Articles
ലൈലത്തുല്‍ ഖദ്ര്‍: മഹത്വവും അനുഷ്ഠാനങ്ങളും
ഒരിക്കല്‍ നബി(സ) തങ്ങള്‍ ബനൂ ഇസ്‌റാഈല്യരില്‍ ജീവിച്ചിരുന്ന, ഇലാഹീ മാര്‍ഗത്തില്‍ പോരാടിയ ഒരു ധീര യോദ്ധാവിനെക്കുറിച്ച് സഹാബികള്‍ക്ക് പരിചയപ്പെടുത്തി. “ശംഊന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ആയിരം മാസം അദ്ദേഹം ഇസ്‌ലാമിന്റെ നിലനില്‍പ്പിനു വേണ്ടി ശത്രുക്കളുമായി പൊരുതി. രാത്രി മുഴുവന്‍ ആരാധനാ കര്‍മങ്ങള്‍, പകല്‍ മുഴുവന്‍ ധര്‍മ സമരം. ഇതായിരുന്നു അദ്ദേഹത്തിന്റെ ജീവിത ശൈലി”
റസൂലിന്റെ വിവരണം കേട്ട സ്വഹാബികള്‍ക്ക് അത്ഭുതം. അവര്‍ പരസ്പരം പറഞ്ഞു.”ഭാഗ്യവാനാണദ്ദേഹം. എന്തൊരു വലിയ പ്രതിഫലമായിരിക്കും നാളെ പരലോകത്ത് അദ്ദേഹത്തിന് ലഭിക്കാന്‍ പോകുന്നത്?”
മറ്റു ചിലര്‍ നബിയോട് സങ്കടം പറഞ്ഞു. “അല്ലാഹുവിന്റെ ദൂതരേ, ദീര്‍ഘായുസ്സും അതനുസരിച്ചുള്ള ആരാധനാ കര്‍മങ്ങളുമായി നാളെ പരലോകത്ത് അവരൊക്കെ വരുമ്പോള്‍ ആയുസ്സും ആരാധനാ കര്‍മങ്ങളുമൊക്കെ താരതമ്യേന കുറവുള്ള ഞങ്ങളുടെ അവസ്ഥ എന്തായിരിക്കും?”
സ്വഹാബികളുടെ പരിഭവം കേട്ട നബി(സ)തങ്ങള്‍ അല്‍പ്പ സമയം നിശ്ശബ്ദനായി. ഉടനെ ജിബ്‌രീല്‍(അ) വന്നു. ലൈലത്തുല്‍ ഖദ്‌റിനെക്കുറിച്ച് പരാമര്‍ശിക്കുന്ന “സൂറത്തുല്‍ ഖദ്ര്‍” നബി(സ) തങ്ങള്‍ക്ക് ഓതിക്കേള്‍പ്പിച്ചു.
നബി(സ) തങ്ങള്‍ വിശദീകരിച്ചു: ” അല്ലാഹു നിങ്ങളുടെ വേവലാതി കേള്‍ക്കുകയും എന്റെ സമുദായത്തിന് മുന്‍ഗാമികളേക്കാള്‍ മുന്നേറാനുള്ള ഒരു മാര്‍ഗം സമ്മാനിക്കുകയും ചെയ്തിരിക്കുന്നു. അതാണ് ലൈലത്തുല്‍ ഖദ്ര്‍ എന്ന അനുഗൃഹീത രാവ്. ആ ഒരൊറ്റ രാവില്‍ നിങ്ങള്‍ ഇബാദത്തുകളിലേര്‍പ്പെടുന്നത് മറ്റുള്ളവരുടെ ആയിരം മാസമുള്ള ആരാധനാ കര്‍മങ്ങളെ കവച്ചുവെക്കുന്നതാണ്.”
ഈ അധ്യായം അവതരിച്ചപ്പോള്‍ നബി(സ) തങ്ങളും സഹാബികളും അതിയായി സന്തോഷിച്ചുവെന്ന് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ തഫ്‌സീറുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരൊറ്റ രാവിലെ ഇബാദത്ത് കൊണ്ട് എണ്‍പത്തി മൂന്ന് വര്‍ഷവും നാല് മാസവുമുള്ള ആരാധനാ കര്‍മങ്ങള്‍ നേടിയെടുക്കാന്‍ വഴിയൊരുക്കുക വഴി അല്ലാഹു മുഹമ്മദ് നബി(സ)യുടെ സമുദായത്തിന് വലിയ അനുഗ്രഹമാണ് നല്‍കിയിരിക്കുന്നത്.
