Articles
ഫാമിലി ഡോക്ടര്‍: ആരോഗ്യ കേരളത്തിന്റെ അത്താണി
കേരളത്തിലെ മെഡിക്കല്‍ രംഗത്തിന്റെ അത്താണി ഫാമിലി ഡോക്ടര്‍(Family Doctor) ആണെന്ന് മുമ്പ് നാം പറഞ്ഞല്ലോ. ഇത്തരത്തിലുള്ള ഡോക്ടര്‍മാര്‍ കേരളത്തില്‍ ഉടനീളം കഴിഞ്ഞ തലമുറയില്‍ ഉണ്ടായിരുന്നു. കോഴിക്കോട്ട് ഡോ. സി കെ മേനോനും ഡോ. ബലരാമനും ഡോ. സുമതിയും ഡോ. ബാലകൃഷ്ണ്‍ നായരും ഡോ. നാരായണ സ്വാമിയുമെല്ലാം അത്തരത്തില്‍ പെട്ടവരായിരുന്നു. പാലക്കാട്ട് ഡോ. എ ആര്‍ മേനോനും ഡോ. ഹരിദാസും ഒറ്റപ്പാലത്ത് ഡോ. എം എന്‍ മേനോനും ഡോ. കുഞ്ഞിക്കണ്ണ മേനോനും എല്ലാം ഈ വിഭാഗത്തില്‍ ഉണ്ടായിരുന്നു. ഇങ്ങനെയുള്ള ഒരു 500-1000 ഡോക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളാണ് കേരളത്തിന്റെ ആരോഗ്യ രംഗത്ത് ഒരു വലിയ പുരോഗതി സൃഷ്ടിച്ചത്. ഇന്നത്തെ നമ്മുടെ ദുഃസ്ഥിതിക്ക് കാരണവും ഈ ഗ്രൂപ്പ് ഡോക്ടര്‍മാര്‍ ഇല്ലാതായിത്തീര്‍ന്നു എന്നതാണ്.
ആരാണ് ഫാമിലി ഡോക്ടര്‍?
ആരാണ് ഒരു ഫാമിലി ഡോക്ടര്‍ എന്ന് നിര്‍വചിക്കുക അത്ര എളുപ്പമല്ല. അത്തരമൊരു ഡോക്ടറെ പറ്റി വന്ന ഒരു കഥ പറഞ്ഞു നമുക്ക് ആരംഭിക്കാം. മോഡേണ്‍ ഡോക്ടര്‍മാരുടെ ഏറ്റവും നല്ല മൂന്ന് പ്രസിദ്ധീകരണങ്ങളാണ് ലാന്‍സറ്റ്(Lancet) ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ (British Medical Journal) അമേരിക്കയില്‍ പ്രസിദ്ധീകരിക്കുന്ന ന്യൂ ഇംഗ്ലണ്ട് മെഡിക്കല്‍ ജേര്‍ണല്‍ (New England Medical Journal) എന്നിവ. ഈ കഥ ന്യൂ ഇംഗ്ലണ്ട് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചതാകയാല്‍, അതിന്റെ ആധികാരികത ചോദ്യം ചെയ്യാന്‍ സാധിക്കാത്തതാണ്.
