Connect with us

Ongoing News

അതിഥി വിടപറയുമ്പോള്‍

Published

|

Last Updated

റമസാന്‍ വിട പറയുകയായി. നമ്മുടെ റമസാന്‍ സ്വീകരിക്കപ്പെട്ടോ? റമസാനിനു ശേഷമുള്ള ജീവിതം വിലയിരുത്തി അത് മനസ്സിലാക്കാമെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. റമസാനിലെ വിശുദ്ധി തുടര്‍ന്നും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് സ്വീകരിക്കപ്പെട്ടതിന്റെ അടയാളമാണ്. റമസാന്‍ വിടപറയുമ്പോള്‍ വിശ്വാസിയുടെ മനസ്സില്‍ നൊമ്പരമുണ്ടാകും. ഇനിയുമൊരുപാട് റമസാനുകളെ സ്വീകരിക്കാന്‍ ഉതവിയുണ്ടാകാന്‍ അവന്‍ ഉടമയോട് ഇരന്ന് തേടും. ഒരു മാസം നോമ്പനുഷ്ഠിച്ചതിന്റെ സമ്മാനമായാണ് പെരുന്നാള്‍ ഉടയ തമ്പുരാന്‍ നമുക്ക് നല്‍കിയത്.

പെരുന്നാള്‍ ദിനത്തില്‍ നോമ്പ് നിഷിദ്ധമാണ്. അന്ന് അനുവദനീയമായ ഏത് വിനോദവുമാകാം. തിരുനബിയുടെ പത്‌നി ആഇശ (റ) പറഞ്ഞു: അന്‍സ്വാറുകളുടെ പെണ്‍കുട്ടികളില്‍ പെട്ട രണ്ട് പെണ്‍കൊച്ചുങ്ങള്‍ എന്റെ സമീപത്ത് നില്‍ക്കുമ്പോള്‍ അബൂബക്കര്‍ സിദ്ദീഖ് (റ) കടന്നുവന്നു. ബുആസ് യുദ്ധദിവസം അന്‍സ്വാറുകള്‍ ആലപിച്ച പാട്ടുകള്‍ പാടുകയായിരുന്നു ആ പെണ്‍കുട്ടികള്‍. അവര്‍ അറിയപ്പെട്ട പതിവു ഗായകരായിരുന്നില്ല. പിശാചിന്റെ ചൂളം വിളി അല്ലാഹുവിന്റെ റസൂലിന്റെ വീട്ടിലോ?, എന്ന് അബൂബക്കര്‍ (റ) ചോദിച്ചു. അത് ഒരു പെരുന്നാള്‍ ദിനത്തിലായിരുന്നു. റസൂല്‍ (സ) പറഞ്ഞു: ഓ അബൂബക്കര്‍! എല്ലാ ജനവിഭാഗത്തിനും ഓരോ ആഘോഷ ദിനമുണ്ട്. ഇത് നമ്മുടെ ആഘോഷ ദിനമാണ്. (മുസ്‌ലിം 892) പെരുന്നാള്‍ ആഘോഷിക്കുന്ന അന്‍സാരി പെണ്‍കുട്ടികളെ തിരുനബി (സ) എതിര്‍ത്തില്ല. പകരം ആഘോഷിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്തത്. ഈദ് ആഘോഷിക്കാന്‍ ഹലാലായ ഏത് രൂപവും സ്വീകരിക്കാമെന്നു ചുരുക്കം.
മോചനത്തിന്റ മാസമായ റമസാനില്‍ നിരന്തരം പ്രാര്‍ഥനയില്‍ കഴിച്ചുകൂടി നരകമോചനം പ്രതീക്ഷിക്കുന്ന വിശ്വാസികള്‍ക്ക് ഇതിന് വഴിയൊരുക്കിയ അല്ലാഹുവിന് ശുക്ര്‍ ചെയ്യാനുള്ള ഒരു ദിനമായാണ് പെരുന്നാള്‍ കണക്കാക്കപ്പെടുന്നത്. റമസാനില്‍ നേടിയെടുത്ത ആത്മീയ ചൈതന്യത്തെ അവമതിക്കുന്ന തരത്തിലാകരുത് പെരുന്നാള്‍. ആഘോഷങ്ങളും വിനോദങ്ങളും ഇസ്‌ലാം പഠിപ്പിക്കുന്ന സംസ്‌കാരത്തോടും അധ്യാപനങ്ങളോടും എതിരാകുന്നതാകാന്‍ പാടില്ലല്ലോ. മദ്യപാനം, ചൂതാട്ടം, സംഗീത മേള, സിനിമ, നാടകം, സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള ഗാന വിരുന്നുകള്‍ തുടങ്ങിയതൊന്നും ഇസ്‌ലാം അംഗീകരിക്കുന്നേയില്ല. പെരുന്നാളിന്റെ പേരില്‍ ഇന്നു നടക്കുന്ന തോന്നിവാസങ്ങള്‍ അസഹനീയമാണ്.
ശവ്വാലിന്റെ പൊന്നമ്പിളി ആകാശത്ത് തെളിഞ്ഞതു മുതല്‍ തക്ബീര്‍ ചൊല്ലിത്തുടങ്ങണം. ഇത് പെരുന്നാളിന്റെ പകലില്‍ പെരുന്നാള്‍ നിസ്‌കാരം തുടങ്ങുന്നതുവരെ എല്ലാവര്‍ക്കും ഏതുസമയത്തും സുന്നത്താണ്. നബി (സ) പറഞ്ഞു: നിങ്ങളുടെ പെരുന്നാള്‍ ദിവസങ്ങളെ തക്ബീര്‍ കൊണ്ട് അലങ്കരിക്കുക. (ത്വബ്‌റാനി) വഴികളും അങ്ങാടികളും വീടുകളും പള്ളികളും തക്ബീറിന്റെ ആരവത്തിലായിരിക്കണം.
പെരുന്നാളിന്റെ പ്രഭാതത്തില്‍ കുളിക്കുന്നതും ഭംഗിയുള്ള വസ്ത്രം ധരിക്കുന്നതും സുഗന്ധം പൂശുന്നതും പരസ്പരം പെരുന്നാള്‍ സന്ദേശങ്ങള്‍ കൈമാറുന്നതും ഹസ്തദാനം ചെയ്യുന്നതും വീട്ടിലിരിക്കുന്നവര്‍ക്കും പുറത്തു പോകുന്നവര്‍ക്കും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സുന്നത്താകുന്നു. ആശംസക്കായി ഏതു നല്ല വാക്കുകളും ഉപയോഗിക്കാവുന്നതാണ്.
മുസ്‌ലിമിന്റെ ആഘോഷങ്ങളും പെരുന്നാളുകളും ബന്ധങ്ങള്‍ പുതുക്കുന്നതായിരിക്കണം. ബന്ധങ്ങള്‍ ചേര്‍ക്കുന്നതിന് ഇസ്‌ലാം വളരെ പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. അയല്‍ വീടുകള്‍ സന്ദര്‍ശിക്കുകയും കുടുംബ ബന്ധം പുലര്‍ത്തുകയും രോഗികളെ സന്ദര്‍ശിക്കുകയും മഹാന്മാരുടെ മസാറുകള്‍ സന്ദര്‍ശിച്ച് പുണ്യം കരസ്ഥമാക്കുകയുമാകുമ്പോള്‍ പെരുന്നാള്‍ കൂടുതല്‍ സന്തോഷദായകവും ആത്മീയ നിര്‍ഭരവുമാകുന്നു.