Connect with us

Kerala

ആത്മീയ സാഗരം തീര്‍ത്ത് മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളനം സമാപിച്ചു

Published

|

Last Updated

മലപ്പുറം: റമസാന്‍ ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ച രാവും ഒരുമിച്ച വിശുദ്ധിയുടെ രാത്രിയില്‍ ധ്യാന മനസ്സോടെ മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച പ്രാര്‍ഥനാ സമ്മേളനത്തില്‍ എത്തിച്ചേര്‍ന്ന വിശ്വാസികള്‍ സ്വലാത്ത് നഗറില്‍ ആത്മീയ സാഗരം തീര്‍ത്തു. ഭീകരതക്കും ലഹരി വിപത്തിനുമെതിരെ പ്രതിജ്ഞയെടുത്ത് ലോക സമാധാനത്തിനുള്ള പ്രാര്‍ഥനകളോടെയാണ് അവര്‍ പിരിഞ്ഞു പോയത്.
ഇന്നലെ പുലര്‍ച്ചെ ഇഅ്തികാഫ് ജല്‍സയോടെ തുടങ്ങിയ പരിപാടികള്‍ ഇന്ന് പുലര്‍ച്ചെ വരെ നീണ്ടു. വൈകുന്നേരം നാലിന് ബുര്‍ദ പാരായണത്തോടെയാണ് പ്രധാന വേദിയില്‍ പരിപാടികള്‍ തുടങ്ങിയത്. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി പ്രാരംഭ പ്രാര്‍ഥന നടത്തി. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. ഭീകരതക്കെതിരെയുള്ള പ്രതിജ്ഞാ ചടങ്ങിനും സമാപന പ്രാര്‍ഥനക്കും അദ്ദേഹം നേതൃത്വം നല്‍കി.
രാജ്യത്ത് ഏറ്റവുമധികം വിശ്വാസികള്‍ ഒരുമിച്ച റംസാന്‍ സമ്മേളനത്തില്‍ ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ഭീകരാക്രമണത്തെ അപലപിക്കുന്ന പ്രത്യേക പ്രമേയം അവതരിപ്പിച്ചു. ഐക്യരാഷ്ട്ര സഭയും അന്താരാഷ്ട്ര സംവിധാനങ്ങളും ഇസ്‌റാഈല്‍ ഭീകരത അവസാനിപ്പിക്കാനുള്ള അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളില്‍ ഇന്ത്യ സജീവമായി ഇടപെടണമെന്നും കേന്ദ്ര സര്‍ക്കാറിനോട് സമ്മേളനം ആവശ്യപ്പെട്ടു. യു എന്‍ മനുഷ്യാവകാശ സമിതിയില്‍ ഫലസ്തീനിനു അനുകൂലമായി ഇന്ത്യ വോട്ടു ചെയ്തതിനെ പ്രകീര്‍ത്തിച്ച പ്രമേയം ഈ നിലപാട് രാജ്യത്തിനകത്തും അന്താരാഷ്ട്ര വേദികളിലും ഇനിയും തുടരേണ്ടതുണ്ടെന്നും പ്രമേയ പ്രഭാഷണം നടത്തിയ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു.
പ്രാര്‍ഥനാ സമ്മേളനത്തിന്റെ ആരംഭ കാലം മുതല്‍ നേതൃത്വം നല്‍കിയിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ സ്മരണയില്‍ പ്രത്യേക ദുആയും വിഷ്വല്‍ പ്രസന്റേഷനും നടത്തി. തൗബ, തഹ്‌ലീല്‍, സ്വലാത്ത്, ഖത്മുല്‍ ഖുര്‍ആന്‍ ദുആ എന്നിവക്കും പ്രമുഖ പണ്ഡിതന്മാര്‍ നേതൃത്വം നല്‍കി. സ്വലാത്ത് നഗറിലെ പ്രധാന നഗരിക്കു പുറമെ വിവിധ ഗ്രൗണ്ടുകളില്‍ വിപുലമായ ശബ്ദ- വെളിച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വിവിധ ചാനലുകള്‍ വഴിയും ഓണ്‍ലൈന്‍ ക്ലാസ് റൂമുകള്‍ വഴിയുമുള്ള തത്സമയ സംപ്രേക്ഷണം പ്രവാസികളുള്‍പ്പെടെയുള്ള സംഗമത്തിനെത്താനാവത്തവര്‍ക്ക് വലിയ അനുഗ്രഹമായി. ഒരു ലക്ഷം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു.
പ്രധാന നഗരിയിലും പ്രത്യേകം തയ്യാറാക്കിയ പന്തലുകളിലുമായി ജനസാഗരം ഒന്നിച്ച് നോമ്പു തുറന്നു. പ്രവാസികള്‍ക്ക് പ്രത്യേക ഗള്‍ഫ് കൗണ്ടറും ദൂരെ ദിക്കുകളില്‍ നിന്നെത്തുന്നവര്‍ക്ക് അത്താഴ വിതരണത്തിന് പ്രത്യേകം വളണ്ടിയര്‍ സംഘവും തയ്യാറാക്കിയിരുന്നു. നിര്‍ബന്ധ നിസ്‌കാരങ്ങള്‍ക്കു പുറമെ, തസ്ബീഹ്, അവ്വാബീന്‍, തറാവീഹ്, വിത്‌റ് നിസ്‌കാരങ്ങള്‍ക്ക് വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു. സയ്യിദ് അലി ബാഫഖി, സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സയ്യിദ് ഹബീബ് കോയ ചെരക്കാപ്പറമ്പ്, സയ്യിദ് അഹ്മദ് ഹുസൈന്‍ ശിഹാബ് തിരൂര്‍ക്കാട്, സയ്യിദ് പൂക്കോയ തലപ്പാറ, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഹസന്‍ മുസ്‌ലിയാര്‍ വയനാട്, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, മൗലാനാ നൂറുല്‍ ഹസന്‍ (ആസ്‌ട്രേലിയ), ഷാഹുല്‍ ഹമീദ് വാവു (ഹോങ്കോംഗ്) മുഹമ്മദ് മുഹ്‌സിന്‍ (ബ്രിട്ടന്‍), സി മുഹമ്മദ് ഫൈസി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എ പി അബ്ദുല്‍ കരീം ഹാജി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, എന്നിവര്‍ പ്രസംഗിച്ചു.

Latest