Connect with us

Articles

ഒരു വെളിച്ചം കൂടി...

Published

|

Last Updated

ജ്ഞാന പ്രസരണത്തിന്റെയും കര്‍മ കുശലതയുടെയും പരീക്ഷണങ്ങളുടെ നെരിപ്പോടുകളുടെയും വിനയവിസ്മയത്തിന്റെയും എണ്‍പതാണ്ടിന്റെ ധന്യ ജീവിതം; ചെറുശ്ശോല ബീരാന്‍കുട്ടി മുസ്‌ലിയാര്‍ വിട വാങ്ങി. കൈപ്പറ്റ ഉസ്താദിന്റെ പ്രധാന ശിഷ്യന്മാരില്‍ ഒരാളായ ചെറുശ്ശോല ഉസ്താദ് സുദീര്‍ഘമായ നാല്‍പ്പത് വര്‍ഷങ്ങള്‍ ചെറുശ്ശോലയില്‍ മുദര്‍രിസായ സേവനമനുഷ്ഠിച്ചു. പിന്നീട് കിഴക്കേപുറം ജാമിഅ നുസ്‌റതില്‍ സ്വദര്‍ മുദര്‍രിസായി വിജ്ഞാന വഴിയിലെ തന്റെ സേവനം തുടരുകയായിരുന്നു. സ്ഥാപനത്തിന്റെ പ്രസിഡന്റ്കൂടിയായിരുന്ന ഉസ്താദ് വാര്‍ധക്യ സഹജമായ കാരണങ്ങളാല്‍ കുറഞ്ഞ കാലമായി വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും ഒട്ടനവധി പണ്ഡിതശ്രേഷ്ഠരുടെ ഗുരുവര്യരും സങ്കീര്‍ണമായ മസ്അലകളുടെ ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങി പ്രശ്‌നങ്ങള്‍ കുരുക്കഴിച്ച് ഗഹനമായ അറിവുകള്‍ തലമുറകള്‍ക്ക് പകര്‍ന്നുനല്‍കിയവരാണെങ്കിലും അതിശയിപ്പിക്കുന്ന വിനയവും ലാളിത്യവും കൊണ്ട് ഈ മഹാ മനീഷി വേറിട്ടു നിന്നു. അടങ്ങാത്ത ജ്ഞാന തൃഷ്ണ ഉസ്താദിന്റെ സവിശേഷമായ ഗുണമായിരുന്നു. ഏത് കുട്ടിയോടും ചോദിക്കും, ഏത് വിവരവും അന്വേഷിക്കും, ഏത് പുസ്തകവും വായിക്കും, ഏത് അറിവും കണ്ടെത്തും, ഏത് വിവരവും കുറിച്ചുവെക്കും, ഏത് ഗ്രന്ഥവും സൂക്ഷിച്ചുവെക്കും, ഏത് സമയത്തും അവ ഉപയോഗപ്പെടുത്തും. വാര്‍ധക്യത്തിന്റെ വിവശതകളിലും അണയാത്ത ജ്ഞാനദാഹം ഈ പണ്ഡിതവര്യനെ ഭരിച്ചുകൊണ്ടിരുന്നു…
പരീക്ഷണങ്ങളുടെ തീച്ചൂളകളിലൂടെ എഴുപതുകളിലും ഉസ്താദ് ചുറുചുറുക്കുള്ള യുവാവിനെ പോലെ എഴുന്നു നടന്നു. മകള്‍ക്കു ബാധിച്ച മാറാവ്യാധി ആത്മീയജീവിതത്തിന്റെ ഔന്നത്യത്തിനായി ഉടയ തമ്പുരാന്‍ വിധിച്ചതായിരുന്നുവെന്നേ പിറകില്‍ നിന്ന് വീക്ഷിക്കുന്ന ഏതൊരു പ്രേക്ഷകനും തോന്നൂ. നീണ്ട ഇരുപത്തിയഞ്ച് കൊല്ലം ശരീരം തളര്‍ന്നു പോയ യുവതിയായ തന്റെ മകളെ വയോധികനായ ആ ജ്ഞാന സൗന്ദര്യം ശുശ്രൂഷിച്ചു. ആഴ്ചയില്‍ രണ്ട് ഡയാലിസിസ്, അതിന് പുറമേ നീര് കുത്തിയെടുക്കല്‍, മൂന്ന് തവണ ഓക്‌സിജന്‍ സിലിന്‍ഡര്‍ മാറ്റല്‍, മരുന്ന് എടുത്ത് കൊടുക്കല്‍, എല്ലാത്തിനും ആ മകള്‍ക്ക് തന്റെ പുന്നാര ഉപ്പ തന്നെ വേണമായിരുന്നു. പടച്ചവന്റെ വിധിയില്‍ തൃപ്തിപ്പെട്ട് ദര്‍സുകള്‍ക്കിടയിലും ആ പണ്ഡിത ജ്യോതിസ്സ് പിതൃവാത്സല്യത്തോടെ സേവനപ്പെട്ടു…
മകള്‍ പിരിഞ്ഞതോടെയാണ് എണ്‍ത് പൂര്‍ത്തിയാക്കിയ ഈ പിതാവിന് വാര്‍ധക്യസഹജമായ ക്ഷീണങ്ങള്‍ കൂടുതലായി കണ്ടുതുടങ്ങിയത്. ആത്മീയ വഴിയില്‍ പ്രതിഫലത്തിന്റെ ഒരു ഉറവ അടഞ്ഞപ്പോള്‍ മറ്റൊന്ന് ഉറവയെടുക്കുകയായിരുന്നു. അങ്ങനെ ചെറുപ്പവും കൗമാരവും ജ്ഞാന സപര്യയുടെ വെളിച്ചവും തുടര്‍ന്ന് വൈജ്ഞാനിക സേവനത്തിന്റെയും പകര്‍ന്നു നല്‍കലുകളുടെയും തദ്‌രീസീ ഘട്ടവും ഒപ്പം സഹനത്തിന്റെ സഹ്യപര്‍വതങ്ങളും കടന്ന് ഒടുവില്‍ ഇലാഹീ കനിവിന്റെയും തൃപ്തിയുടെയും തണലിലായി ഒഴുകിപ്പരന്ന ധന്യയുഗം എല്ലാ സൗന്ദര്യങ്ങളോടും കൂടി ബര്‍സഖീ ജീവിതത്തിലേക്ക് നടന്നകന്നു.
അല്ലാഹുവേ, ഉസ്താദിന്റെ ആത്മാവിന് നീ ശാന്തി പകരേണമേ… നിന്റെ സ്വര്‍ഗീയ ഉദ്യാനത്തില്‍ ഞങ്ങളെ ഒരുമിച്ചു കൂട്ടേണമേ…