National
ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം കൂടുന്നു
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം ഈ വര്‍ഷം യു എസിനേക്കാള്‍ അധികമാകുമെന്ന് ഗൂഗിള്‍ ഇന്ത്യ എം ഡി രാജന്‍ അനന്തന്‍. നിലവിലെ വളര്‍ച്ച കണക്കാക്കിയാല്‍ 2018 ആകുമ്പോഴേക്കും ഇന്ത്യയിലെ 50 കോടിയോളം ജനങ്ങളും ഇന്റര്‍നെറ്റ് ഉപയോഗിക്കുമെന്നും രാജ്യത്തിന്റെ പകുതി ഭാഗങ്ങളും ഇന്റര്‍നെറ്റ് വഴി ബന്ധിതമായിരിക്കുമെന്നും ഒരു ചടങ്ങില്‍ സംസാരിക്കവെ രാജന്‍ അനന്തന്‍ വ്യക്തമാക്കി. പത്ത് കൊല്ലം കൊണ്ട് രാജ്യത്തെ ഇന്റെര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഒരു കോടിയില്‍ നിന്ന് പത്ത് കോടിയിലെത്തി. ഓരോ മാസവും ഇന്ത്യയില്‍ 50 ലക്ഷം പുതിയ വരിക്കാരാണ് പിറവിയെടുക്കുന്നത്. നിലവില്‍ 20 കോടി ഇന്ത്യക്കാരാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്.
ഇന്ത്യയിലെ നഗരവാസികള്‍ ഇന്റര്‍നെറ്റിനെ കൂട്ടുപിടിച്ച് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഏറെ ചര്‍ച്ച ചെയ്തു. 2019ലെ തിരഞ്ഞെടുപ്പാകുമ്പോഴേക്കും ഇന്ത്യയിലെ പകുതിയിലേറെ ജനതയും ഇന്റര്‍നെറ്റുമായി ബന്ധം സ്ഥാപിക്കും. നിത്യോപയോഗ സാധനങ്ങളടക്കമുള്ളവ ഓണ്‍ലൈനായി വാങ്ങുന്നവരുടെ എണ്ണത്തിലും ഇന്ത്യയില്‍ വര്‍ധനവ് കാണുന്നതായി അദ്ദേഹം പറഞ്ഞു.