Connect with us

International

മലേഷ്യന്‍ വിമാനം: റഷ്യന്‍ പങ്കിന് തെളിവില്ലെന്ന് അമേരിക്ക

Published

|

Last Updated

വാഷിംഗ്ടണ്‍: ഉക്രൈനില്‍ മലേഷ്യന്‍ വിമാനം വെടിവെച്ചിട്ടതില്‍ റഷ്യക്ക് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവുകളില്ലെന്ന് മുതിര്‍ന്ന അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍. എന്നാല്‍ അത്തരമൊരു സാഹചര്യം സ്യഷ്ടിച്ചതില്‍ റഷ്യക്ക് ഉത്തരവാദിത്വമുണ്ടെന്നും അവര്‍ പറഞ്ഞു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തങ്ങളുടെ നിഗമനങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഉക്രൈന്‍ വിമതരെ ആയുധങ്ങള്‍ നല്‍കി സഹായിക്കുന്ന റഷ്യക്കെതിരെ നേരിട്ട് തെളിവുകളില്ലെന്നാണ് കണ്ടെത്തല്‍. യാത്രാ വിമാനം തകര്‍ത്ത മിസൈല്‍ റഷ്യയില്‍ നിന്നാണ് തൊടുത്തതെന്ന് കണ്ടെത്താന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിനായിട്ടില്ല. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
റഷ്യന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഉക്രൈന്‍ വിമതരാണ് വിമാനത്തിനു നേരെ മിസൈല്‍ ആക്രമണം നടത്തിയതെന്ന് സാറ്റലൈറ്റ് ഫോട്ടോകളുടേയും സോഷ്യല്‍ മീഡിയാ സൈറ്റുകളിലെ പോസ്റ്റുകളുടേയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ആരാണ് മിസൈല്‍ തൊടുത്തതെന്നോ ഇവിടെ റഷ്യന്‍ വിദഗ്ധരുടെ സാന്നിധ്യമുണ്ടായിരുന്നോ എന്നും അറിയില്ലെന്ന് ഇവര്‍ പറഞ്ഞു. മിസൈല്‍ പ്രയോഗിച്ചവര്‍ക്ക് റഷ്യയില്‍ നിന്ന് പരിശീലനം കിട്ടിയിരുന്നോ എന്ന് നിശ്ചയമില്ലെങ്കിലും സമീപ ആഴ്ചകളില്‍ റഷ്യ വിമതര്‍ക്ക് ആയുധങ്ങളും പരിശീലനങ്ങളും നല്‍കുന്നത് വര്‍ധിപ്പിച്ചിരുന്നു. ഇത് ഇപ്പോഴും തുടരുകയാണ്. അതേ സമയം മിസൈല്‍ എവിടെ നിന്നാണ് വന്നതെന്ന് തിരിച്ചറിയാനും ഇതിന് പിന്നില്‍ റഷ്യക്ക് നേരിട്ട് പങ്കുണ്ടോയെന്നറിയാനും പ്രവര്‍ത്തിച്ചുവരികയാണെന്നും വിമതരെ സഹായിക്കുന്ന റഷ്യ വിമാന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരിക്കലും ഏറ്റെടുക്കില്ലെന്നും വൈറ്റ്ഹൗസിലെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേശകന്‍ ബെന്‍ റോഡ്‌സ് പറഞ്ഞു.

Latest