Connect with us

Articles

ഗാന്ധിജിയും അവമതിക്കപ്പെടുന്നോ?

Published

|

Last Updated

മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക സ്ഥലങ്ങളും സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും നാഗ്പൂരിനടുത്തുള്ള വര്‍ധ ഗാന്ധി സേവാഗ്രാമില്‍ കഴിഞ്ഞ വര്‍ഷമാണ് ഞാന്‍ പോയത്. ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ നിന്ന് 1930ല്‍ ദണ്ഡി യാത്ര നടത്തിയ ശേഷം സ്വാതന്ത്ര്യം കിട്ടാതെ താനിനി അങ്ങോട്ടില്ലെന്ന് ഗാന്ധിജി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സേവാഗ്രാമിനു തുടക്കമിട്ടത്. 1936 മുതല്‍ പത്ത് വര്‍ഷത്തോളം യാതൊരു സൗകര്യങ്ങളുമില്ലാത്ത ഇവിടെയിരുന്നാണ് ഗാന്ധിജി ക്വിറ്റ് ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. ഗാന്ധിജി എന്താണെന്ന് മനസ്സിലാക്കാന്‍ സേവാഗ്രാമത്തിലൂടെ കണ്ണോടിച്ചാല്‍ മതി. ഇവിടെ ലാളിത്യം അടിമുടി തുളുമ്പി നില്‍ക്കുന്നു. എല്ലാ വിഭാഗത്തില്‍ പെട്ടവരും ഒത്തുകൂടി പ്രാര്‍ഥിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്ന സ്ഥലങ്ങള്‍ അതുപോലെ സംരക്ഷിച്ചിരിക്കുന്നു. ബാപ്പു താമസിച്ചിരുന്ന ബാപ്പുകുടി, കസ്തൂര്‍ബാ താമസിച്ചിരുന്ന ബാകുടി തുടങ്ങിയ മുറികള്‍ അനാര്‍ഭാടം കൊണ്ട് ശ്രദ്ധേയമാണ്. ഗാന്ധിജി വ്രണങ്ങള്‍ കഴുകിത്തുടക്കുമായിരുന്ന കുഷ്ഠരോഗിയായ പര്‍ച്ചുരെ ശാസ്ത്രി താമസിച്ചിരുന്ന കുടിലും ഇതിനടുത്തു തന്നെ. ഇങ്ങനെയൊരു മനുഷ്യന്‍ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നെന്ന് വിശ്വസിക്കാന്‍ വരും തലമുറ പ്രയാസപ്പെടുമെന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞത് എത്ര ശരിയെന്ന് സേവാഗ്രാം എന്നെ ബോധ്യപ്പെടുത്തി.
അഭിമാനകരമായ നേട്ടത്തിന്റെ നെറുകയില്‍ നിന്നാണ് രാഷ്ട്രം 68-ാം സ്വാതന്ത്യദിനം ആഘോഷിക്കുന്നത്. ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അഭിമാനത്തോടെ തലഉയര്‍ത്തി നില്‍ക്കാനും ആഹ്ലാദിക്കാനുമുണ്ട് ഒട്ടേറെ കാര്യങ്ങള്‍. ഇന്ത്യ ഇന്ന് ലോകത്തിലെ പ്രബല സാമ്പത്തിക ശക്തിയായി മാറി. അരിയും ഗോതമ്പും തുണിയും ഇറക്കുമതി ചെയ്തിരുന്ന ഈ നാട്ടിലെ ഗോഡൗണുകള്‍ ഇന്ന് നിറഞ്ഞുകവിഞ്ഞിരിക്കുന്നു. ചൊവ്വ പര്യവേക്ഷണം, ചാന്ദ്രയാന്‍ ദൗത്യം, ഉപഗ്രഹ വിക്ഷേപണം, അത്യന്താധുനിക മിസൈലുകള്‍, ആണവോര്‍ജം തുടങ്ങി ശാസ്ത്രസാങ്കേതിക രംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്താന്‍ സാധിച്ചു.
