Connect with us

National

യു പി കലാപം: പരസ്പരം പഴിചാരി പാര്‍ട്ടികള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സാമുദായിക സംഘര്‍ഷം നിത്യമായതിനിടയില്‍, പുതിയ തന്ത്രവുമായി ബി ജെ പി രംഗത്തെത്തി. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ചെയ്യുന്നതെന്ന് ബി ജെ പി ആരോപിക്കുന്നു. എന്നാല്‍ എല്ലാ ആരോപണങ്ങളെയും അവഗണിച്ചു തള്ളുകയാണ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദ് പാര്‍ട്ടി. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും ഇവിടെ വര്‍ഗീയ, സാമുദായിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ലെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് രാജേന്ദ്ര ചൗധരി ചൂണ്ടിക്കാട്ടി.

സഹറാന്‍പൂരില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭൂമി വിവാദവുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് 20 പേര്‍ അറസ്റ്റിലായിട്ടുണ്ട്. നഗരത്തില്‍ ഇപ്പോഴും കര്‍ഫ്യൂവും കണ്ടാല്‍ വെടിവെക്കുമെന്ന മുന്നറിയിപ്പും നിലനില്‍ക്കുകയാണ്.
സംഘര്‍ഷങ്ങളുടെ പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെയാണ് ബി ജെ പിയും കോണ്‍ഗ്രസും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. യു പിയില്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് സംഘര്‍ഷങ്ങള്‍ അനിവാര്യമാണെന്നും വോട്ട് ബേങ്കിന് ഇത് അത്യാവശ്യമാണെന്നും ബി ജെ പി നേതാവ് ഷാനവാസ് ഹുസൈന്‍ ആരോപിച്ചു. എല്ലാ രംഗത്തും അഖിലേഷ് യാദവ് സര്‍ക്കാര്‍ പിറകിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാവ് റാഷിദ് അല്‍വിയും യു പി സര്‍ക്കാറിനെ കുറ്റപ്പെടുത്തി രംഗത്തെത്തി. യു പി ഭാഗങ്ങളായി വിഭജിക്കണമെന്നും ഇപ്പോള്‍ അതിന് ഏറ്റവും അനുയോജ്യമായ സമയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഹറാന്‍പൂര്‍ സാമുദായിക സംഘര്‍ഷം അടിച്ചമര്‍ത്തുന്നതില്‍ നഗര ഭരണകൂടം പരാജയപ്പെട്ടതായും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
വളരെ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് സംഘര്‍ഷങ്ങളും ഇതിന് ശേഷം വ്യാപകമായി കടകള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തതെന്ന് വ്യാപകമായ പരാതിയുണ്ട്. വഖ്ഫ് ഭൂമിയാണെന്ന് മുസ്‌ലിംകളും 15 വര്‍ഷം മുമ്പ് ഈ ഭൂമി വാങ്ങിയെന്ന് മറുഭാഗവും വാദമുന്നയിക്കുന്ന ഒരു ഭൂമിയെ ചൊല്ലിയാണ് സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. അടുത്തകാലത്തായി ഉത്തര്‍പ്രദേശില്‍ സാമുദായിക സംഘര്‍ഷങ്ങള്‍ വളരെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായും നിരവധി സംഘര്‍ഷങ്ങള്‍ ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest