Connect with us

Articles

നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാം, ഈ ഭൂമാഫിയാ പ്രവര്‍ത്തനങ്ങള്‍

Published

|

Last Updated

സംസ്ഥാനത്ത് ഭൂമാഫിയയും റിയല്‍ എസ്‌റ്റേറ്റ് മാഫിയയും പൊതു സ്ഥലങ്ങളും ജലാശയങ്ങളും കൈയേറി അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ശതകോടികള്‍ കൈമറിയുന്ന ഈ അനധികൃത നിര്‍മാണത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും സര്‍ക്കാര്‍ ഏജന്‍സികളും കൂട്ട് നില്‍ക്കുകയും സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയുമാണ്. കോടികളുടെ അഴിമതിയാണ് ഇതില്‍ അരങ്ങേറുന്നത്. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ ലോകായുക്ത പോലുള്ള സംസ്ഥാന നിയമ സംവിധാനങ്ങളുടെ മാത്രമല്ല, രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെയും ഇടപെടലുകള്‍ ഉണ്ടായിട്ടുപോലും അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ല.
സംസ്ഥാനത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ പ്രധാന കൈയേറ്റ സ്ഥലങ്ങളും അനധികൃത നിര്‍മാണമേഖലകളും കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ നേരിട്ട് സന്ദര്‍ശിക്കുകയുണ്ടായി. പാറ്റൂര്‍, ചെലവന്നൂര്‍, പാണാവള്ളി, നെയ്യാറ്റിന്‍കര അടിമലത്തുറ എന്നിവിടങ്ങളിലെ കൈയേറ്റങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് ഞാന്‍ നേരിട്ട് സന്ദര്‍ശിച്ചത്. ഇവിടങ്ങളിലെല്ലാം എല്ലാ തരത്തിലുമുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് എന്ന് പ്രത്യക്ഷത്തില്‍ തന്നെ ആര്‍ക്കും ബോധ്യപ്പെടും. കടല്‍ത്തീരത്ത് നിന്ന് അഞ്ഞൂറ് മീറ്ററും കായലോരത്തു നിന്ന് നൂറ് മീറ്ററും പുഴവക്കില്‍ നിന്ന് അമ്പത് മീറ്ററും വിട്ടിട്ടു വേണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എന്നാണ് കേന്ദ്രത്തിന്റെ തീരദേശപരിപാലന നിയമം നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ മേല്‍പ്പറഞ്ഞ കൈയേറ്റ പ്രദേശങ്ങളിലൊന്നും ഈ നിയമം പാലിക്കപ്പെട്ടിട്ടില്ല എന്നു മാത്രമല്ല, കായലിലേക്കും മറ്റും ഇറക്കി വെള്ളത്തില്‍ തന്നെ കൂറ്റന്‍ കെട്ടിടം നിര്‍മിച്ചിരിക്കുകയാണ്.
പാണാവള്ളിയില്‍ ശതകോടികള്‍ വില മതിക്കുന്ന കൂറ്റന്‍ റിസോര്‍ട്ട് വേമ്പനാട്ട് കായലിലേക്ക് ഇറക്കിയാണ് പണിതിരിക്കുന്നത്. ഇത് കടുത്ത നിയമലംഘനവും പരിസ്ഥിതി നാശമുണ്ടാക്കുന്നതുമാണ് എന്നു കണ്ടെത്തി പൊളിച്ചുമാറ്റണമെന്ന് സുപ്രീം കോടതിയാണ് നിര്‍ദേശിച്ചിട്ടുള്ളത്. 