അതോടൊപ്പം, ഇന്ത്യന്‍ ജനാധിപത്യം ലോകത്തിലെ ഏറ്റവും വലുതും കരുത്തുമുള്ളതായി മാറി. യുദ്ധങ്ങളെയും ഭീകരപ്രസ്ഥാനങ്ങളെയും അതിജീവിച്ചു. എല്ലാ വിധ വിഭാഗീയതകളെയും മറികടന്ന് ഇന്ത്യ മതേതരത്വത്തെ കാത്തുസൂക്ഷിച്ചു. ഇന്ത്യ ഇന്ന് കൈവരിച്ച നേട്ടം മറ്റേതു രാജ്യങ്ങളോടും കിടപിടിക്കത്തക്കതാണ്. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം പ്രാപിച്ച പല രാജ്യങ്ങളും പട്ടാളഭരണത്തിലേക്കും ഏകാധിപത്യത്തിലേക്കും കാലിടറി വീണപ്പോള്‍, മൂവര്‍ണക്കൊടി പാറിനിന്നു. കാരണം, ഗാന്ധിജി പകര്‍ന്നു തന്ന കാഴ്ചപ്പാടുകളും മൂല്യങ്ങളുമാണ് നമ്മുടെ അടിത്തറ. രാഷ്ട്രശില്‍പി ജവഹര്‍ലാല്‍ നെഹ്‌റു, ഭരണഘടനാ ശില്‍പി ബി ആര്‍ അംബേദ്കര്‍ തുടങ്ങിയവരൊക്കെ ഗാന്ധിയന്‍ മൂല്യങ്ങള്‍ സ്വാംശീകരിച്ചവരാണ്.
രാജ്യം കൈവരിച്ച ഈ നേട്ടങ്ങള്‍, കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്കു പ്രചോദനം പകരുന്നു. ഇനിയും നമുക്കു പരിഹരിക്കാന്‍ പ്രശ്‌നങ്ങള്‍ ഏറെയുണ്ട്. എന്നാല്‍, ഈ പ്രശ്‌നങ്ങളെ പെരുപ്പിച്ചുകാട്ടി, നമ്മുടെ നേട്ടങ്ങളെ കാണാതെ പോകുന്നതും രാജ്യത്തിനു വേണ്ടി ജീവനും ജീവിതവും സമര്‍പ്പിച്ചവരെ മറന്നുപോകുന്നതും നീതികേടാണ്. മഹാത്മാ ഗാന്ധി പോലും അവമതിക്കപ്പെടുന്നത് ഞെട്ടലോടു കൂടി മാത്രമേ കാണാന്‍ കഴിയൂ.
20-ാം നൂറ്റാണ്ടിലെ പ്രമുഖ സംഭവങ്ങള്‍ എന്ന പേരില്‍ റീഡേഴ്‌സ് ഡൈജസ്റ്റ് ഇന്റര്‍നാഷനല്‍ ബൃഹത്തായ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള അധ്യായം ആരംഭിക്കുന്നത്,“”ഇതാ സന്യാസിയായ ഒരു നേതാവ്” എന്ന ആമുഖത്തോടെയാണ്. ലോകചരിത്രത്തില്‍ ഗാന്ധിജിയുടെ സ്ഥാനം 21 -ാം നൂറ്റാണ്ടിലാണെന്ന് ചരിത്ര പണ്ഡിതന്‍ ആര്‍നോള്‍ഡ് ടോയന്‍ബി എഴുതിവച്ചു. ഗാന്ധിജയന്തിദിനമായ ഒക്‌ടോബര്‍ രണ്ട് 2007 മുതല്‍ ഐക്യരാഷ്ട്രസംഘടന അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു.