“”മിസ്റ്റര്‍ ജോണ്‍സ്, (പേര്‍ വ്യത്യസ്തം)ബോസ്റ്റണിലെ ഒരു ചെറുപ്പക്കാരനാണ്. 21 വയസ്സില്‍ ഡിഗ്രിയോടെ 24-ാം വയസ്സില്‍ ഹാര്‍വാര്‍ഡില്‍ നിന്ന് എം ബി എയും മറ്റും കരസ്ഥമാക്കിയ ഒരു അതിബുദ്ധിമാന്‍. അദ്ദേഹത്തന് ബോസ്റ്റണില്‍ ഒരു വലിയ കമ്പനിയില്‍ എക്‌സിക്യൂട്ടീവ് ഉദ്യോഗം ലഭിച്ചതില്‍ അത്ഭുതമില്ല. 6-7 കൊല്ലം കൊണ്ട് അദ്ദഹം ആ കമ്പനിയിലെ സി ഇ ഒ(ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍) ആയി. അങ്ങനെ തന്റെ ഔദ്യോഗിക പദവിയുടെ ഉത്തുംഗ ശൃംഗത്തില്‍ വിളയാടിയിരുന്ന അദ്ദേഹത്തിന് ക്രമേണ നെഞ്ചുവേദനയും ശ്വാസം മുട്ടലും ചുമയും അനുഭവപ്പെട്ടു തുടുങ്ങി. അദ്ദേഹത്തിന്റെ രോഗത്തിന്റെ പ്രത്യേകത, അത് ഓഫീസില്‍ വരുമ്പോള്‍ മാത്രമാണ് അദ്ദേഹത്തെ ബാധിച്ചിരുന്നത് എന്നതാണ്. രോഗം വര്‍ധിച്ചപ്പോള്‍ അദ്ദേഹം ഡോക്ടറെ സമീപിച്ചു. ഓഫീസിലെ സ്‌ട്രെസ്സ് (ജോലി സമ്മര്‍ദം) കൊണ്ടായിരിക്കും എന്നു കരുതി ആദ്യം സൈക്യാട്രിക് ടെസ്റ്റുകള്‍(Psychiatric) ഒക്കെ ചെയ്തുനോക്കി. സ്ലീപ്പിംഗ് പില്‍സ് ഉള്‍പ്പെടെയുള്ള മരുന്നുകളെല്ലാം ഉപയോഗിച്ചു നോക്കി. അതുകൊണ്ട് ഭേദമാകാഞ്ഞപ്പോള്‍ ഒരു ശ്വാസ കോശ വിദഗ്ധന്റെ കീഴില്‍ എല്ലാ പള്‍മനറി ഫംക്ഷന്‍ ടെസ്റ്റുകളും (Pulmonary Function) നടത്തി. അവര്‍ക്ക് ഒന്നും കണ്ടുപിടിക്കാന്‍ സാധിച്ചില്ല. പിന്നീട് ഹൃദ്രോഗ വിദഗ്ധന്മാരുടെ ഊഴമായി. അവരും കൈയൊഴിഞ്ഞപ്പോള്‍ എന്തു ചെയ്യണം എന്നറിയാതെ രോഗിയെ അമേരിക്കയിലെ സുപ്രസിദ്ധമായ മേയോ ക്ലിനിക്കില്‍ (Mayo Clinic) അഡ്മിറ്റ് ചെയ്തു. ടെസ്റ്റുകളെല്ലാം വീണ്ടും നടത്തുകയും ചെയ്തു.
അവസാനം ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സില്‍ ഇദ്ദേഹത്തിന്റെ നെഞ്ച് തുറന്നു, തടസ്സമുള്ള സ്ഥലം നേരില്‍ കണ്ട് ചികിത്സ നിശ്ചയിക്കാന്‍ ഉറപ്പിച്ചു. ഈ മേജര്‍ സര്‍ജറി ചെയ്യുന്നതിന് മുമ്പ് ഒരു ആഴ്ച അദ്ദേഹത്തോട് നാട്ടില്‍ പോയി വിശ്രമിക്കാനും അവര്‍ ഉപദേശിച്ചു. അത് പ്രകാരം, നാട്ടില്‍ പോയ അദ്ദേഹം, ഒരു ദിവസം പ്രഭാത സവാരിക്കിറങ്ങിയപ്പോള്‍ യാദൃച്ഛികമായി അദ്ദേഹത്തിന്റെ പഴയ ഫാമിലി ഡോക്ടറെ കാണാനിടയായി.
