരണമുള്ള സ്ഥലത്തെ സകാത്ത് ജോലിക്കാര്‍, നവ മുസ്‌ലിംകള്‍ എന്നീ നാല് വിഭാഗത്തിനും ലഭിക്കുന്ന സകാത്ത് അവര്‍ക്കിഷ്ടമുള്ള നല്ല കാര്യങ്ങള്‍ക്കെല്ലാം വിനിയോഗിക്കാം എന്ന് പറഞ്ഞല്ലോ. മാറ്റു നാല് വിഭാഗക്കാര്‍ക്ക് ഏതൊരു കാരണത്താലാണോ സകാത്ത് വാങ്ങാന്‍ അര്‍ഹതയുണ്ടായത് ആ കാര്യത്തിന് മാത്രമേ സകാത്ത് സംഖ്യ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും വിശദീകരിച്ചു. രണ്ടാമത്തെ വിഭാഗത്തെ പരിചയപ്പെടാം.
ഇതില്‍ ഒന്നാമത്തേത് മോചനപത്രം എഴുതപ്പെട്ട അടിമയാണ്. തിരുനബി(സ)യുടെ കാലത്ത് ലോകം മുഴുവന്‍ അടിമക്കച്ചവടം നടന്നിരുന്നു. ഇവരെ ഒറ്റ പ്രഖ്യാപനത്തിലൂടെ സ്വതന്ത്രരാക്കിയാല്‍ അത് സാമ്പത്തിക രംഗത്ത് വലിയ മാന്ദ്യത്തിന് കാരണമാകുമെന്നതിനു പുറമെ പല സാമൂഹിക പുനരധിവാസ പ്രശ്‌നങ്ങളും ഉടലെടുക്കും. അബ്രഹാം ലിങ്കന്‍ ഇങ്ങനെ അടിമകളെ മോചിപ്പിക്കുന്നതായി പ്രഖ്യാപിച്ചപ്പോള്‍, സന്തോഷിച്ച് തെരുവില്‍ ഇറങ്ങി ആഹ്ലാദ പ്രകടനം നടത്തിയ അടിമകള്‍ വൈകുന്നേരമാണ് ചിന്തിച്ചത് തങ്ങള്‍ ഇനി എവിടെ അന്തിയുറങ്ങും എന്ന്. ആരാണ് തങ്ങള്‍ക്ക് ഭക്ഷണവും സംരക്ഷണവും തരിക? അങ്ങനെ അവര്‍ തങ്ങളുടെ പഴയ ഉടമകളുടെ അടുത്തേക്ക് തന്നെ പോകേണ്ടിവന്നു.
ഇത്തരം സാഹചര്യമൊഴിവാക്കാന്‍ ഘട്ടം ഘട്ടമായി അടിമത്ത വിമോചനം സാധ്യമാക്കുകയാണ് ഇസ്‌ലാം ചെയ്തത്. ഒരടിമ തന്റെ യജമാനനുമായി ഒരു സംഖ്യ നിശ്ചയിച്ച് മോചനപത്രം എഴുതിയിട്ടുണ്ടെങ്കില്‍ അത്രയും സംഖ്യ അയാള്‍ക്ക് സകാത്ത് ഫണ്ടില്‍ നിന്ന് നല്‍കി അയാളെ സ്വാതന്ത്ര്യത്തിന്റെ ലോകത്തെത്തിക്കാന്‍ ഇസ്‌ലാം കല്‍പ്പിക്കുന്നു. ആ സംഖ്യ ഈ കാര്യത്തിന് മാത്രമേ അയാള്‍ക്ക് ചെലവഴിക്കാന്‍ പാടുള്ളൂ.
ഇതില്‍ രണ്ടാം വിഭാഗം കടം കൊണ്ട് വലഞ്ഞവരാണ്. തെറ്റല്ലാത്ത കാര്യത്തിന് കടം വാങ്ങിയതായിരിക്കണം. സ്വന്തം ആവശ്യത്തിന് കടം വാങ്ങി വീട്ടാന്‍ പ്രയാസപ്പെടുന്നവര്‍ക്കും രണ്ടാള്‍ക്കിടയില്‍ അനുരഞ്ജനമുണ്ടാക്കാന്‍ ഒരു സംഖ്യ ആവശ്യമായപ്പോള്‍ അത് കടം വാങ്ങിയവനും അകാരണമായി ജയിലിലടക്കപ്പെട്ട ഒരാളെ മോചിപ്പിക്കല്‍ പോലുള്ള പൊതുകാര്യങ്ങള്‍ക്ക് വേണ്ടി കടം വാങ്ങിയവര്‍ക്കും സകാത്തിന് അര്‍ഹതയുണ്ട്. എന്നാല്‍, ഇതിനായി സ്വന്തം പണം കൊടുത്തവര്‍ക്ക് കടത്തിന്റെ പേരിലുള്ള സകാത്തിന് അര്‍ഹതയില്ല. ഇവരും അവര്‍ക്ക് ലഭിച്ച സകാത്ത് കടം വീട്ടാന്‍ മാത്രമേ ഉപയോഗിക്കാവൂ.
