Ongoing News
പുണ്യ ദിനരാത്രങ്ങളെ മുതലെടുക്കാം
പുണ്യങ്ങള്‍ വാരിക്കൂട്ടുന്ന തിരക്കിലാണ് വിശ്വാസികള്‍. ഇനി ഏതാനും ദിവസങ്ങള്‍ മാത്രം . നാഥനിലേക്കടുക്കാന്‍ ഏറെ ഫലപ്രദമാണ് സുന്നത്ത് നിസ്‌കാരങ്ങള്‍. പറ്റുമെങ്കില്‍ ദിവസത്തില്‍, അല്ലെങ്കില്‍ ആഴ്ചയില്‍, അല്ലെങ്കില്‍ മാസത്തില്‍, അല്ലെങ്കില്‍ വര്‍ഷത്തില്‍, അല്ലെങ്കില്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും നിര്‍വഹിക്കണമെന്ന് പിതൃവ്യനായ അബ്ബാസി (റ)നോട് തിരുനബി ഉപദേശിച്ച നിസ്‌കാരമാണ് സവിശേഷമായ തസ്ബീഹ് നിസ്‌കാരം. ഇശാ മഗ്‌രിബിനിടയിലെ സുന്നത്ത് നിസ്‌കാരമാണ് അവ്വാബീന്‍ നിസ്‌കാരം. വിത്‌റ് പതിനൊന്ന് റക്അത്ത് വരെ നിസ്‌കരിക്കാം. രാത്രി ഉറങ്ങിയെഴുന്നേറ്റ ശേഷം ഈരണ്ട് റക്അത്തായി തഹജ്ജുദ് എത്രയും നിസ്‌കരിക്കാം. ഉച്ചക്ക് മുമ്പ് ളുഹാ നിസ്‌കാരം. യാത്രക്കൊരുങ്ങുമ്പോഴും യാത്ര കഴിഞ്ഞാലും പള്ളിയില്‍ കയറിയാലും വുളൂ എടുത്താലുമൊക്കെ സുന്നത്ത് നിസ്‌കാരങ്ങളുണ്ട്. വിശദാംശങ്ങള്‍ ചോദിച്ചു പഠിച്ച് പുണ്യദിനരാത്രങ്ങളെ മുതലെടുക്കാന്‍ ശ്രമിക്കുക.
വിശ്വ വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാതാവും മക്കയിലെ ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റി ശരീഅത്ത് കോളജിലെ പ്രൊഫസറുമായിരുന്ന ശൈഖ് മുഹമ്മദ് അലി സ്വാബൂനി തറാവീഹ് നിസ്‌കാരത്തെ കുറിച്ച് എഴുതിയ അല്‍ ഹദ്‌യുന്നബവിയ്യു സ്വഹീഹ് ഫീ സ്വലാത്തിത്തറാവീഹ് എന്ന കൃതിയിലെ ചില പ്രസക്ത പരാമര്‍ശങ്ങളാണ് ചുവടെ.
റമസാന്‍ മാസത്തില്‍ ഇശാ നിസ്‌കാരത്തിനു ശേഷം വിത്‌റ് നിസ്‌കാരത്തിനു മുമ്പ് നിര്‍വഹിക്കപ്പെടുന്ന ഒരു പ്രത്യേക നിസ്‌കാരമാണ് തറാവീഹ്. അത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സുന്നത്താണ്. നബി(സ)അത് നിര്‍വഹിക്കുകയും അതില്‍ കൃത്യനിഷ്ഠത പാലിക്കുകയും അത് നിര്‍വഹിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നബി(സ) പറയുന്നു: വിശ്വാസത്തോടെയും പ്രതിഫലം കാംക്ഷിച്ചും റമസാനില്‍ നിസ്‌കരിക്കുന്നവരുടെ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. (ബുഖാരി).
ആഇശ(റ) പറയുന്നു: ഒരു ദിവസം രാത്രി നബി(സ) പള്ളിയില്‍ വെച്ച് നിസ്‌കരിച്ചു. ജനങ്ങളും നബിയെ തുടര്‍ന്നു. അടുത്ത ദിവസവും നബി(സ) നിസ്‌കരിച്ചു. അന്ന് ജനങ്ങള്‍ അധികരിച്ചു. മൂന്നാമത്തെയും നാലാമത്തെയും ദിവസം ജനങ്ങള്‍ വളരെയധികം ഒരുമിച്ചുകൂടി. പക്ഷേ, നബി പള്ളിയിലേക്കു പുറപ്പെട്ടില്ല. നേരം പുലര്‍ന്നപ്പോള്‍ നബി (സ) പറഞ്ഞു: നിങ്ങള്‍ കാട്ടിക്കൂട്ടിയിരുന്നതൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ, അത് നിങ്ങള്‍ക്കുമേല്‍ നിര്‍ബന്ധമാക്കപ്പെടുമോ എന്ന ആശങ്ക മൂലമാണ് ഞാന്‍ പുറത്തുവരാതിരുന്നത്. (മുസ്‌ലിം). അത് റമസാന്‍ മാസത്തിലായിരുന്നു. തറാവീഹിനെ ഉമര്‍ (റ) വുമായി ബന്ധപ്പെടുത്തി പറയാന്‍ കാരണം ഉബയ്യുബ്‌നു കഅ്ബിന്റെ കീഴില്‍ ജനങ്ങളെ ഒരുമിച്ചുകൂട്ടിയതുകൊണ്ടാണ്.
തറാവീഹ് നിസ്‌കാരം ഇരുപത് റക്അത്താണ്. പ്രബലമായ പരമ്പരയിലൂടെ ബൈഹഖി സാഇബ്‌നു യസീദില്‍ നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ഉമര്‍ (റ)വിന്റെ കാലത്ത് റമസാനില്‍ അവര്‍ ഇരുപത് റക്അത്ത് നിസ്‌കരിച്ചിരുന്നു. ഖലീഫ ഉമര്‍(റ) മുതല്‍ ഇതുവരെയുള്ള മുസ്‌ലിം സമുദായം മുഴുവനും ഇതില്‍ ഏകാഭിപ്രായക്കാരാണ്. മദ്ഹബിന്റെ നാല് ഇമാമുമാരില്‍ ഒരാള്‍ പോലും ഇതിനോട് വിയോജിച്ചില്ല. പക്ഷേ, മാലിക് (റ)വില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു അഭിപ്രായത്തില്‍ 36 (ഇരുപതിനേക്കാള്‍ കൂടുതല്‍) എന്നു കാണുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസിദ്ധമായ അഭിപ്രായം ഇരുപതാണെന്നാണ്. അതെ, ഇരുപതിന് ഇജ്മാഇന്റെ സാക്ഷിപത്രം! വിശ്വാസികള്‍ക്കിനി കലഹങ്ങളോടു വിടപറയാം.’