Articles
എബോള രോഗം എന്താണ്?
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ യംബുക്കു ഗ്രാമത്തിലെ എബോള നദിയുടെ തീരത്തെ ചിലരിലാണ് 1976ല്‍ ലോകത്ത് ആദ്യമായി എബോള രോഗം തിരിച്ചറിയുന്നത്. അങ്ങനെയാണ് ഈ രോഗത്തിന് എബോള എന്ന പേരുണ്ടായത്. ഇത് മൂലം ആദ്യം മരിച്ചത് ഒരു സ്‌കൂള്‍ ഹെഡ് മാസ്റ്ററായിരുന്നു. എബോള ഒരു വൈറസ് രോഗമാണ്. എബോള വൈറസ് ഡിസീസ് (ഇ വി ഡി) എന്നാണ് രോഗത്തിന്റെ പൂര്‍ണ പേര്. 1976ല്‍ രോഗം തിരിച്ചറിഞ്ഞെങ്കിലും വ്യാപകമായും ഭീതി പൂണ്ടും പടരുന്നത് 2014ല്‍ ആണ്. ഇതുവരെ ഭൂമുഖത്തെ പത്ത് ലക്ഷം ആളുകള്‍ക്കെങ്കിലും ഈ രോഗം പിടിപെട്ടുകഴിഞ്ഞു. മധ്യ, പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്.
ഇതിന് ചികിത്സിക്കാന്‍ വേണ്ട വാക്‌സിന്‍ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. രോഗം വന്നാല്‍ മരണം ഏതാണ്ട് ഉറപ്പാണ്. ലോകത്ത് ഈ രോഗം വളരെ വേഗം പടരുന്നത് ഗ്വിനിയ, ലൈബീരിയ, സിയാറലിയോണ്‍, നൈജീരിയ, കോംഗോ തുടങ്ങിയ രാജ്യങ്ങളിലാണ്. എന്നാല്‍, ഘാന, ബൈനിന്‍, സഊദി, സ്‌പെയിന്‍, അമേരിക്ക, ഇന്ത്യ, ഇറ്റലി, ഫിലിപ്പൈന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ എബോള രോഗത്തിന്റെ നിഴലിലാണ്. രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കാത്ത സ്ഥലങ്ങളില്‍ രോഗം അതിവേഗം പടരുകയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. അതിനാല്‍, തന്നെ ലോകമൊട്ടുക്കും എബോളക്കെതിരെ ഡബ്ലിയു എച്ച് ഒ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചുകഴിഞ്ഞു.
എബോള വൈറസ് മനുഷ്യനിലെത്തുന്നത് മൃഗങ്ങളിലൂടെയാണ്. രോഗം ബാധിച്ച ചിമ്പാന്‍സി, കുരങ്ങ്, ഗറില്ലകള്‍, മറ്റു കുരങ്ങുകള്‍, മുള്ളന്‍ പന്നി, പന്നി, വവ്വാലുകള്‍ എന്നിവയുടെ ശരീരത്തിലെ എല്ലാ തരം സ്രവങ്ങളിലും എബോള വൈറസ് ഉണ്ടാകും. രക്തം, മൂത്രം, കാഷ്ഠം എന്നിവയില്‍ നിന്നും സ്പര്‍ശനം വഴിയും രോഗം മനുഷ്യനിലെത്താവുന്നതാണ്. രോഗം മൂലം മരിച്ച ഇത്തരം ജന്തുക്കളുടെ ശവശരീരങ്ങള്‍ വഴിയും രോഗം പടരാന്‍ സാധ്യതയുണ്ട്. മനുഷ്യ ശരീരത്തിലെ മുറിവുകള്‍, വായ്, ത്വക്ക് എന്നിവയിലൂടെ എബോള വൈറസ് മനുഷ്യ ശരീരത്തിലെത്താവുന്നതാണ്. രോഗം