റമസാനിലെ അവസാനത്തെ പത്തിലെ ഒറ്റയൊറ്റ രാവുകളിലാണ് ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കേണ്ടതെന്നാണ് ഹദീസുകള്‍ സൂചിപ്പിക്കുന്നത്. റമസാന്‍ അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചാല്‍ നബി(സ) തങ്ങള്‍ ആരാധനാ കര്‍മങ്ങളില്‍ കൂടുതല്‍ താത്പര്യം കാണിക്കുകയും പ്രത്യേകിച്ച് രാത്രി മുഴുവന്‍ നിന്ന് നിസ്‌കരിക്കുകയും ദാനധര്‍മങ്ങളും ഇഅ്തികാഫും വര്‍ധിപ്പിക്കുകയും ചെയ്യുമായിരുന്നുവെന്നും ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ചാണ് അവിടുന്ന് ഇപ്രകാരം പ്രവര്‍ത്തിച്ചിരുന്നതെന്നും ഹദീസില്‍ വന്നിട്ടുണ്ട്. റമസാന്‍ അവസാനത്തെ പത്തിലാണ് ലൈലത്തുല്‍ ഖദ്ര്‍ എന്നതിന്റെ പ്രധാന തെളിവുകളിലൊന്നാണിത്.
ലൈലത്തുല്‍ ഖദ്‌റിന്റെ ദിവസം കൃത്യമായി നബി(സ) തങ്ങള്‍ക്ക് വിവരം നല്‍കപ്പെട്ടിരുന്നു. പക്ഷേ, അത് സഹാബികളെ അറിയിക്കുന്നതിനായി അവിടുന്ന് പുറത്തിറങ്ങിയപ്പോള്‍ യാദൃച്ഛികമായി രണ്ട് സഹാബികള്‍ തര്‍ക്കിക്കുന്നത് കാണാനിടയായി. തര്‍ക്കത്തിന് പരിഹാരം നിര്‍ദേശിച്ച് ഒത്തുതീര്‍പ്പാക്കിയപ്പോഴേക്കും നിശ്ചിത ദിവസം നബി(സ) തങ്ങള്‍ക്ക് മറപ്പിക്കപ്പെടുകയായിരുന്നു. സാമ്പത്തികമായ എന്തോ ഇടപാടിന്റെ വിഷയത്തില്‍ കഅ്ബുബിന് മാലിക്(റ), അബ്ദുല്ലാഹിബിന് അബീഹദ്‌റദ്(റ) എന്നിവര്‍ തമ്മിലായിരുന്നു തര്‍ക്കം. തര്‍ക്കവും കുഴപ്പവും കാരണം, ഗുണകരമായ പല വിജ്ഞാനങ്ങളും നഷ്ടപ്പെടാമെന്ന പാഠമാണ് ഈ സംഭവം നമുക്ക് നല്‍കുന്നത്.
ഉബാദത്(റ) പറയുന്നു: ലൈലത്തുല്‍ ഖദ്ര്‍ എന്നാണെന്ന് ഞങ്ങളെ അറിയിക്കുന്നതിനായി നബി(വീട്ടില്‍ നിന്ന്) പുറത്തുവന്നു. അപ്പോഴതാ മുസ്‌ലിംകളില്‍ പെട്ട രണ്ട് പേര്‍ തര്‍ക്കിക്കുന്നു. നബി(സ) പറഞ്ഞു: ലൈലത്തുല്‍ ഖദ്‌റിനെക്കുറിച്ച് നിങ്ങള്‍ക്ക് വിവരം നല്‍കാനാണ് ഞാന്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടത്. അപ്പോള്‍ രണ്ട് പേര്‍ തമ്മില്‍ വഴക്കുണ്ടായി. അത് കാരണം, ലൈലത്തുല്‍ ഖദ്ര്‍ എന്നാണെന്ന വിജ്ഞാനം ഉയര്‍ത്തപ്പെട്ടു. ഒരുപക്ഷേ, അത് (നിശ്ചിത ദിവസമാണെന്ന അറിവ് ലഭിക്കാത്തത്) നിങ്ങള്‍ക്ക് ഗുണകരമായേക്കാം. അതുകൊണ്ട് നിങ്ങള്‍ 25, 27, 29 രാവുകളില്‍ അതിനെ അന്വേഷിച്ചുകൊള്ളുക. (ബുഖാരി, മുസ്‌ലിം)
