National
പാര്‍ലമെന്റില്‍ സച്ചിന്‍ 'ഡക്ക്'
ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പാര്‍ലമെന്റിലെ പ്രകടനത്തിനെതിരെ ആരെങ്കിലും രംഗത്തുവന്നാല്‍ അവര്‍ക്കെതിരെ അസഭ്യം പറഞ്ഞിട്ട് കാര്യമില്ല. അത്രയ്ക്ക് മോശം ഫോമിലാണ് സച്ചിന്‍ രാജ്യസഭയില്‍. എന്തിന് രാജ്യസഭയിലേക്ക് സച്ചിനെ നാമനിര്‍ദേശം ചെയ്യുന്നു എന്ന് പലരും വിമര്‍ശിച്ചിരുന്നു. വിമര്‍ശകരുടെ വായടപ്പിക്കുന്ന ക്രീസിലെ സച്ചിന്റെ പ്രകടനം പ്രതീക്ഷിച്ചവര്‍ക്ക് തെറ്റുപറ്റി. സച്ചിന്‍ ഇതുവരെ എംപി ഫണ്ട് വിനിയോഗിച്ചിട്ടില്ല, ഒരു ചോദ്യവും ചോദിച്ചിട്ടുമില്ല.
സച്ചിനെപ്പോലൊരു താരം നിയമനിര്‍മാണ സഭയുടെ ഭാഗമാകുന്നത് കായിക മേഖലക്ക് കരുത്താകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സച്ചിന്‍ മോശം പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റനും ഒഡീഷയില്‍ നിന്നുള്ള അംഗവുമായ ദിലിപ് ടിര്‍ക്കെ പാര്‍ലമെന്റില്‍ സജീവമാണ്. ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവും ലോക്‌സഭാംഗവുമായ രാജ്യവര്‍ധന്‍ സിങ് റാത്തോഡും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
പ്രതിവര്‍ഷം അഞ്ചുകോടി രൂപയാണ് ഒരു എംപിയുടെ വികസന ഫണ്ടിലേക്ക് ലഭിക്കുക. 2012ല്‍ രാജ്യസഭാംഗമായ സച്ചിന് ലഭിച്ച 15 കോടിയില്‍ ഒരു രൂപ പോലും ഇതുവരെ ചെലവാക്കിയിട്ടില്ല. ദിലീപ് ടിര്‍ക്കെ ലഭിച്ച പത്ത് കോടിയില്‍ 5.39 കോടി രൂപ ചെലവഴിച്ചു. എന്നാല്‍ തനിക്ക് നിരവധി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അര്‍ഹതയുള്ളത് കണ്ടെത്തി ഫണ്ട് ചെലവാക്കുമെന്നും സച്ചിന്‍ പറഞ്ഞു. ഇതിനായി മുംബൈ സബര്‍ബന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ലഭിച്ച അപേക്ഷകള്‍ മഹാരാഷ്ട്രയില്‍ നിന്ന് മാത്രമല്ല ഹിമാചല്‍ പ്രദേശ് അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നാണെന്നും സച്ചിന്‍ അറിയിച്ചു. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമായതിനാല്‍ രാജ്യത്തെവിടെയും സച്ചിന് ഫണ്ട് ചെലവഴിക്കാം.