Connect with us

Ongoing News

അല്ലാഹുവിന്റെ അതിഥി

Published

|

Last Updated

അനാവശ്യ കാര്യങ്ങളില്‍ നിന്ന് പരിപൂര്‍ണമായും വിട്ടു നില്‍ക്കുന്നതാണല്ലോ ഇമാം ഗസ്സാലി പഠിപ്പിച്ച സവിശേഷമായ നോമ്പ്. അനാവശ്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സ്വന്തത്തെ പള്ളിയില്‍ തളച്ചിടുന്ന മറ്റൊരു നോമ്പാണ് ഇഅ്തികാഫ്. അതുകൊണ്ടാണ് നോമ്പിനെ കുറിച്ച് ചര്‍ച്ച ചെയ്തതിന്റെ തൊട്ടുടനെ ഇഅ്തികാഫിനെ കുറിച്ച് കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ ചര്‍ച്ച ചെയ്തത്. പള്ളിയില്‍ ഇരിക്കുന്നവന്‍ അല്ലാഹുവിനെ സന്ദര്‍ശിച്ചിരിക്കുന്നു. അതിഥിയെ സല്‍കരിക്കേണ്ടത് ആതിഥേയന്റെ കടമയാണല്ലോ എന്ന് ഇമാം റാസി ഉദ്ധരിക്കുന്ന ഹദീസിലുണ്ട്. റമസാനില്‍ ഇഅ്തികാഫും മറ്റാരാധനകളും വര്‍ധിപ്പിക്കുന്നത് ഏറെ പുണ്യകരമാണ്. നബി(സ) അങ്ങനെ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് അവസാന പത്തില്‍. അവസാന പത്തിനു മുമ്പ് ഇഅ്തികാഫ് തുടങ്ങി പെരുന്നാള്‍ നിസ്‌ക്കാരം വരെ തുടരുന്നത് സുന്നത്തുണ്ട്.
ഇഅ്തികാഫ് സംബന്ധിയായി ഫത്ഹുല്‍ മുഇഈന്‍ നടത്തിയ ചില ചര്‍ച്ചകളാണ് ഇന്ന്. സുന്നത്തോ നേര്‍ച്ചയാക്കിയതോ ആയ ഇഅ്തികാഫ് ഒരു നിശ്ചിത സമയം കണക്കാക്കിയിട്ടില്ലെങ്കില്‍ മടങ്ങിവരുമെന്ന ഉറപ്പില്ലാതെ പുറത്തിറങ്ങിയാല്‍ നിയ്യത്ത് പുതുക്കേണ്ടി വരും. വിസര്‍ജനത്തിനു വേണ്ടിയാണ് പുറത്തു പോയതെങ്കില്‍ പോലും വീണ്ടും ഇഅ്തികാഫ് ഉദ്ദേശിക്കുന്നെങ്കില്‍ നിയ്യത്ത് പുതുക്കേണ്ടത് നിര്‍ബന്ധമാകും. ഒരു ദിവസമെന്നോ മറ്റോ സമയം നിശ്ചയിച്ചാല്‍ തന്നെ വിസര്‍ജനം പോലുള്ള ആവശ്യത്തിന് വേണ്ടിയല്ലാതെ പുറത്തിറങ്ങിയാല്‍ മടങ്ങിവന്ന ശേഷം നിയ്യത്ത് വേണം. എന്നാല്‍ തിരിച്ചു വരണമെന്ന ഉറപ്പോടെയാണ് പുറത്തിറങ്ങിയതെങ്കില്‍ നിയ്യത്ത് പുതുക്കല്‍ നിര്‍ബന്ധമില്ല.
തുടര്‍ച്ചയായ ഇഅ്തികാഫിന് നിയ്യത്ത് ചെയ്യുമ്പോള്‍ തന്നെ ചില പ്രത്യേക കാര്യങ്ങള്‍ക്കായി പുറത്തു പോകുമെന്ന് കരുതിയിട്ടുണ്ടെങ്കില്‍ അതിനു വേണ്ടി പോകാവുന്നതാണ്. അത് ഭരണാധികാരിയെ സന്ദര്‍ശിക്കുക പോലുള്ള ഭൗതിക കാര്യങ്ങളോ വുളൂഅ്, സുന്നത്തായ കുളി, രോഗ സന്ദര്‍ശനം, വിപത്തിനിരയായവരെ ആശ്വസിപ്പിക്കല്‍, യാത്ര കഴിഞ്ഞെത്തിയവനെ സന്ദര്‍ശിക്കല്‍ പോലുള്ള പാരത്രിക നേട്ടമുള്ള കാര്യങ്ങളോ ആകാം.
സുന്നത്തായ ഇഅ്തികാഫിലായിരിക്കേ രോഗ സന്ദര്‍ശനം പോലുള്ള കാര്യങ്ങള്‍ക്കു വേണ്ടി പുറത്തു പോകാവുന്നതാണ്. ഇതിനു വേണ്ടി പോകലോ പോകാതിരിക്കലോ ശ്രേഷ്ഠം? അതോ രണ്ടും സമമോ? അഭിപ്രായങ്ങള്‍ പലതുണ്ട്. ഇമാം ബുല്‍ഖീനി (റ) വിശകലനം ചെയ്തു പറഞ്ഞ പോലെ, ന്യായമായ വീക്ഷണം ബന്ധുവോ അയല്‍വാസിയോ സുഹൃത്തോ ആണ് രോഗിയെങ്കില്‍ സന്ദര്‍ശനം പുണ്യമാണ്. എന്നാല്‍ പോകാതിരിക്കലാണ് ശ്രേഷ്ഠം എന്ന അഭിപ്രായമാണ് ഇബ്‌നു സ്വലാഹ് (റ)വിനുള്ളത്. കാരണം നബി(സ) ഇഅ്തികാഫിലായിരിക്കേ ഇത്തരം ആവശ്യങ്ങള്‍ക്കായി പുറത്തു പോയിട്ടില്ല. ചീത്തപറയല്‍, പരദൂഷണം, നിഷിദ്ധമായതു ഭക്ഷിക്കല്‍ എന്നിവ കൊണ്ട് ഇഅ്തികാഫിന്റെ പ്രതിഫലം നഷ്ടമാകുമെന്ന് അല്‍ അന്‍വാറില്‍ പറഞ്ഞിട്ടുണ്ട്.