Connect with us

National

ഇറോം ശര്‍മിളയെ മോചിപ്പിക്കണമെന്ന് മണിപ്പൂര്‍ കോടതി

Published

|

Last Updated

ഇംഫാല്‍: സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ നിയമത്തിനെതിരെ 14 വര്‍ഷമായി നിരാഹാരമിരിക്കുന്ന ഇറോം ശര്‍മിളയെ മോചിപ്പിക്കണമെന്ന് മണിപ്പൂര്‍ കോടതി. ശര്‍മിളയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന ആത്മഹത്യാശ്രമമെന്ന കുറ്റം ആരോപണം മാത്രമാണ്. തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആത്മഹത്യാ ശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയതിരിക്കുന്ന ഇറോം ശര്‍മിള ഇപ്പോള്‍ വീട്ടുതടങ്കലിലാണ്.
ഇംഫാല്‍ വിമാനത്താവള മേഖലയില്‍ സമരം നടത്തിയവര്‍ക്കെതിരെ ആസാം റൈഫിള്‍സ് നടത്തിയ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2000 നവംബര്‍ രണ്ടിനായിരുന്നു സംഭവം. ഇതില്‍ പ്രതിഷേധിച്ചാണ് ശര്‍മിള 28-ാം വയസ്സില്‍ നിരാഹാരം ആരംഭിച്ചത്. സൈന്യത്തിനുള്ള പ്രത്യേകാധികാര നിയമം ( ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട്-അഫ്‌സ്പ) എടുത്തുകളയണമെന്നായിരുന്നു ആവശ്യം. മൂന്ന് ദിവസത്തിന് ശേഷം ആത്മഹത്യാശ്രമത്തിന് കേസെടുത്തു. ആത്മഹത്യാശ്രമത്തിന് ഒരു വര്‍ഷം തടവ് മാത്രമാണ് പരമാവധി നല്‍കാവുന്ന ശിക്ഷ. അതുകൊണ്ട് എല്ലാ വര്‍ഷവും മോചിപ്പിക്കുകയും വീണ്ടും അറസ്റ്റ് ചെയ്യുകയുമാണ് പതിവ്. ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്ന ശര്‍മിളയെ മൂക്കിലൂടെയിട്ട ട്യൂബിലൂടെ നിര്‍ബന്ധിച്ച് ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
ഇറോം ശര്‍മിളയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട കോടതി പക്ഷേ സൈന്യത്തിന്റെ പ്രത്യേകാധികാര നിയമത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കിയില്ല.

 

Latest