Ongoing News
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തോല്‍വിത്തുടക്കം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കഷ്ടകാലം തുടരുന്നു. ലീഗ് സീസണിന് കിക്കോഫ് കുറിച്ച പോരില്‍ സ്വാന്‍സി സിറ്റിയോട് 2-1ന് യുനൈറ്റഡ് പരാജയപ്പെട്ടു. പുതിയ കോച്ച് ലൂയിസ് വാന്‍ ഗാലിന്റെ പ്രീ സീസണ്‍ ജൈത്രയാത്രയാണ് ലീഗിലെ ആദ്യ മത്സരത്തില്‍ അവസാനിച്ചത്. ഡച്ച് കോച്ചിന്റെ പ്രീമിയര്‍ ലീഗ് അരങ്ങേറ്റം മോശമായി എന്നതിനേക്കാള്‍ യുനൈറ്റഡ് ആരാധകരെ അസ്വസ്ഥരാക്കുന്നത് മറ്റൊന്നാണ്. 1972ന് ശേഷം ആദ്യമായി യുനൈറ്റഡ് ലീഗിലെ ആദ്യ മത്സരം തോല്‍ക്കുന്നു, അതും ഓള്‍ഡ്ട്രഫോര്‍ഡിലെ സ്വന്തം തട്ടകത്തില്‍. സ്വാന്‍സിയാകട്ടെ ഓള്‍ഡ്ട്രഫോര്‍ഡില്‍ ജയിച്ചിട്ടില്ലെന്ന അപഖ്യാതി തിരുത്തുകയും ചെയ്തു.
ഇരുപത്തെട്ടാം മിനുട്ടില്‍ കി സുംഗ് യോംഗിന്റെ ഗോളില്‍ സ്വാന്‍സി മുന്നിലെത്തിയപ്പോള്‍ യുനൈറ്റഡിന് വേണ്ടിയുള്ള ആരവം നിലച്ചു. രണ്ടാം പകുതിയില്‍ വെയിന്‍ റൂണിയുടെ ക്ലാസ് ഗോളില്‍ ഹോം ടീം സമനിലയോടെ തിരിച്ചുവന്നപ്പോള്‍ സ്റ്റേഡിയത്തില്‍ കാതടപ്പിക്കുന്ന ആരവം. എഴുപത്തിരണ്ടാം മിനുട്ടില്‍ സുഗുഡ്‌സന്‍ എട്ട് വാര അകലെ നിന്നുള്ള ക്ലീന്‍ ഫിനിഷിംഗില്‍ സ്വാന്‍സിയെ വീണ്ടും മുന്നിലെത്തിച്ചു. ഈ ഗോള്‍ യുനൈറ്റഡ് കളിക്കാരെ തീര്‍ത്തും തളര്‍ത്തി. സമനില ഗോളിന് പൊരുതിയെങ്കിലും സന്ദര്‍ശക ടീം ചരിത്രജയം കൈവിടാതിരിക്കാന്‍ തയ്യാറല്ലായിരുന്നു.
പ്രതിരോധ നിരയിലെ പ്രമുഖര്‍ക്ക് പരിക്കേറ്റതും പരിചയ സമ്പന്നരെ ടീമിലെത്തിക്കുന്നതില്‍ കാലതാമസം നേരിടുന്നതും ലൂയിസ് വാന്‍ ഗാലിന്റെ തന്ത്രങ്ങളെ ബാധിച്ചു. അക്കാദമിയിലെ യുവതാരങ്ങളായ ടൈലര്‍ ബ്ലാക്കറ്റ്, ജെസി ലിംഗാര്‍ഡ് എന്നിവരായിരുന്നു പ്രതിരോധത്തില്‍. മധ്യനിരയില്‍ ആന്‍ഡെര്‍ ഹെരേരയും. 3-4-1-2 ഫോര്‍മേഷനില്‍ ആരംഭിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒരു ഗോള്‍ വാങ്ങിയതോടെ തന്ത്രം മാറ്റി.
വിംഗ് ബാക്ക് ജെസി ലിംഗാര്‍ഡിനെ ഇരുപത്തിനാലാം മിനുട്ടില്‍ പിന്‍വലിച്ച ലൂയിസ് വാന്‍ ഗാല്‍ അദ്‌നാന്‍ ജനുസായിനെ കളത്തിലിറക്കി. രണ്ടാം പകുതിയില്‍ ഹെര്‍നാണ്ടസിന് പകരം നാനിയും വന്നു. ഹെരേരക്ക് പകരം ബെല്‍ജിയം താരം ഫെലെയ്‌നിയെ പരീക്ഷിച്ചതായിരുന്നു ശ്രദ്ധേയം. തന്റെ പദ്ധതികളില്ലാത്ത താരമെന്ന് വാന്‍ ഗാല്‍ വ്യക്തമാക്കിയ ഫെലെയ്‌നി സമനില ഗോളിന് വേണ്ടി കഠിനപ്രയത്‌നം നടത്തുകയായിരുന്നു.
ലോംഗ് ബോളുകളിലൂടെ ഫെലെയ്‌നിക്ക് ഗോളൊരുക്കാനുള്ള തന്ത്രമായിരുന്നു വാന്‍ ഗാല്‍ അവസാന മിനുട്ടുകളില്‍ പയറ്റിയത്. റൂണിയും ജുവാന്‍ മാറ്റയും നയിച്ച മുന്നേറ്റ നിരക്കും യുനൈറ്റഡിന്റെ തോല്‍വി ഒഴിവാക്കാന്‍ സാധിച്ചില്ല.
ഇഞ്ചുറി ടൈമില്‍ ഏഞ്ചല്‍ റാഞ്ചലിന്റെ ഹാന്‍ഡ് ബോള്‍ ചൂണ്ടിക്കാട്ടി മാഞ്ചസ്റ്റര്‍ കളിക്കാര്‍ പെനാല്‍റ്റിക്ക് വേണ്ടി വാദിച്ചു നോക്കിയെങ്കിലും റഫറി മൈക് ഡീന്‍ മുഖം തിരിച്ചു. ഇതായിരുന്നു ആതിഥേയ ടീമിന്റെ അവസാന അവസരം.