ലൈലത്തുല്‍ ഖദ്‌റിന്റെ ദിവസം നിര്‍ണിതമാകാതിരുന്നതിന്റെ രഹസ്യം പണ്ഡിതന്മാര്‍ വിശദീകരിക്കുന്നതിങ്ങനെയാണ്. ലൈലത്തുല്‍ ഖദ്ര്‍ എന്നാണെന്ന് വ്യക്തമായി അറിയുന്ന പക്ഷം പൊതുവേ അലസരായ നാം ആരാധനാ കര്‍മങ്ങള്‍ ആ ദിവസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തും. നേരെ മറിച്ച് ഏത് രാവുകളും സാധ്യതാ ലിസ്റ്റിലുണ്ടായാല്‍ ഇവയിലെല്ലാം ആരാധനകള്‍ കൊണ്ട് ധന്യമാക്കാന്‍ നാം ഉത്സാഹം കാണിക്കും. അതാകട്ടെ, നമ്മുടെ ഇബാദത്ത് വര്‍ധിക്കാന്‍ കാരണമാകുകയും ചെയ്യും. നേരത്തെ സൂചിപ്പിച്ച 25, 27, 29 രാവുകള്‍ക്ക് പുറമെ റമസാന്‍ 21നും 22നുമെല്ലാം ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പടാമെന്ന് വേറെ ഹദീസുകളിലുണ്ട്.
ലൈലത്തുല്‍ ഖദ്ര്‍ എല്ലാ വര്‍ഷവും ഒരേ രാവ് തന്നെയാകണമെന്നില്ലെന്നും അത് വര്‍ഷം തോറും മാറി മാറി വരുന്നതാണെന്നുമാണ് ഇമാം നവവി (റ) അടക്കമുള്ള ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം.
മേല്‍പ്പറഞ്ഞ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഇമാം ഗസ്സാലി(റ)വും മറ്റും പറയുന്നു: ” റമസാനിലെ ഒന്നാം ദിനം നോക്കി നമുക്ക് ലൈലത്തുല്‍ ഖദ്‌റിനെ മനസ്സിലാക്കാവുന്നതാണ്. റമസാന്‍ ഒന്ന് ഞായറാഴ്ചയോ ബുധനാഴ്ചയോ ആയാല്‍ ലൈലത്തുല്‍ ഖദ്ര്‍ ഇരുപത്തിയൊന്‍പതാം രാവായിരിക്കും. തിങ്കളാഴ്ചയായാല്‍ 21-ാം രാവ്, ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ ആയാല്‍ ഇരുപത്തയേഴാം രാവ്, വ്യാഴാഴ്ചയായാല്‍ ഇരുപത്തിയഞ്ചാം രാവ്, ശനിയാഴ്ച ഒന്ന് വന്നാല്‍ ഇരുപത്തി മൂന്നാം രാവ് എന്നിങ്ങനെയായിരിക്കും ലൈലത്തുല്‍ ഖദ്ര്‍ സംഭവിക്കുക.
ലൈലത്തുല്‍ ഖദ്ര്‍ നിശ്ചിത ദിവസമാണെന്ന് സാധാരണ ഗതിയില്‍ ആര്‍ക്കും ഉറപ്പ് പറയാനാകാതിരിക്കെ, പണ്ടു കാലം മുതല്‍ തന്നെ മുസ്‌ലിം ജനസമൂഹം റമസാന്‍ 27 -ാം രാവിന് ലൈലത്തുല്‍ ഖദ്ര്‍ വരുമെന്ന പ്രതീക്ഷയില്‍ പ്രത്യേക പരിഗണന നല്‍കുന്നതെന്തിനാണ്?
ഇരുപത്തിയേഴാം രാവാണ് ലൈലത്തുല്‍ ഖദ്ര്‍ ആകാന്‍ കൂടുതല്‍ സാധ്യതയുള്ളതെന്ന് നിരവധി പണ്ഡിതന്മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖുര്‍ആനില്‍ തന്നെ വ്യംഗ്യമായി അതിലേക്ക് സൂചനയുണ്ടെന്ന് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇബ്‌നു അബ്ബാസ്(റ) പറയുന്നു. ഉമര്‍(റ) ഒരിക്കല്‍ ഇബ്‌നു അബ്ബാസ്(റ)വിനോട് ചോദിച്ചു: “ലൈലത്തുല്‍ ഖദ്ര്‍ ഏത് രാവില്‍ സംഭവിക്കുമെന്നാണ് താങ്കളുടെ അഭിപ്രായം?”. മഹാനവര്‍കള്‍ പറഞ്ഞു: “ഇരുപത്തിയേഴാം രാവില്‍”.