ഇതില്‍ മൂന്നാം വിഭാഗം “ഫീ സബീലില്ലാഹ്” എന്ന് അല്ലാഹു പ്രയോഗിച്ച വിഭാഗമാണ്. “മത നിയമങ്ങള്‍ക്ക് വിധേയമായി ഭരണാധികാരിയുടെ കീഴില്‍ ശമ്പളം പറ്റാതെ പോരാട്ടം നടത്തുന്നവര്‍” എന്നാണ് ഇതിന് ബഹുഭൂരിപക്ഷം സ്വഹാബികളും വ്യാഖ്യാനം നല്‍കിയിട്ടുള്ളത്. നമ്മുടെ നാട്ടില്‍ ഇങ്ങനെയൊരു വിഭാഗം ഇല്ലെന്ന് പറയേണ്ടതില്ല. എന്നാല്‍, ഇതിന് “അല്ലാഹുവിന്റെ മാര്‍ഗത്തില്‍” എന്നൊരു വ്യാഖ്യാനം നല്‍കിയാണ് മതതിരുത്തല്‍ വാദികള്‍ പത്രം തുടങ്ങാനും വിനോദ ചാനല്‍ നടത്താനും സംഘടനാ പ്രവര്‍ത്തനത്തിനും നാടക, സമര പരിപാടികള്‍ക്കും വരെ സകാത്ത് മുതല്‍ ദുരുപയോഗം ചെയ്യുന്നത്. ഇവര്‍ പറയുന്നതുപോലെ “അല്ലാഹുവിന്റെ മാര്‍ഗത്തില്‍” എന്നായിരുന്നു ഇതിന്റെ വിവക്ഷയെങ്കില്‍ അല്ലാഹുവിന് ഈ ആയത്ത് വളരെ ചുരുക്കി അവതരിപ്പിക്കാമായിരുന്നു. “സകാത്ത് അല്ലാഹുവിന്റെ വഴിയില്‍ മാത്രമാണ്”(ഇന്നമസ്സദഖാത്തു ഫീ സബീലില്ലാഹ്) എന്നു പറഞ്ഞാല്‍ ഇതിന് മുമ്പ് പറഞ്ഞ ആറ് കൂട്ടരും ശേഷം പറയുന്ന ഒരു വിഭാഗവും അതില്‍ ഉള്‍പ്പെടുമായിരുന്നു. അല്ലെങ്കില്‍, ബാക്കി ഏഴ് വിഭാഗത്തിനു നല്‍കുന്നത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പെടാതെ പിശാചിന്റെ മാര്‍ഗത്തിലാണെന്ന് പറയേണ്ടിവരും. ഈ വ്യാഖ്യാനം ദുര്‍വ്യാഖ്യാനമാണെന്ന് ഏത് കുട്ടിക്കും മനസ്സിലാകും. സകാത്ത് കൊള്ളക്കാര്‍ക്കും ഇതറിയാഞ്ഞിട്ടല്ല.
ഇതിലെ നാലാം വിഭാഗം യാത്രക്കാരാണ്. ഹലാലായ യാത്ര പോകുന്ന ഒരാള്‍ക്ക് തന്റെ സഹയാത്രികരായ ആശ്രിതര്‍ക്കും യാത്ര പോയി തിരിച്ചുവരാന്‍ ആവശ്യമായ സംഖ്യ സകാത്തില്‍ നിന്നും സ്വീകരിക്കാം. ഇവരൊന്നും വക മാറി ഉപയോഗിക്കാന്‍ പാടില്ല.
ഒരാള്‍ക്ക് രണ്ട് തസ്തിക വെച്ച് സകാത്ത് നല്‍കാന്‍ പാടില്ല. ഉദാഹരണം, ഫഖീറായ ഒരാള്‍ മിസ്‌കീനും കൂടി ആയിരിക്കും. ഇതിന്റെ പേരില്‍ രണ്ട് വിഹിതം വാങ്ങാന്‍ പറ്റില്ല. എന്നാല്‍, കടം വന്ന ഒരു ഫഖീര്‍ അതിന്റെ പേരില്‍ ഒരു വിഹിതം സ്വീകരിച്ചു ആ കടം വീട്ടുകയും ചെയ്താല്‍ ഇനി ഫഖീര്‍ എന്ന പേരിലും അയാള്‍ക്ക് സകാത്ത് വാങ്ങാം. ഭാര്യ സമ്പന്നയും ഭര്‍ത്താവ് സകാത്തിന് അര്‍ഹനുമാണെങ്കില്‍ ഭാര്യക്ക് തന്റെ സകാത്ത് ഭര്‍ത്താവിന് നല്‍കാം. മറിച്ച് പാടില്ല.
ഒരാള്‍ ഫഖീറാണോ മിസ്‌കീനാണോ എന്ന് തിരിച്ചറിയാന്‍ രേഖകള്‍ ഹാജരാക്കേണ്ടതില്ല. അയാള്‍ സത്യം ചെയ്യേണ്ടതുമില്ല. അയാളുടെ വാക്ക് വിശ്വാസത്തിലെടുക്കാം. എന്നാല്‍, അയാള്‍ അനര്‍ഹനായിരുന്നു എന്ന് പിന്നീട് ബോധ്യപ്പെട്ടാല്‍ സകാത്തിന് അത് മതിയാകുകയില്ല. ഫാസിഖായ മനുഷ്യനും സകാത്ത് നല്‍കാം. എന്നാല്‍, അതുപയോഗിച്ച് അയാള്‍ എന്തെങ്കിലും തിന്മ ചെയ്യും എന്ന് ബോധ്യമുണ്ടായാല്‍ അയാള്‍ക്ക് നല്‍കല്‍ ഹറാമാണ്.