National
സി സാറ്റ്: സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചേക്കും
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പ്രാഥമിക പരീക്ഷയിലെ അഭിരുചി പരിശോധനാ പരീക്ഷയായ സി സാറ്റ് വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇംഗ്ലീഷ് പേപ്പറിനുള്ള മാര്‍ക്ക്, ഗ്രേഡും മെറിറ്റും നിശ്ചയിക്കുന്നതില്‍ പരിഗണിക്കില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടും സമരം തുടരുകയാണ്. ഒപ്പം വിഷയം പാര്‍ലിമെന്റിന്റെ ഇരു സഭകളിലും തുടര്‍ച്ചയായ ബഹളത്തിന് ഇടയാക്കുന്ന പശ്ചാത്തലവും കണക്കിലെടുത്താണ് സര്‍ക്കാര്‍ സമവായത്തിനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്. വിഷയം ഉന്നയിച്ച് രാജ്യസഭയില്‍ സി പി എം, സി പി ഐ, എസ് പി, ബി എസ് പി അംഗങ്ങള്‍ ഇന്നലെ സഭ ബഹിഷ്‌കരിച്ചു.
അതേസമയം ഈ മാസം 24ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെക്കില്ല.രാജ്യസഭയില്‍ ഇന്നലെ പാര്‍ലിമെന്ററികാര്യ സഹ മന്ത്രി പ്രകാശ് ജാവദേകറാണ് സര്‍ക്കാറിനായി മറുപടി പറഞ്ഞത്. എന്നാല്‍ മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെയാണ് പ്രതിപക്ഷ കക്ഷികള്‍ സഭ ബഹിഷ്‌കരിച്ചത്.
യു പി എസ് സി പരീക്ഷയെ സംബന്ധിച്ച കാര്യങ്ങള്‍ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. പരീക്ഷാ സമ്പ്രദായം അടിമുടി പരിഷ്‌കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം മറുപടി നല്‍കി. വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്നും കൂടാതെ ഉചിതമായ മറ്റ് ചര്‍ച്ചകളും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 24ന് നടക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഒമ്പത് ലക്ഷത്തോളം ഉദ്യോഗാര്‍ഥികള്‍ എഴുതുമെന്നും അവര്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും മന്ത്രി പറഞ്ഞു. എല്ലാ പാര്‍ട്ടികളുടെയും അംഗങ്ങള്‍ സഭയിലുണ്ട്. എന്നിട്ടും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ലേ?. എല്ലാ അംഗങ്ങളും ഇവിയെയുണ്ടെന്നിരിക്കെ പിന്നെന്തിനാണ് മറ്റൊരു സര്‍വകക്ഷി യോഗമെന്ന് സി പി എം അംഗം സീതാറം യെച്ചൂരി ചോദിച്ചു.
പരീക്ഷയിലും അഭിമുഖത്തിലും ഉപയോഗിക്കേണ്ട ഭാഷയടക്കമുള്ളവ സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സി സാറ്റ് വിഷയത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി മറുപടി നല്‍കി. നേരത്തെ ലോക്‌സഭയിലും വിഷയം ബഹളത്തിന് ഇടയാക്കിയിരുന്നു.
പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ചപ്പോള്‍ സിവില്‍ സര്‍വീസ് അഭിരുചി പരീക്ഷയില്‍ ഇംഗ്ലീഷിന്റെ മാര്‍ക്ക് മാനദണ്ഡമാക്കില്ലെന്നും 2011ല്‍ പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് അടുത്ത വര്‍ഷം ഒരു അവസരം കൂടി നല്‍കുമെന്നും ഉദ്യോഗസ്ഥകാര്യ സഹമന്ത്രി ജിതേന്ദ്ര സിംഗ് ലോക്‌സഭയെ അറിയിക്കുകയായിരുന്നു. പ്രിലിമിനറി പരീക്ഷയില്‍ ഇംഗ്ലീഷിലെ അവഗാഹം അളക്കുന്നതിനുള്ള പേപ്പര്‍ രണ്ടിന്റെ മാര്‍ക്ക് മാനദണ്ഡമാക്കില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. സിവില്‍ സര്‍വീസിന്റെ പ്രിലിമിനറി പരീക്ഷയില്‍ ഇരുനൂറ് മാര്‍ക്ക് വീതമുള്ള സി സാറ്റ്- 1, സി സാറ്റ്- 2 എന്നീ പേപ്പറുകള്‍ നിര്‍ബന്ധമാക്കിയത് 2011 മുതലാണ്. ഇംഗ്ലീഷ് ഭാഷയിലെ അവഗാഹത്തിനു പുറമെ, ആശയവിനിമയ ശേഷി, യുക്തിപരമായ അനുമാനം, തീരുമാനമെടുക്കുന്നതിനും പ്രശ്‌നപരിഹാരത്തിനുമുള്ള കഴിവ്, മാനസികാപഗ്രഥന ശേഷി തുടങ്ങിയവയാണ് രണ്ടാം പേപ്പറില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പത്താം ക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലീഷ് പരിജ്ഞാനമാണ് ഇതില്‍ പരിശോധിക്കപ്പെടുന്നത്. രണ്ടാം പേപ്പര്‍ ശാസ്ത്ര വിഷയങ്ങള്‍ പഠിച്ചവര്‍ക്കും ഇംഗ്ലീഷ് മീഡിയക്കാര്‍ക്കും എളുപ്പത്തില്‍ കടന്നുകൂടാനായി ഏര്‍പ്പെടുത്തിയതാണെന്നാണ് ഹിന്ദി മേഖലയില്‍ നിന്നുള്ളവരുടെ വാദം.
ഈ മാസം 24നാണ് ഈ വര്‍ഷത്തെ പ്രിലിമിനറി പരീക്ഷ നടക്കുക. പ്രിലിമിനറി, മെയിന്‍, അഭിമുഖം എന്നീ മൂന്ന് ഘട്ടങ്ങളും പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് ഉള്‍പ്പെടെയുള്ള മേഖലകള്‍ തിരഞ്ഞെടുക്കാം. ഹിന്ദി മേഖലയില്‍ നിന്നുള്ളവര്‍ക്ക് ചോദ്യ പേപ്പറിന്റെ ഹിന്ദി പരിഭാഷ നല്‍കുന്ന പതിവുണ്ട്. ഈ മാതൃക പ്രാദേശിക ഭാഷകളുടെ കാര്യത്തിലും വേണമെന്ന ആവശ്യം കേരളത്തില്‍ നിന്നടക്കമുള്ള എം പിമാര്‍ പാര്‍ലിമെന്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.