ഇതാണ് ഫാമിലി ഡോക്ടര്‍
തന്നെ സ്വന്തം മകനെപ്പോലെ സ്‌നേഹിച്ചിരുന്ന ഡോക്ടറോട് അയാള്‍ രോഗവിവരങ്ങളെല്ലാം ഗദ്ഗദ ഗ കണ്ഠനായി വിസ്തരിച്ചു. കുറച്ചു നേരം ആലോചിച്ച ശേഷം, ആ വൃദ്ധനായ ഫാമിലി ഡോക്ടര്‍ ചോദിച്ചു: “അല്ലാ ജോണ്‍സ്, നീ ഇപ്പോഴും ആ 18 ഇഞ്ച് കോളര്‍ തന്നെയാണോ, ടൈ കെട്ടാനുപയോഗിക്കുന്നത്?”. മി. ജോണ്‍ “അതെ” എന്ന് മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: “അത് 20 ആയി ഒന്ന് മാറ്റിനോക്ക്.” പിറ്റെ ദിവസം തന്നെ അദ്ദേഹം തന്റെ കോളറിന്റെ അളവ് വര്‍ധിപ്പിച്ചു. അതോടുകൂടി അദ്ദേഹത്തിന്റെ രോഗം അപ്രത്യക്ഷവുമായി. വലിയ അന്തസ്സുള്ള ജോലിയും അതിനനുസരിച്ച ഭക്ഷണക്രമവും എല്ലാ കൂടി മി. ജോണ്‍സ് വളരെയേറെ തടിച്ചു കൊഴുത്തുപോയിരുന്നു. അത് ഏറ്റവും പ്രകടമായിരുന്നത് കഴുത്തിലാണ്. അതുകൊണ്ട് കഴുത്തിനെ പഴയ കോളര്‍ ഞെരുക്കിയിരുന്നതിനാലാണ് അദ്ദേഹത്തിന് ഈ വിമ്മിഷ്ടങ്ങളെല്ലാം വന്നത്. ഈ ഉപദേശം നല്‍കിയ വൃദ്ധ ഡോക്ടറാണ് ഫാമിലി ഡോക്ടര്‍.
ഫാമിലി ഡോക്ടറുടെ മാഹാത്മ്യത്തെ പറ്റി പറയാമെന്നല്ലാതെ ആ സമ്പ്രദായം വീണ്ടും കൊണ്ടുവരിക എന്നത് അത്ര എളുപ്പമല്ല. മറ്റു പല വൈഷമ്യങ്ങളുടെയും പോലെ ഇന്നത്തെ ആരോഗ്യരംഗവും ഒരു സ്വയംകൃതാനര്‍ഥമാണ് എന്ന് വേണമെങ്കില്‍ പറയാം. എന്നു നാം വൈദ്യ പരിചരണം ഒരു ബിസിനസ്സാക്കി തീര്‍ത്തോ അന്ന് നാം ഈ സ്ഥിതിവിശേഷത്തിന് വിത്ത് പാകി. ഹെല്‍ത്ത് ഇന്‍ഡസ്ട്രി കരുപ്പിടിപ്പിച്ചതോടുകൂടി, രോഗ ചികിത്സയുടെ ഏക ഉദ്ദേശ്യം പണം ഉണ്ടാക്കലായി. ഇതിന്റെ ഭാഗമായി ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലുകള്‍ രാജ്യത്തുടനീളം സ്ഥാപിക്കപ്പെട്ടു. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ വന്നതോടുകൂടി മെഡിസിന്‍ വലിയ പണക്കാരുടെയും ബിസിനസുകാരുടെയും ഒരു വിഹാരമായിത്തീര്‍ന്നു. മറ്റേതൊരു രാജ്യത്തും ഇല്ലാത്ത (ഇംഗ്ലണ്ടിലൊഴികെ) ഒരു മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് സിസ്റ്റം നമ്മുടെ നാട്ടില്‍ നടപ്പായി. ഇതില്‍ ഡോക്ടര്‍മാരുടെ സംഘടനകള്‍ക്കും (Peer Group) മറ്റുമുള്ള സ്വാധീനത്തിന് പകരം, യൂനിവേഴ്‌സിറ്റികള്‍ക്കും ബിസിനസുകാര്‍ക്കുമായി പ്രാധാന്യം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മെഡിക്കല്‍ ഡിഗ്രിയും പോസ്റ്റ് ഡിഗ്രിയും പണം കൊടുത്തു വാങ്ങാവുന്ന വസ്തുക്കളായി മാറി. ചിലപ്പോള്‍ ഒരു കോടി രൂപ വില വരും ! ഇതിന്റെ ഭാഗമായി വെറും എം ബി ബി എസ് ഡിഗ്രി ഒരു വിലയില്ലാത്ത ഡിപ്ലോമ ആയി. അചിരേണ വെറും എം ബി ബി എസ് ഉള്ളവരെ വ്യാജ ഡോക്ടര്‍മാരായി കണ്ടാല്‍ അത്ഭുതപ്പെടാനില്ല. ഒരു കോടി രൂപ ചെലവ് ചെയ്ത് ഏഴെട്ട് കൊല്ലം ചെലവഴിച്ച് ഒരു സൂപ്പര്‍ സെപെഷ്യാലിറ്റി ഡിഗ്രി വാങ്ങിയ ഡോക്ടര്‍ സാധാരണ ചികിത്സ ചെയ്യുന്ന ഒരു ഫാമിലി ഡോക്ടറാകുക സാധ്യമല്ലല്ലോ. ഈ സ്ഥിതിവിശേഷം പെട്ടെന്ന് മാറ്റിമറിക്കുക അസാധ്യമാണ്. അതുകൊണ്ട് കേരളത്തില്‍ ഒരു ഫാമിലി ഡോക്ടര്‍ സംവിധാനം ഉണ്ടാക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു പൈലറ്റ് സ്റ്റഡി(Pilot Study) യെപ്പറ്റി മാത്രമാണ് ഇവിടെ ചിന്തിക്കുന്നത്.