ഖുര്‍ആന്‍ അവതീര്‍ണ രാവ്, ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാവ് എന്നിവക്ക് പുറമെ വേറെയും ചില പ്രത്യേകതകളുണ്ട് ലൈലത്തുല്‍ ഖദ്‌റിന്. സൂറത്തുല്‍ ഖദ്‌റിന്റെ ആശയം ഇതാണ്: “പ്രസ്തുത രാവില്‍ അല്ലാഹുവിന്റെ അനുമതിയോടെ മാലാഖമാരും ജീബ്‌രീല്‍(അ) മും ഭൂമിയിലേക്കിറങ്ങും. പ്രഭാതം പൊട്ടിവിടരുന്നത് വരെ അത് സമാധാനമായിരിക്കും.”
അല്ലാഹുവിന്റെ അനുമതിയോടെ വാനലോകത്ത് നിന്ന് ഇറങ്ങിവരുന്ന മലക്കുകളുടെ നേതാവ് ജിബ്‌രീല്‍(അ) ആയിരിക്കും. മരിച്ചവരുടെ ആത്മാവുകള്‍ അന്ന് ഭൂമിയില്‍ ഇറങ്ങിവരുമെന്നും ഖുര്‍ആന്‍ പഠിപ്പിച്ച “റൂഹ് ഇറങ്ങിവരു”മെന്നതുകൊണ്ട് വിവക്ഷ അതാണെന്നും ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നു. അതുകൊണ്ടു തന്നെയാണ് മരിച്ച ബന്ധുക്കളുടെ ഖബര്‍ സിയാറത്ത് അന്ന് ചെയ്തുപതിവുള്ളത്. അവര്‍ക്കു വേണ്ടി പ്രാര്‍ഥന നടത്തുന്നതും.
“സലാം” അഥവാ, സമാധാനമാണ് ലൈലത്തുല്‍ ഖദ്‌റിന്റെ മറ്റൊരു പ്രത്യേകത. അന്ന് ആകാശലോകത്ത് നിന്ന് (അല്ലാഹുവിന്റെ പ്രത്യേക) ശാന്തിയും സമാധാനവും അനുഗ്രഹവും വര്‍ഷിക്കും. വാനലോകത്ത് നിന്ന് ഇറങ്ങിവരുന്ന മലക്കുകള്‍ സത്യവിശ്വാസികള്‍ക്ക് സലാം പറഞ്ഞുകൊണ്ടിരിക്കും. പ്രഭാതം വരെ അത് തുടരും.
ഒരു വര്‍ഷം ഭൂമിയില്‍ നടപ്പില്‍ വരുത്താനായി അല്ലാഹു മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള കാര്യങ്ങള്‍ മലക്കുകള്‍ക്ക് വെളിപ്പെടുത്തുകയും അവരെ ഏല്‍പ്പിക്കുകയും ചെയ്യുന്ന രാവ് കൂടിയാണ് ലൈലത്തുല്‍ ഖദ്ര്‍. ഇത് ബറാഅത്ത് രാവിലാണെന്നും അഭിപ്രായമുണ്ട്.
“ഖദ്ര്‍ എന്ന അറബി പദത്തിനര്‍ഥം “നിര്‍ണയിക്കുക”, “കണക്കാക്കുക” എന്നൊക്കെയാണ്. അപ്പോള്‍ ലൈലത്തുല്‍ ഖദ്ര്‍ എന്നതിന് നിര്‍ണയത്തിന്റെ രാത്രി എന്ന് അര്‍ഥം പറയാം. കാരണം, ഒരു ലൈലത്തുല്‍ ഖദ്ര്‍ മുതല്‍ അടുത്ത ലൈലത്തുല്‍ ഖദ്ര്‍ വരെയുള്ള ജനനം, മരണം, ഭക്ഷണം തുടങ്ങിയ എല്ലാ കാര്യങ്ങളും അല്ലാഹു മലക്കുകള്‍ക്ക് വേര്‍തിരിച്ച് വെളിവാക്കിക്കൊടുക്കുന്ന രാത്രിയാണത്. “ബഹുമാനം”, “മഹത്വം” എന്നീ അര്‍ഥങ്ങളും “ഖദ്ര്‍” എന്ന പദത്തിനുണ്ട്. അപ്പോള്‍ മഹത്വത്തിന്റെ രാവ്, ബഹുമാനത്തിന്റെ രാവ് എന്നൊക്കെയാകും ലൈലത്തുല്‍ ഖദ്ര്‍ എന്നതിന്റെ അര്‍ഥം.