അഹിംസാമന്ത്രവുമായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ നേരിട്ട അദ്ദേഹത്തിന്റെ വീക്ഷണവും പ്രവര്‍ത്തനങ്ങളും ഒരു ജനതയുടെ മോചനത്തില്‍ ഒതുങ്ങിയിരുന്നില്ല. സ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാരെ പുറത്താക്കാന്‍ വേണ്ടി മാത്രമുള്ളതല്ല മറിച്ച ഒരു നവ സമൂഹരചനക്കാണെന്നും അത് നേടുന്നതിനുള്ള യാത്രയില്‍ മുന്നിലുള്ള തടസ്സങ്ങളിലൊന്നുമാത്രമാണ് ബ്രിട്ടീഷ് ഭരണമെന്നും ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ലോകം ഗാന്ധിജിയിലേക്ക് അടുത്തത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം കൊണ്ടുവന്ന അസാധാരണമായ രീതികളിലൂടെയാണ്. ത്യാഗനിര്‍ഭരമായ സഹന സമരത്തിലൂടെ, സത്യത്തെയും അഹിംസയെയും മുറുകെപ്പിടിച്ചു നേടിയ സ്വാതന്ത്ര്യം ചരിത്രത്തിലെ വേറിട്ട അധ്യായമാണ്.
ലോകത്തു നടക്കുന്ന അക്രമങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് വ്യത്യസ്ത മതവിശ്വാസങ്ങളുടെ പേരില്‍ നടക്കുന്ന സംഘര്‍ഷങ്ങളാണ്. വിവിധ മതസ്ഥര്‍ പരസ്പരം മനസ്സിലാക്കിയാല്‍ കലാപങ്ങളില്‍ ഏറിയ പങ്കും ഒഴിവാക്കാം. മതങ്ങള്‍ തമ്മിലുള്ള സംവാദം പ്രോത്സാഹിപ്പിക്കണമെന്ന നിലപാടായിരുന്നു ഗാന്ധിജിയുടേത്. വിവിധ മതവിശ്വാസികള്‍ ചേര്‍ന്ന കൂട്ടായ്മകള്‍ക്ക് ഗാന്ധി രൂപം കൊടുക്കുകയും ഒന്നിച്ച് ജീവിക്കാനും പണിയെടുക്കാനും അവസരമൊരുക്കുകയും ചെയ്തു.
പൂര്‍ണ സ്വാതന്ത്ര്യത്തിലേക്കുള്ള താക്കോല്‍ സാമ്പത്തിക സമത്വമാണെന്നും സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള വിടവ് നികത്താത്തിടത്തോളം കാലം അഹിംസാത്മകമായ ഭരണ സംവിധാനം അസാധ്യമാണെന്നും സമ്പത്തും അതില്‍ നിന്ന് ഉണ്ടാകുന്ന ശക്തിയും പൊതുനന്മക്കു വേണ്ടി പങ്കിടാന്‍ തയാറായില്ലെങ്കില്‍ രക്തരൂക്ഷിതമായ വിപ്ലവം ഉണ്ടാകുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പ്രവചിച്ചു. അത് ഇന്ന് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു. “നിങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദരിദ്രനായ, ഏറ്റവും നിസ്സഹായനായ മനുഷ്യന്റെ മുഖം സങ്കല്‍പിച്ചുനോക്കുക. എന്നിട്ട് നിങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യം അയാള്‍ക്ക് ഏതെങ്കിലും രീതിയില്‍ പ്രയോജനപ്പെടുമോ എന്ന് സ്വയം ചോദിച്ചുനോക്കുക.” ഗാന്ധിയുടെ ഈ രക്ഷാസൂത്രം ഭരണകര്‍ത്താക്കള്‍ എക്കാലവും നെഞ്ചോടു ചേര്‍ക്കേണ്ടതാണ്.
