Connect with us

Kerala

കാലിക്കറ്റ് സിന്‍ഡിക്കേറ്റ് യോഗത്തിനിടെ കൈയാങ്കളി; വി സിക്ക് പരുക്ക്

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗത്തിനിടെയുണ്ടായ കൈയാങ്കളിയില്‍ വൈസ് ചാന്‍സലര്‍ എം അബ്ദുസ്സലാമിനും പ്രോ വൈസ് ചാന്‍സലര്‍ കെ രവീന്ദ്രനാഥിനും പരുക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് വിട്ടയച്ചു. വി സി നെയിംപ്ലേറ്റ് കൊണ്ടടിച്ച് പരുക്കേല്‍പ്പിച്ചെന്ന പരാതിയുമായി സിന്‍ഡിക്കേറ്റിലെ യു ഡി എഫ് പ്രതിനിധിയായ സലാഹുദ്ദീന്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെ പത്തിന് തുടങ്ങിയ സിന്‍ഡിക്കേറ്റ് യോഗത്തിലായിരുന്നു സംഘര്‍ഷം.

ജൂലൈ പത്തൊമ്പതിന് നടന്ന യോഗത്തിലെ അജന്‍ഡ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നമുണ്ടായത്. യോഗത്തിന്റെ മിനുട്‌സ് സെക്രട്ടറിയായ രജിസ്ട്രാറാണ് തയ്യാറാക്കേണ്ടത്. എന്നാല്‍, വൈസ് ചാന്‍സലര്‍ സ്വയം മിനുട്‌സ് തയ്യാറാക്കി ഒപ്പിടുകയായിരുന്നെന്നും ഇതില്‍ ചില തിരുത്തലുകള്‍ വരുത്തിയാലേ അംഗീകരിക്കൂ എന്നും അംഗങ്ങള്‍ പറഞ്ഞു.
മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ മിനുട്‌സില്‍ വി സി രേഖപ്പെടുത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിലും ഉന്തിലും തള്ളിലുമാണ് വൈസ് ചാന്‍സലര്‍ക്ക് പരുക്കേറ്റത്. വി സിയെ രക്ഷിക്കാനെത്തിയ പി വി സിക്കും പരുക്കേറ്റു.
വി സിയുടെ കൈക്കും ശരീരത്തിലും അടിയേറ്റതിന്റെ പാടുകളുണ്ട്. അക്രമത്തിനിടയില്‍ വി സിയെ പുറത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച പി വി സിയെ കതകിന് സമീപത്ത് നിര്‍ത്തി അമര്‍ത്തുകയും പിടിവലി നടത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പി വി സിയുടെ ഇടത് കൈക്കും ശരീരത്തിന്റെ ചില ഭാഗങ്ങളിലും പരുക്കേറ്റു. ഇവരെ ഉടന്‍ യൂനിവേഴ്‌സിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറെത്തി പരിശോധിച്ച ശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. പി എം നിയാസും സലാഹുദ്ദീനുമാണ് ആക്രമിച്ചതെന്ന് വൈസ് ചാന്‍സലര്‍ ആരോപിച്ചു. തനിക്ക് മൊബൈലില്‍ We Prepared with Arms എന്ന് എസ് എം എസ് വന്നിരുന്നെന്ന് വി സി പറഞ്ഞു. നിയസിനും സലാഹുദ്ദീനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വി സിയെ മോശമായ പദപ്രയോഗം നടത്തി അധിക്ഷേപിച്ചതിനും കൈയേറ്റം ചെയ്തതിനുമാണ് കേസെടുത്തത്. തന്റെ അധികാര പരിധിക്കുളളില്‍ നിന്ന് സിന്‍ഡിക്കേറ്റ് അജന്‍ഡകള്‍ മുഴുവനും പാസാക്കിയതായി വി സി പറഞ്ഞു. യോഗത്തിലെ തര്‍ക്കമുള്ള വിഷയങ്ങള്‍ ഒഴികെ ശേഷിക്കുന്നവയെല്ലാം പാസാക്കും. തര്‍ക്കമുളള വിഷയങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും നടപ്പാക്കാന്‍ ഗവണ്‍മെന്റിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. സിന്‍ഡിക്കേറ്റ് യോഗത്തില്‍ മുഴുവന്‍ അംഗങ്ങളും വൈസ് ചാന്‍സലര്‍ക്ക് എതിരായിരുന്നു.