Connect with us

Kerala

എം എല്‍ എ ഹോസ്റ്റലിലെ അഞ്ച് മുറികള്‍ ഒഴിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം:നിയമസഭാ സെക്രട്ടറി ശാര്‍ങ്ഗധരന്റെ നേതൃത്വത്തിലുള്ള സംഘം എം എല്‍ എ ഹോസ്റ്റലിലെ മുറികളില്‍ പരിശോധന നടത്തി അനധികൃതമായി കൈവശം വെച്ച അഞ്ച് മുറികള്‍ ഒഴിപ്പിച്ചു. കൊച്ചി ബ്ലാക്ക്‌മെയിലിംഗ് പെണ്‍വാണിഭ കേസിലെ അഞ്ചാം പ്രതി ജയചന്ദ്രന്‍, എം എല്‍ എ ഹോസ്റ്റലില്‍ ഒളിച്ചു താമസിച്ച പശ്ചാത്തലത്തില്‍ അനധികൃത താമസം തടയുന്നതിന്റെ ഭാഗമായാണ് നടപടി. സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്‍ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ മുറികള്‍ എം എല്‍ എമാരുടെ പേരില്‍ എടുത്തിരുന്നതായി ബോധ്യപ്പെട്ടെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

രാവിലെ പതിനൊന്ന് മണിയോടെയാണ് ശാര്‍ങ്ഗധരന്‍ പരിശോധനക്കയി എം എല്‍ എ ഹോസ്റ്റലില്‍ എത്തിയത്. മുന്‍ എം എല്‍ എമാര്‍ക്ക് അനുവദിച്ച മുറികള്‍ അദ്ദേഹം പരിശോധിച്ചു. തുറക്കാന്‍ കഴിയാതിരുന്ന മുറികള്‍ മറ്റൊരു താഴിട്ട് പൂട്ടുകയും ചെയ്തു. മുന്‍ എം എല്‍ എമാരുടെ പേരില്‍ അനധികൃതമായി താമസിച്ചവരുടെ പട്ടിക തയ്യാറാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിയമസഭാ സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുറികള്‍ അനുവദിക്കുന്നതില്‍ ചട്ടവിരുദ്ധ നടപടികള്‍ ഉണ്ടായിട്ടുള്ളതായി രജിസ്റ്ററുകള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധന നടത്തുമെന്നും സെക്രട്ടറി പറഞ്ഞു.
മുന്‍ എം എല്‍ എമാര്‍ക്ക് പത്ത് രൂപ ദിവസ വാടകക്ക് അനുവദിക്കുന്ന മുറികളാണ് ചിലര്‍ സ്ഥിരമായി കൈവശപ്പെടുത്തിയത്. പരമാവധി അഞ്ച് ദിവസമാണ് മുന്‍ എം എല്‍ എയുടെ പേരില്‍ എം എല്‍ എ ക്വാര്‍ട്ടേഴ്‌സില്‍ മുറി അനുവദിക്കാവുന്നത്. മുന്‍ എം എല്‍ എമാരായ പന്തളം സുധാകരന്‍, പുനലൂര്‍ മധു, കെ കെ ഷാജു, എ എ ഷുക്കൂര്‍ എന്നിവരുടെ പേരില്‍ ഈ വ്യവസ്ഥ ലംഘിച്ച് ദീര്‍ഘകാലം മുറി അനുവദിച്ചിരുന്നതായി കണ്ടെത്തി. പന്തളം സുധാകരന്റെ പേരിലുള്ള മുറിയില്‍ കെ പി സി സി സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍, പുനലൂര്‍ മധുവിന്റെ മുറിയില്‍ മറ്റൊരു കെ പി സി സി സെക്രട്ടറി മണക്കാട് സുരേഷ്, എ എ ഷുക്കൂറിന്റെ മുറിയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം ശ്രീകുമാര്‍ എന്നിവരാണ് താമസിക്കുന്നതെന്ന് എം എല്‍ എ ക്വാര്‍ട്ടേഴ്‌സ് ജീവനക്കാര്‍ നിയമസഭാ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.
എ എ ഷുക്കൂറിന്റെ പേരിലുള്ള മുറിയില്‍ താമസിക്കുന്നത് ഒരു മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് ആണ്. ആ മുറി ഇന്നു തന്നെ ഒഴിയുമെന്നാണ് നിയമസഭാ സെക്രട്ടറിക്ക് ലഭിച്ച ഉറപ്പ്. പുനലൂര്‍ മധുവും കെ കെ ഷാജുവും ഇന്നലെ തന്നെ താക്കോല്‍ നല്‍കിയിരുന്നു. എന്നാല്‍, എം എല്‍ എ ഹോസ്റ്റലില്‍ താന്‍ മുറിയെടുത്തിട്ടില്ലെന്ന് പന്തളം സുധാകരന്‍ പറഞ്ഞു. തന്റെ അറിവില്ലാതെ മുറി നല്‍കിയത് ഗുരുതരമായ ചട്ടലംഘനമാണ്. 24-ാം തീയതി മുറി പുതുക്കാന്‍ രജിസ്റ്ററില്‍ ഒപ്പിട്ടിട്ടില്ല. തന്റെ വ്യാജ ഒപ്പിട്ട് മുറിയെടുത്തതിനെക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. പരാതി ഗൗരവമായാണ് നിയമസഭാ സെക്രട്ടേറിയറ്റ് കാണുന്നതെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

Latest