വിഭവങ്ങളെ സംരക്ഷിക്കുകയും സമാഹരിക്കുകയും അവയെ നീതിപൂര്‍വം വിതരണം ചെയ്യുകയും വേണമെന്ന സുസ്ഥിരവികസന കാഴ്ചപ്പാട് ലോകമനഃസാക്ഷിയുടെ മുന്നില്‍ ഗാന്ധിജി അവതരിപ്പിച്ചു. ഭൂമുഖത്ത് എല്ലാവരുടെയും ആവശ്യത്തിനുള്ള വിഭവങ്ങള്‍ ഉണ്ട്; എന്നാല്‍, ആരുടെയും ആര്‍ത്തിക്ക് തികയുകയുമില്ല എന്നത് പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും വിഭവങ്ങളെ ധൂര്‍ത്തടിക്കാതിരിക്കാനുമുള്ള ഗാന്ധിജിയുടെ താക്കീതാണ്.
ഗാന്ധിജിയുടെ മറ്റൊരു പ്രധാനപ്പെട്ട കര്‍മമണ്ഡലം അയിത്തോച്ചാടനമായിരുന്നു. ദളിതരെ അദ്ദേഹം “ദൈവത്തിന്റെ മക്കള്‍” എന്നു വിളിച്ചു. അവരോടൊത്ത് സഹവസിച്ചും അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി സമരപരമ്പരകള്‍ അഴിച്ചുവിട്ടും ഗാന്ധിജി അവര്‍ണര്‍ക്കു വേണ്ടി നിലകൊണ്ടു. കക്കൂസ് പോലും സ്വന്തം കൈകൊണ്ടു വൃത്തിയാക്കി മാതൃക കാട്ടി. അവര്‍ണരെ ഹിന്ദു സമുദായത്തില്‍ നിന്ന് വേര്‍തിരിച്ച് വോട്ടവകാശം നല്‍കാനുള്ള ബ്രിട്ടീഷുകാരുടെ വിഭജിക്കല്‍ തന്ത്രത്തിനെതിരെ ഗാന്ധിജി യര്‍വാദാ ജയിലില്‍ നിരാഹാരം അനുഷ്ഠിച്ചു. സാമൂഹിക പരിഷ്‌കരണം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കി. കേരളത്തിലെ അയിത്തോച്ചാടന പോരാട്ടങ്ങള്‍ക്ക് ഗാന്ധിജിയുടെ മാര്‍ഗനിര്‍ദേശമുണ്ടായിരുന്നു. ഗാന്ധിജി കേരളം സന്ദര്‍ശിച്ചപ്പോള്‍ അയ്യങ്കാളിയെയും ശ്രീനാരായണ ഗുരുവിനെയും സന്ദര്‍ശിച്ചു. ഹരിജന്‍ കോളനികള്‍ കണ്ടു. ഹരിജന്‍ സേവക് സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ഫണ്ട് സമാഹരിച്ചു. ക്ഷേത്രപ്രവേശ വിളംബരം ഗാന്ധിമാര്‍ഗ പ്രവര്‍ത്തനങ്ങളുടെ വിജയപ്രഖ്യാപനം കൂടിയായിരുന്നു. എന്നിട്ടും അദ്ദേഹത്തെ ദളിത്‌വിരുദ്ധനെന്ന് ചിലര്‍ വിമര്‍ശിച്ചു.
ഗാന്ധിജിയിലുള്ള വിശ്വാസം ഊട്ടിയുറപ്പിച്ചാണ് സേവാഗ്രാം സന്ദര്‍ശിക്കുന്നവര്‍ അവിടെനിന്നു മടങ്ങുന്നത്. ബാപ്പുകുടിയുടെ മുന്നില്‍ ഏഴ് സാമൂഹിക തിന്മകള്‍ എഴുതിവച്ചിട്ടുണ്ട്- ആദര്‍ശമില്ലാത്ത രാഷ്ട്രീയം, ജോലി ചെയ്യാതെ സമ്പാദിച്ച സ്വത്ത്, സന്മാര്‍ഗീയത ഇല്ലാത്ത വ്യവസായം, സ്വഭാവഗുണമില്ലാത്ത വിദ്യാഭ്യാസം, മനഃസാക്ഷിയില്ലാത്ത ആനന്ദം, മാനവികത ഇല്ലാത്ത ശാസ്ത്രം, ത്യാഗമില്ലാത്ത ഉപാസന എന്നിവയാണവ. സ്വാതന്ത്യത്തിന്റെ സത്തയും അര്‍ഥവും നമ്മെ നിരന്തരം ഓര്‍മിപ്പിക്കുന്ന വാക്കുകള്‍.

Latest