ഈ പൈലറ്റ് സ്റ്റഡിയില്‍ 1000 ഫാമിലി ഡോക്ടര്‍മാരെ സൃഷ്ടിക്കാനുള്ള ഒരു പദ്ധതി നമുക്ക് ആവിഷ്‌കരിക്കാം. കേരളത്തിലെ അഞ്ച് ജില്ലകളില്‍ (ഏറ്റവും നല്ലത് കാസര്‍കോട്, വയനാട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകള്‍ ആണെന്ന് തോന്നുന്നു; അഞ്ച് കൊല്ലം കൊണ്ട് 5000 ഡോക്ടര്‍മാരെ കേരളത്തിലെല്ലാ ജില്ലകളിലും വ്യാപകമായി നടപ്പാക്കാവുന്നതേയുള്ളൂ.) ഓരോ ഡോക്ടര്‍ക്കും താമസിക്കാനുള്ള ഒരു ചെറിയ വീടും (എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയത്) ഒരു ഡിസ്പന്‍സറിയും (ഇതില്‍ കിടത്തി ചികിത്സ-ഐ പി- ആവശ്യമില്ല. ഒബ്‌സര്‍വേഷന്‍ മാത്രമേ നടത്തേണ്ടതുള്ളൂ. അതിന് രണ്ട് കിടക്കയിടാം.) രണ്ട് നഴ്‌സുമാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും വേണ്ട താമസ സൗകര്യങ്ങളും ചെയ്യണം. ഇതിന് ഏകദേശം 80 ലക്ഷം രൂപ വേണ്ടിവരും.
ഡോക്ടറുടെ വീട്- 30 ലക്ഷം
ഡിസ്പന്‍സറി- 10 ലക്ഷം
നഴ്‌സുമാരുടെ ക്വാര്‍ട്ടേഴ്‌സ് -30 ലക്ഷം
മെഡിക്കല്‍ ഹെല്‍പ്പര്‍മാരുടെ വീട്- 10 ലക്ഷം
ഇങ്ങനെ വരുമ്പോള്‍ ആയിരം യൂനിറ്റുകള്‍ക്ക് 80,00,000 x 1000= 8,00,00,00,000 (800 കോടി രൂപ)
ഇവയില്‍ കുറേയെണ്ണം സാമ്പത്തിക ഞെരുക്കമില്ലാത്ത പഞ്ചായത്തുകളെ കൊണ്ട് ചെയ്യിക്കാം. ചാരിറ്റബ്ള്‍ സ്ഥാപനങ്ങളോട് ഇവ സ്ഥാപിക്കാന്‍ അഭ്യര്‍ഥിക്കാം. മത സ്ഥാപനങ്ങളോട്, ഉദാഹരണത്തിന് ഗുരുവായൂര്‍ ദേവസ്വം, പത്മനാഭ സ്വാമി ക്ഷേത്രം, ശബരിമല ദേവസ്വം, അമൃതാനന്ദമയി മഠം, മുസ്‌ലിം ഓര്‍ഫനേജുകളും പള്ളികളും, ക്രൈസ്തവ പള്ളികള്‍, എന്‍ എസ് എസ്, എസ് എന്‍ ഡി പി പോലുള്ള ജാതി സംഘടനകള്‍ എന്നിവയോടെല്ലാം അവര്‍ക്ക് കഴിയുന്നത്ര യൂനിറ്റുകള്‍ ദാനം ചെയ്യാന്‍ സര്‍ക്കാറിനാവശ്യപ്പെടാവുന്നതേയുള്ളൂ. ഇതിനായി സര്‍ക്കാര്‍ ഒരു പ്രത്യേക ഫണ്ട് രൂപവത്കരിക്കുകയും