Ongoing News
ഗാസ മറക്കാതിരിക്കാം
ഇന്നും മുസ്‌ലിമായി എന്ന കാരണത്താല്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന നമ്മുടെ സഹോദരന്‍മാരെ മറക്കാനാകുമോ നമുക്ക്? ഗാസയില്‍ നിന്ന് ഉയരുന്ന നിലവിളികള്‍ ദൂരങ്ങള്‍ ഭേദിച്ച് നിങ്ങളുടെ കര്‍ണപുടങ്ങളില്‍ വിക്ഷോഭം സൃഷ്ടിക്കുന്നില്ലേ? പരസ്പര സനേഹത്തിലും കാരുണ്യത്തിലും സഹവര്‍ത്തിത്വത്തിലും വിശ്വാസികളുടെ ഉപമ ഒരു ശരീരം പോലെയാണെന്ന് മുത്ത് നബി നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതിന്റെ ഏതെങ്കിലുമൊരു അവയവത്തിന് എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ ഉറക്കമൊഴിച്ചും പനി പിടിച്ചും ശരീരം മുഴുവനും ആ അവയവത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. തീറ്റ മഹോത്സവങ്ങളില്‍ ഹൈടെക് റമസാനുകള്‍ ആര്‍ഭാടപൂര്‍ണമാക്കുന്ന നമുക്ക് വേദന തിന്നുന്ന നമ്മുടെ സമുദായത്തിന്റെ നെഞ്ചിലെരിയുന്ന നെരിപ്പോടുകളെ കുറിച്ച് ഓര്‍മയുണ്ടോ? പുണ്യരാത്രങ്ങളിലെ നമ്മുടെ പ്രാര്‍ഥനകളിലെങ്കിലും അവര്‍ക്കൊരിടം ഉണ്ടാകണം. അല്ലാഹു നമ്മുടെ സഹോദരന്മാര്‍ക്ക് കരുത്തും രക്ഷയും നല്‍കട്ടെ.
പ്രാര്‍ഥനയാണ് വിശ്വാസിയുടെ ആയുധമെന്ന് തിരുവരുള്‍. “നിങ്ങളുടെ പ്രാര്‍ഥന ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളെ നാം പരിഗണിക്കുകയേ ഇല്ലെന്നു ഖുര്‍ആന്‍. എന്റെ അടിയാറുകള്‍ എന്നെ കുറിച്ച് ചോദിച്ചാല്‍ ഞാന്‍ സമീപസ്ഥനാണെന്നു പറയുക. എന്നോട് പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാന്‍ ഉത്തരം നല്‍കുന്നുണ്ട്” എന്ന സൂക്തം റമസാന്‍ നോമ്പിനെ കുറിച്ച് പറയുന്ന സൂക്തങ്ങള്‍ക്കിടയിലാണെന്നത് ആകസ്മികമല്ല. പ്രാര്‍ഥനകളുടെ വസന്തമാണ് റമസാന്‍. കരിച്ചുകളയുന്നത് എന്നതുപോലെത്തന്നെ കോരിച്ചൊരിയുന്ന മഴ എന്നും റമസാനിന് അര്‍ഥമുണ്ട്. പ്രാര്‍ഥനകളുടെ കരുത്തില്‍ പാപങ്ങള്‍ കരിയും. പ്രാര്‍ഥനകളുടെ ക്ലൈമാക്‌സില്‍ കണ്ണുകളില്‍ നിന്ന് മഴ പെയ്യുമ്പോള്‍ ഹൃദയങ്ങളിലെ ചേറുകള്‍ ഇളകിയൊഴിയും. ഒരു റമസാന്‍ കിട്ടിയിട്ട് ദോഷം പൊറുപ്പിക്കാന്‍ ആകാത്തവന് അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ എന്ന് ജിബ്‌രീലിന്റെ പ്രാര്‍ഥനക്ക് ആമീന്‍ പറഞ്ഞത് മുത്ത് നബിയാണ്. തിരുമിമ്പറില്‍ വെച്ച്.