എടുത്തു പറയേണ്ട മറ്റൊരു സവിശേഷത, ലൈലത്തുല്‍ ഖദ്‌റില്‍ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കും എന്നതാണ്. പ്രസ്തുത രാത്രിയുടെ മഹത്വവും മലക്കുകളുടെ സാന്നിധ്യവും തന്നെ കാരണം. ലൈലത്തുല്‍ ഖദ്‌റിനെ തുടര്‍ന്ന് വരുന്ന പകലിനും മഹത്വമുണ്ട്.
മഹത്വമേറിയ രാവെന്ന നിലയില്‍ ഏത് പുണ്യ കര്‍മവും ലൈലത്തുല്‍ ഖദ്‌റില്‍ ചെയ്യാവുന്നതാണ്. ഖുര്‍ആന്‍ പാരായണം, ഇഅ്തികാഫ്, സുന്നത്ത് നിസ്‌കാരങ്ങള്‍, ദാനധര്‍മങ്ങള്‍ എന്നിവ വര്‍ധിപ്പിക്കല്‍, ദിക്ര്‍, സ്വലാത്ത്, പ്രാര്‍ഥന എന്നിവയില്‍ മുഴുകല്‍, തസ്ബീഹ് നിസ്‌കാരം നിര്‍വഹിക്കല്‍, മഹാന്മാരുടെ മഖ്ബറകള്‍ സിയാറത്ത് ചെയ്യല്‍ തുടങ്ങി ഏത് നല്ല കാര്യവും അന്ന് അനുഷ്ഠിക്കാം. എന്നാല്‍, ലൈലത്തുല്‍ ഖദ്‌റിലെ സുന്നത്ത് നിസ്‌കാരത്തിന് കൂടുതല്‍ മഹത്വമുണ്ട്. സുന്നത്ത് കര്‍മങ്ങളില്‍ ഏറ്റവും ഉത്തമമായത് സുന്നത്ത് നിസ്‌കാരമാണല്ലോ.
നബി(സ) പറയുന്നു: “ആരെങ്കിലും ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി നിന്ന് നിസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ എല്ലാ(ചെറു) ദോഷങ്ങളും പൊറുക്കപ്പെടുന്നതാണ്.” പ്രസ്തുത രാവിലെ ജമാഅത്ത് നിസ്‌കാരത്തിനും വലിയ പവിത്രതയുണ്ട്. റമസാന്‍ മുഴുവന്‍ മഗ്‌രിബും ഇശാഉം ജമാഅത്തായി നിസ്‌കരിച്ചാല്‍ ലൈലത്തുല്‍ ഖദ്‌റിന്റെ പ്രതിഫലത്തിന്റെ ഗണ്യമായ ഒരു ഭാഗം അവന് ലഭിക്കും.
ആ ദിവസം ഏത് ദിക്‌റാണ് കൂടുതല്‍ ചൊല്ലേണ്ടത്? ഒരിക്കല്‍ ആഇശാ ബീവി, നബി തങ്ങളോട് തന്നെ ചോദിച്ചു:
” അല്ലാഹുവിന്റെ റസൂലേ, ലൈലത്തുല്‍ ഖദ്ര്‍ ഏത് രാത്രിയാണെന്ന് എനിക്ക് മനസ്സിലായാല്‍ അന്ന് ഞാന്‍ എന്താണ് ചൊല്ലേണ്ടത്?”.
“അല്ലാഹുവേ, നീ കൂടുതല്‍ മാപ്പ് നല്‍കുന്നവനാണ്. എനിക്ക് നീ മാപ്പ് നല്‍കേണമേ” എന്ന അര്‍ഥം വരുന്ന പ്രാര്‍ഥന ചൊല്ലാനാണ് നബി ആഇശാ ബീവിയോട് നിര്‍ദേശിച്ചത്.
ഉത്തരം ലഭിക്കുന്ന രാവായതിനാല്‍ അന്ന് പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കുന്നത് സുന്നത്താണ്. പ്രാര്‍ഥന ഏത് നല്ല കാര്യത്തിന് വേണ്ടിയുമാകാം.