Kerala
സംസ്ഥാന സിവില്‍ സര്‍വീസ് രൂപവത്കരിക്കാന്‍ അനുമതി
തിരുവനന്തപുരം: സംസ്ഥാന സിവില്‍ സര്‍വീസ് രൂപവത്കരിക്കാന്‍ മന്ത്രിസഭയുടെ അനുമതി. നിയമനിര്‍മാണം നടത്തുന്നതിനായി കരട് ബില്‍ തയ്യാറാക്കും. ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചാണ് തീരുമാനം. 50 ശതമാനം പേരെ പി എസ് സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയിലൂടെയും 50 ശതമാനം പേര്‍ക്ക് സ്ഥാനം കയറ്റം നല്‍കിയും കെ എ എസ് നല്‍കും. 18 വകുപ്പുകളെ ഉള്‍പ്പെടുത്തി കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് എന്ന പേരില്‍ സംസ്ഥാന സിവില്‍ സര്‍വീസ് രൂപവത്കരിക്കാനാണ് സമിതി ശിപാര്‍ശ നല്‍കിയിരിക്കുന്നത്. ഈ വകുപ്പുകളിലെ ഒന്നാം ഗസറ്റഡ് തസ്തികക്ക് ഒരുപടി മുകളിലുള്ള തസ്തികകളെ ഡെപ്യൂട്ടി കലക്ടര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും ഈ തസ്തികകളെ ഡെപ്യൂട്ടി കലക്ടര്‍ക്ക് തുല്യമാക്കുകയും ചെയ്യും. ഇപ്രകാരം 50 ശതമാനം പേരെയും ബാക്കി 50 ശതമാനം പി എസ്‌സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയുടെ അടിസ്ഥാനത്തിലും തിരഞ്ഞെടുക്കും. കൃഷി, സെയില്‍സ് ടാക്‌സ്, സിവില്‍ സപ്ലൈസ്, സഹകരണം, വ്യവസായം, തൊഴില്‍, റവന്യൂ, മുനിസിപ്പല്‍, പഞ്ചായത്ത്, രജിസ്‌ട്രേഷന്‍, ഗ്രാമവികസനം, പട്ടികജാതി, പട്ടികവര്‍ഗം, സാമൂഹികക്ഷേമം, സര്‍വേ ആന്‍ഡ് ലാന്‍ഡ് റിക്കാര്‍ഡ്‌സ്, ടൂറിസം, ട്രഷറി, പൊതുവിദ്യാഭ്യാസം എന്നിവയാണ് വകുപ്പുകള്‍. കൂടുതല്‍ വകുപ്പുകളെ ഇതിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യവും സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കും. ഇതിനാവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എ ഡി ബി വായ്പ വ്യവസ്ഥകളില്‍പെട്ട സര്‍ക്കാര്‍ ആധുനികവത്കരണ പരിപാടിയുടെ ഭാഗമായാണ് സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് രൂപീകരിക്കണമെന്ന ആശയം ആദ്യമായി ഉയര്‍ന്നിരുന്നത്.
സ്ഥാനക്കയറ്റം വഴി കെ എ എസ് ലഭിക്കുന്നതിന് പി എസ് സി പ്രത്യേക പരീക്ഷ നടത്തും. ഇത് പാസാകുന്ന തിരഞ്ഞെടുത്ത 18 വകുപ്പുകളിലുള്ളവര്‍ക്ക് ഒന്നാം ഗസറ്റഡ് തസ്തികകളില്‍ നിന്നും തസ്തികമാറ്റം വഴി സ്ഥാനക്കയറ്റം നല്‍കും.ക. പി എസ് സിയുടെ സിവില്‍ സര്‍വീസ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ നേരിട്ടും നിയമനം നല്‍കും. സംസ്ഥാന സിവില്‍ സര്‍വീസ് തസ്തികയിലേക്കുള്ള നിയമന തീയതിയുടെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം ലഭിച്ച വിഭാഗത്തിന്റെയും നേരിട്ടുള്ള നിയമന വിഭാഗത്തിന്റെയും ഒരു പൊതു സീനിയോറിറ്റി ലിസ്റ്റ് പൊതുഭരണ വകുപ്പു തയ്യാറാക്കും. ഈ സീനിയോറിറ്റി ലിസ്റ്റ് ഐ എ എസ് സ്ഥാനക്കയറ്റത്തിനുള്ള ഫീഡര്‍ ലിസ്റ്റ് ആയി പരിഗണിക്കും. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ തീയതി 58 വയസ്സായിരിക്കും.
ഐ എ എസ് ഉദ്യോഗസ്ഥരുടെ കുറവ് മൂലം ഒരേ ഉദ്യോഗസ്ഥര്‍ തന്നെ നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ കൂടിയാണ് സംസ്ഥാന സിവില്‍ സര്‍വീസ് രൂപവത്കരിക്കുന്നത്.