Ongoing News
നെയ്മറിന് ഇരട്ട ഗോള്‍; ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ വിജയം
ബാഴ്‌സലോണ: ലോകകപ്പില്‍ നട്ടെല്ലിനേറ്റ പരിക്ക് മാറി കളത്തില്‍ തിരിച്ചെത്തിയ സൂപ്പര്‍ താരം നെയ്മറുടെ ഇരട്ട ഗോള്‍ മികവില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ വിജയം. ബാഴ്‌സ കുപ്പായത്തില്‍ ഉറുഗ്വായ് താരം ലൂയി സുവാരസ് ആദ്യമായി ബൂട്ടണിഞ്ഞ മത്സരത്തില്‍ മെക്‌സിക്കന്‍ ക്ലബായ ലിയോണിനെ എതിരില്ലാത്ത ആറ് ഗോളിനാണ് തകര്‍ത്തത്. സൂപ്പര്‍ താരം മെസ്സിയാണ് ബാഴ്‌സയ്ക്കായി ഗോള്‍ വേട്ട തുടങ്ങിയത്.
സീസണു മുന്നോടിയായി ഗ്യാമ്പര്‍ ട്രോഫി മത്സരമാണ് ക്യാമ്പ് നൗവില്‍ നടന്നത്. മെസ്സി ഗോള്‍ നേടിയതിന് പിന്നാലെ നെയ്മറും ഗോള്‍ നേടി. പകരക്കാരനായി ഇറങ്ങിയ മുനീറും ഇരട്ടഗോള്‍ നേടി. സാന്‍ഡ്രോയാണ് മറ്റൊരു ഗോള്‍ നേടിയത്.
ലോകകപ്പില്‍ ഇറ്റാലിയന്‍ താരം ചെല്ലീനിയെ കടിച്ചതിന് നാല് മാസത്തെ വിലക്ക് നേരിടുന്ന സുവാരസിന് സൗഹൃദ മത്സരം കളിക്കാന്‍ അനുമതി ലഭിക്കുകയായിരുന്നു. അവസാന പതിനഞ്ചു മിനിറ്റാണ് സുവാരസ് കളത്തിലിറങ്ങിയത്. ഒക്ടോബറിലേ സുവാരസിന് ഔദ്യോഗിക മത്സരം കളിക്കാന്‍ കഴിയൂ.
ലോകകപ്പില്‍ കൊളംബിയക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ നെയ്മര്‍ കളത്തില്‍ തിരിച്ചെത്തിയ ആദ്യ മത്സരത്തില്‍ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം പകുതിയില്‍ നെയ്മര്‍ കളത്തിലിറങ്ങിയില്ല.