2013 ആഗസ്റ്റ് രണ്ടിന് പുറപ്പെടുവിച്ച വിധിയില്‍ കേന്ദ്ര സര്‍ക്കാറിനോടും തീരദേശ പരിപാലന അതോറിട്ടിയോടുമാണ് അനധികൃത റിസോര്‍ട്ട് പൊളിച്ചുമാറ്റാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. വിധി വന്ന് മൂന്ന് മാസത്തിനുള്ളില്‍ പൊളിച്ചുമാറ്റണമെന്നും അതിനിടയില്‍ ഇവിടെ ഒരു തരത്തിലുള്ള പ്രവര്‍ത്തനവും പാടില്ലെന്നുമായിരുന്നു സുപ്രീം കോടതി പറഞ്ഞത്. എന്നാല്‍ റിസോര്‍ട്ട് പൊളിച്ചുമാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതേ വരെ തയാറായിട്ടില്ല. അതുകൊണ്ട് വിധി വന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും റിസോര്‍ട്ട് പൊളിച്ചു മാറ്റിയിട്ടില്ല. ഇപ്പോള്‍ ഇത് കേന്ദ്രമാണോ ചെയ്യേണ്ടത്, സംസ്ഥാനമാണോ ചെയ്യേണ്ടത് എന്ന അനാവശ്യ തര്‍ക്കം ഉന്നയിച്ച് കേന്ദ്രവും സംസ്ഥാനവും ചക്കളത്തി പോരാട്ടം നടത്തുകയാണ്. ഇത് ഫലത്തില്‍ അനധികൃത റിസോര്‍ട്ട് നിര്‍മിച്ചവരെ സഹായിക്കാന്‍ വേണ്ടിയാണ്. റിസോര്‍ട്ട് അടിയന്തരമായി പൊളിച്ചുനീക്കുകയും അതിനു വേണ്ടി വരുന്ന തുക റിസോര്‍ട്ട് ഉടമകളില്‍ നിന്ന് ഈടാക്കുകയും ചെയ്യണം.
ഏതാണ്ട് സമാനമായ രൂപത്തിലാണ് കൊച്ചി കായലില്‍ ചെലവന്നൂരില്‍ ഡി എല്‍ എഫ് ഭീമാകാരമായ ഫഌറ്റ് സമുച്ചയം നിര്‍മിച്ചിരിക്കുന്നത്. ഡി എല്‍ എഫിന്റെ ഫഌറ്റ് നിര്‍മാണം പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ധ സമിതി നല്‍കിയ റിപോര്‍ട്ടില്‍ ഫഌറ്റ് നിര്‍മാണം എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. കൊച്ചി കായലില്‍ സമാനമായി പത്തൊമ്പത് ഫഌറ്റ് സമുച്ചയം കായല്‍ കൈയേറി നിര്‍മിച്ചിട്ടുണ്ടെന്നും ഇതു മൂലം കായലിന്റെ വീതി തന്നെ അപകടകരമായ രൂപത്തില്‍ കുറഞ്ഞിട്ടുണ്ടെന്നും സമിതിയുടെ റിപോര്‍ട്ടിലുണ്ട്. ഇതിന്റെ ഫലമായി ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ കായലില്‍ മത്സ്യബന്ധനം നടത്താനാകാതെ ദുരിതമനുഭവിക്കുകയാണ്. എന്നിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. ഈ റിപോര്‍ട്ട് കോടതിയുടെ പരിഗണനയിലെത്തിച്ച് കോടതിയെ കൂടി ഇടപെടുവിച്ചുകൊണ്ട് ഫ്‌ളാറ്റ് പൊളിച്ചുമാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം.
പാറ്റൂരില്‍ “ആവൃതി മാള്‍” അനധികൃത ഫഌറ്റ് സമുച്ചയം നിര്‍മിക്കുന്നതിനെപ്പറ്റി മൂന്നുനാല് തവണ പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചതാണ്. അപ്പോഴൊക്കെ ഇതില്‍ വലിയ കാര്യമൊന്നുമില്ല എന്ന നിലപാടായിരുന്നു സര്‍ക്കാറിന്റെത്. ഒടുവില്‍ പ്രശ്‌നത്തില്‍ ലോകായുക്തക്ക് ഇടപെടേണ്ടി വന്നു. അനധികൃത നിര്‍മാണം സംബന്ധിച്ച് കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെ ലോകായുക്ത നിയോഗിച്ചു. വിജിലന്‍സ് എ ഡി ജി പിയെക്കൊണ്ട് അന്വേഷിപ്പിച്ച് റിപോര്‍ട്ട് നല്‍കാനായി ആവശ്യപ്പെട്ടു. അതോടൊപ്പം നിര്‍മാണപ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു. ലോകായുക്തയുടെ ഈ ഇടപെടലില്‍ സര്‍ക്കാര്‍ ഒരു തരത്തിലും അനുകുലമായ നിലപാട് സ്വീകരിച്ചില്ല എന്നോര്‍ക്കണം. കൈയേറ്റക്കാരെ സഹായിക്കാന്‍ വേണ്ടിയായിരുന്നു ഇത്.