അതിലേക്കുള്ള സംഭാവനയുടെ 100 ശതമാനവും വരുമാനനികുതിക്ക് വിധേയമല്ലാതാക്കുകയും ചെയ്താല്‍ നമ്മുടെ ഉദാരമതികളായ വ്യക്തികള്‍ വലിയ നിലയില്‍ സാഹായിക്കും എന്നാണ് എനിക്ക് തോന്നുന്നത്. സംഭാവന തരുന്നവരുടെ പേരുകള്‍ അതാത് സെന്ററുകളില്‍ എഴുതി വെക്കുന്നതും നല്ലതാണ്. ഏതായാലും ഒരു മുന്നൂറ് കോടി രൂപയെങ്കിലും സംഭാവന ലഭിക്കുമെന്നും 500 കോടി മാത്രമേ ബജറ്റില്‍ കാണേണ്ടതുള്ളൂവെന്നും തോന്നുന്നു.
ഈ യൂനിറ്റുകളിലേക്ക് നഴ്‌സുമാരെയും മെഡിക്കല്‍ ഹെല്‍പ്പറെയും സാധാരണ സര്‍വീസില്‍ ഉള്‍പ്പെടുത്താവുന്നതേയുള്ളൂ. ഫാമിലി ഡോക്ടര്‍മാരെ മാത്രമാണ് പ്രത്യേകമായി നിയമിക്കേണ്ടത്. ഇവര്‍ക്ക് മാസം 10,000 രൂപ ശമ്പളം നല്‍കിയാല്‍ മതി. ഓരോ ഡോക്ടര്‍ക്കും 100-120 വീടുകള്‍ (അതായത് 500-600 വ്യക്തികള്‍) അലോട്ട് ചെയ്യാം. ഇവരില്‍ നിന്ന് ഓരോരുത്തരില്‍ നിന്നും മാസം 20 രൂപ സര്‍ക്കാര്‍ വാങ്ങി ഡോക്ടര്‍ക്ക് നല്‍കണം. പണം നല്‍കാന്‍ കഴിവില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ തന്നെ ഈ സംഖ്യ(ഇതിന് ഇന്‍ഷ്വറന്‍സ് സംവിധാനം തുടങ്ങാവുന്നതേയുള്ളൂ) നല്‍കണം. അങ്ങനെ പത്ത് പന്ത്രണ്ടായിരം രൂപ ഇങ്ങനെയും ഡോക്ടര്‍ക്ക് ലഭിക്കും. റജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്ക് വേണ്ട ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുകയും രോഗമുണ്ടാകുമ്പോള്‍ സാധാരണ രീതിയില്‍ ഡയഗ്നോസിസ് നടത്തുകയും ഒ പി ചികിത്സ നല്‍കുകയും മാത്രമേ ചെയ്യേണ്ടതുള്ളൂ. ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ട കേസുകള്‍ അടുത്തുള്ള ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാന്‍ ഈ ഫാമിലി ഡോക്ടര്‍ക്ക് അധികാരമുണ്ടായിരിക്കണം. ആശുപത്രിയിലെ ഒരു ഡോക്ടറെ പോലെ ഇദ്ദേഹത്തെ കാണുകയും വേണം.
