Kerala
ആറന്മുള വിമാനത്താവളം: ട്രൈബ്യൂണല്‍ വിധിക്കെതിരെ കെ ജി എസ് സുപ്രീം കോടതിയില്‍

തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ കെ ജി എസ് ഗ്രൂപ്പ് സുപ്രീം കോടതിയില്‍. വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഇന്ന് പരിഗണിച്ചേക്കും. എല്ലാ പരിസ്ഥിതി ആഘാത പഠനങ്ങള്‍ക്കും ശേഷമാണ് പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതെന്നും ഇതൊന്നും പരിഗണിക്കാതെയാണ് ഹരിത ട്രൈബ്യൂണല്‍ വിധി പ്രഖ്യാപിച്ചതെന്നുമാണ് കെ ജി എസ് ഗ്രൂപ്പ് ഉന്നയിച്ചിരിക്കുന്ന പ്രധാന വാദം. അതിനാല്‍ ഹരിത ടൈബ്യൂണല്‍ വിധിയില്‍ തെറ്റുകളുണ്ട്. അത് തിരുത്തി പദ്ധതിയുമായി മുന്നോട്ടു പോകാന്‍ അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. കെ ജി എസ് ഗ്രൂപ്പിന് വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരനാണ് സുപ്രീം കോടതിയില്‍ ഹാജരാകുക.
വിമാനത്താവളത്തിനു വേണ്ടി പരിസ്ഥിതി പഠനം നടത്തിയ മധുര ആസ്ഥാനമായ എന്‍വിറോ കെയര്‍ എന്ന ഏജന്‍സിക്ക് ഇതിനുള്ള അര്‍ഹതയില്ലെന്നതടക്കമുളള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണല്‍ അനുമതി റദ്ദാക്കിയിരുന്നത്. വ്യക്തമായ പരിസ്ഥിതി ആഘാത പഠനമോ മാനദണ്ഡങ്ങളനുസരിച്ചു സമീപവാസികളുടെ അഭിപ്രായം കേട്ട് തെളിവെടുപ്പോ നടത്തിയില്ലെന്നും ഇവ പരിസ്ഥിതി അനുമതി നിഷേധിക്കുന്നതിനു മതിയായ കാരണങ്ങളാണെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചിരുന്നു. തെറ്റായ വിവരങ്ങള്‍ കാണിച്ചാണ് പരിസ്ഥിതി അനുമതി നേടിയതെന്നും നെല്‍ വയല്‍, നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചുവെന്നുമുള്ള ഹരജിക്കാരുടെ ആരോപണം തെളിഞ്ഞുവെന്നും ട്രൈബ്യൂണല്‍ വിധിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പരിസ്ഥിതി ആഘാത പഠനം നടത്തുന്ന സ്ഥാപനത്തിന് അക്രഡിറ്റേഷന്‍ ആവശ്യമില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്ന് കെ ജി എസ് ഗ്രൂപ്പിന്റെ ഹരജിയിലുണ്ട്.
എല്ലാ വിഷയങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നല്‍കിയത്. അതിനാല്‍ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കണം. പദ്ധതിയെ അനുകൂലിച്ചിരുന്ന സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എന്ത് നിലപാടെടുക്കുമെന്നാണ് അറിയേണ്ടത്.
നിയമപരമായ അനുമതികളെല്ലാം നേടിയാല്‍ പദ്ധതിയെ അനുകൂലിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. പദ്ധതിയോട് എതിര്‍പ്പില്ലെന്നും നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് കമ്പനിയുടെ ബാധ്യതയാണെന്നുമാണ് മുഖ്യമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നത്. അതേമസമയം, ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കിയ പാരിസ്ഥിതിക അനുമതി വഴിവിട്ട നീക്കങ്ങളിലൂടെയാണ് നേരത്തെ നേടിയെടുത്തതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
അപൂര്‍ണമായ റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയിരുന്നത്. യോഗ്യതയില്ലെന്ന ആരോപണത്തെ തുടര്‍ന്ന് സ്ഥാനം നഷ്ടപ്പെട്ട പി ശ്രീകണ്ഠന്‍ നായര്‍ ഡയറക്ടറായിരിക്കെ തയ്യാറാക്കിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ പദ്ധതിയെ അനുകൂലിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. വിശദമായ പഠനം നടത്താതെ കെ ജി എസ് ഗ്രൂപ്പിന്റെ അവകാശവാദങ്ങള്‍ അതേപടി ഉള്‍പ്പെടുത്തിയാണ് സംസ്ഥാന പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയ പാരിസ്ഥിതികാനുമതി കഴിഞ്ഞ മെയ് 28നാണ് ചെന്നൈ ഹരിത ട്രിബ്യൂണല്‍ റദ്ദാക്കിയത്. ആറന്മുള ക്ഷേത്ര സംരക്ഷണ സമിതി അടക്കം അഞ്ച് പേരാണ് വിമാനത്താവളത്തിനായി നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രൈബ്യൂണലിനെ സമീപിച്ചത്. കോടതി വിധിയെ തുടര്‍ന്ന് പദ്ധതി പ്രദേശത്ത് നടന്നിരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം അവസാനിപ്പിച്ചിരുന്നു. കെ ജി എസ് ഗ്രൂപ്പ് സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തില്‍ പ്രക്ഷോഭം പുനരാരംഭിക്കാനുള്ള ആലോചനയിലാണ് സമര സമിതി.