നെയ്യാറ്റിന്‍കര അടിമലത്തുറയില്‍ കടലിനും കായലിനും ഇടക്കുള്ള വീതി കുറഞ്ഞ പ്രദേശത്താണ് റിസോര്‍ട്ട് പണി ആരംഭിച്ചിട്ടുള്ളത്. ഇവിടെ കടല്‍ത്തിര വന്നടിക്കുന്ന അത്രക്കടുത്താണ് റിസോര്‍ട്ടിന് വേണ്ടി കൂറ്റന്‍ തൂണുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പാണാവള്ളിയിലും ചെലവന്നൂരിലും ഉയര്‍ന്നതു പോലുളള അനധികൃത കെട്ടിട സമുച്ചയമായിരിക്കും ഇവിടെയും ഭാവിയില്‍ ഉയരുക. അതുകൊണ്ട് ഇവിടുത്തെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണം.
മൂന്നാറിലും ഭൂമാഫിയ വന്‍തോതില്‍ കൈയേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. നേരത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ ഒഴിപ്പിച്ച പ്രദേശങ്ങളിലൊക്കെ വീണ്ടും കൈയേറ്റം സജീവമാണ്. നേരത്തെ ഒഴിപ്പിച്ച ജോയ്‌സ് റിസോര്‍ട്ട് ഉടമകള്‍ക്ക് തിരിച്ചു നല്‍കാന്‍ ഈ സര്‍ക്കാര്‍ നടത്തിയ നീക്കം കോടതി ഇടപെട്ട് ഇപ്പോള്‍ തടഞ്ഞിരിക്കുകയാണ്. യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ നിയമത്തിന്റെ ബുള്‍ഡോസര്‍ ഉപയോഗിച്ച് കൈയേറ്റം ഒഴിപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നിട്ട് ഏതെങ്കിലും കൈയേറ്റം ഒഴിപ്പിച്ചോ? നമ്മുടെ മണ്ണും വെള്ളവുമൊക്കെ കൈയേറ്റക്കാര്‍ക്കും ഭൂമാഫിയക്കും കൊള്ളയടിക്കാനുള്ള സൗകര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്തുകൊടുത്തുകൊണ്ടിരിക്കുന്നത്. നമ്മുടെ പരിസ്ഥിതിയെയും ഭാവി തലമുറയുടെ നിലനില്‍പ്പിനെയും അപകടത്തിലാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ ഇതിന് കൂട്ട് നില്‍ക്കുന്നത്. ശതകോടികള്‍ മറിയുന്ന ഇത്തരം കച്ചവടത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് മോക്ഷം കിട്ടാന്‍ വേണ്ടിയൊന്നും ആകില്ലല്ലോ. അതുകൊണ്ടാണ് ഇതില്‍ എത്ര കോടി മുഖ്യമന്ത്രിയുടെയും മറ്റ് ബന്ധപ്പെട്ട മന്ത്രിമാരുടെയും കീശകളില്‍ വീണിട്ടുണ്ടാകുമെന്ന് ഞാന്‍ നിയമസഭയില്‍ ചോദിച്ചത്. അപ്പോഴൊക്കെ മുടന്തന്‍ ന്യായം പറഞ്ഞ് രക്ഷപ്പെടുകയാണ് ഉമ്മന്‍ ചാണ്ടിയും മറ്റും ചെയ്തത്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്നത്ര ഭീകരമായ നിയമലംഘനവും അഴിമതിയുമാണ് ഈ പ്രദേശങ്ങളിലെല്ലാം നടന്നിട്ടുളളത്. ഇത്തരം കൈയേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും തടയാനും നമ്മുടെ മണ്ണും വെള്ളവുമൊക്കെ സംരക്ഷിക്കാനും സംസ്ഥാനവ്യാപകമായി ഒരു കര്‍മസേന രൂപവത്കരിക്കേണ്ടിയിരിക്കുകയാണ്. അതുകൊണ്ട് ഇത്തരം നിയമലംഘനങ്ങളും അനധികൃത നിര്‍മാണങ്ങളും കണ്ടെത്താനും അവ തടയാനും ജനങ്ങള്‍ തന്നെ സന്നദ്ധരായി മുന്നോട്ടുവരണമെന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്.

Latest