അപ്പോള്‍ ഫാമിലി ഡോക്ടര്‍ക്ക് ലഭിക്കുക മാസം ഏതാണ്ട് 22,000 രൂപയും സൗജന്യമായ വീട്, വൈദ്യുതി, വെള്ളം എന്നിവയും ആണ്. കുട്ടികള്‍ക്ക് അടുത്ത സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ അതതു പഞ്ചായത്ത് ചെയ്തുകൊടുക്കുകയും വേണം. തന്റെ ആശുപത്രി പണികള്‍ക്ക് ശേഷം ഡോക്ടര്‍ക്ക് പ്രൈവറ്റ് പ്രാക്ടീസ് നടത്താനുള്ള അനുവാദവും നല്‍കണം. അങ്ങനെയെങ്കില്‍ ആയിരം പേരെ ഈ പൊതുജന സേവനത്തിന് ലഭിക്കുമെന്നാണ് എന്റെ വിശ്വാസം.
ഇതേപോലെ തന്നെ ഇന്ന് കേരളത്തില്‍ ആയിരത്തിലധികം മെഡിക്കല്‍, പാരാ മെഡിക്കല്‍, ഡെന്റല്‍ കോളജുകള്‍ ഉണ്ട്. ഇവയുടെ മാനേജ്‌മെന്റുകള്‍ എല്ലാ തന്നെ പൊതുജന സേവനത്തിന് വേണ്ടി കച്ച കെട്ടിയവരാണ് എന്നാണ് അഭിമാനിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം സ്വശ്രയ സ്ഥാപനങ്ങള്‍ തുടങ്ങുന്നവരോട് രണ്ടോ മൂന്നോ ഫാമിലി ഡോക്ടര്‍ യൂനിറ്റുകള്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാറിന് നിര്‍ബന്ധിക്കാവുന്നതേയുള്ളൂ. ഇതിനും പുറമെ ഇത്തരത്തിലുള്ള കുറച്ചു യൂനിറ്റുകള്‍ ആയുര്‍വേദ, സിദ്ധ, യൂനാനി, ഹോമിയോപ്പതി എന്നിവക്കും ഹോലിസ്റ്റിക് മെഡിസിനും സൃഷ്ടിക്കാവുന്നതേയുള്ളൂ. കേരളത്തിന് വേണ്ട വൈദ്യ ശുശ്രൂഷാ സമ്പ്രദായങ്ങളിലെ പരിഷ്‌കാരങ്ങളെല്ലാം ഒരു കൊല്ലം കൊണ്ടോ പത്ത് കൊല്ലം കൊണ്ടോ നടപ്പാക്കാന്‍ സാധിച്ചുവെന്ന് വരില്ല. പക്ഷേ, കണ്‍ഫ്യൂഷ്യസ് പണ്ട് പറഞ്ഞ പോലെ, “ആയിരം നാഴികയുള്ള ഒരു യാത്രക്കും ആദ്യത്തെ പടിയാണ് കാതല്‍” എന്ന് നാം ഓര്‍ക്കണം. പഞ്ചനക്ഷത്ര, സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് പഞ്ചായത്ത് അധിഷ്ഠിത ഫാമിലി ഡോക്ടര്‍ സംവിധാനത്തിലേക്ക് നാം എന്നു നീങ്ങുന്നോ അന്നേ നമുക്ക് മുക്തി ലഭിക്കുകയുള്ളൂ. താജ് മഹല്‍ ഹോട്ടലിലോ കോണിമോറയിലോ ലീലാ പെന്റാ ഹോട്ടലിലോ ഭക്ഷണം കഴിക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടമാണ്. പക്ഷേ, അതിനുള്ള സാമ്പത്തിക ശേഷിയും വസ്ത്ര വിധാനങ്ങളും ആഡംബര കാറുകളും വാങ്ങാന്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ സാധ്യമാകുകയുള്ളൂ എന്നും നമുക്കറിയാം. കേരളത്തിലെ പാവപ്പെട്ട സാധാരണക്കാര്‍ക്ക് എല്ലാം ഭക്ഷണം നല്‍കുന്ന ചെറിയ ഹോട്ടലുകളോ ജയലളിത സംവിധാനം ചെയ്ത അമ്മ കാന്റീനുകളോ ഉണ്ടാക്കലാണ് നമുക്ക് ഒഴിച്ചുകൂടാനാകാത്ത കര്‍ത്തവ്യം.