വന്ന ജന്തുക്കളെ ഭക്ഷിക്കുന്നതിലൂടെയും ഇറച്ചി വേവിക്കാതെ കഴിക്കുന്നതു വഴിയും രോഗം വരാം. രോഗം ബാധിച്ച ഒരാളെ സ്പര്‍ശിച്ചാല്‍ പോലും മറ്റൊരാള്‍ക്ക് പടരാം. രോഗികളെ പരിചരിക്കുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യത ഏറെയാണ് എന്നത് രോഗത്തിന്റെ ഭീതി വര്‍ധിപ്പിക്കുന്നു. രോഗം വന്ന മനുഷ്യന്റെ തുപ്പല്‍, വിയര്‍പ്പ്, രക്തം, ശുക്ലം എന്നിവയിലൂടെ രോഗം മറ്റുള്ളവരിലേക്ക് എത്തും. രോഗം വന്ന് മാറിയവരും എബോള വൈറസ്‌വാഹകരാണ്. ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് കുത്തിവെക്കാന്‍ ഉപയോഗിക്കുന്ന സൂചികള്‍ വീണ്ടും ഉപയോഗിക്കുക, രോഗിയുടെ വസ്ത്രങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കുക, രോഗം ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ചുംബിക്കുക, മൃതദേഹം കുളിപ്പിക്കുക എന്നീ സാഹചര്യങ്ങളിലെല്ലാം രോഗം ആരോഗ്യമുള്ളവരിലേക്ക് പടരാം. ഗര്‍ഭിണികളിലും കുട്ടികളിലും രോഗം പെട്ടെന്ന് വരാവുന്നതാണ്. പണ്ടൊക്കെ നമ്മുടെ നാട്ടില്‍ മസൂരി രോഗം വന്നപ്പോള്‍ മാറ്റി താമസിപ്പിച്ചതുപോലെ രോഗികളെ അകറ്റി നിര്‍ത്തിയില്ലെങ്കില്‍ രോഗം പകരും. ഇതിനകം രോഗികളെ ചികിത്സിച്ച മൂന്ന് ഡോക്ടര്‍മാര്‍ എബോള പിടിപെട്ട് മരിച്ചുകഴിഞ്ഞു. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരിലും രോഗം അതിവേഗം പടരുന്നതായാണ് കാണുന്നത്. എബോള വൈറസ് രോഗത്തിന്റെ ആദ്യ ലക്ഷണം കടുത്ത പനിയാണ്. തുടര്‍ന്ന് രോഗികള്‍ ക്ഷീണിച്ച് അവശരാകും. പേശി വേദന, തലവേദന, തൊണ്ട വേദന, ഛര്‍ദി, വയറിളക്കം എന്നീ രോഗലക്ഷണങ്ങള്‍ ഉണ്ടാകും. ഞൊടിയിടയില്‍ കരളും കിഡ്‌നിയും തകരാറിലാകും. ശരീരത്തിനകത്തും പുറത്തും രക്തസ്രാവം ഉണ്ടാകും. വയറുവേദന, സന്ധികളില്‍ വേദന, തളര്‍ച്ച, ചുമ, തൂക്കം കുറയല്‍, നെഞ്ചുവേദന, ഭക്ഷണത്തിന് താത്പര്യക്കുറവ് എന്നിവയും രോഗ ലക്ഷണങ്ങളാണ്. കണ്ണ് ചുമക്കുക, തൊലി വരണ്ടുപോകുക, ഉമിനീരിറക്കുമ്പോള്‍ തൊണ്ടയില്‍ വേദന, ശ്വാസ തടസ്സം എന്നിവയും എബോള രോഗികളില്‍ കണ്ടുവരുന്ന രോഗ ലക്ഷണങ്ങളാണ്.
രോഗം പിടിപെട്ടാല്‍ 80 ശതമാനം കേസിലും മരണം ഉറപ്പാണ്. ഉഷ്ണ മേഖലാ മഴക്കാടുകള്‍ക്കടുത്തുള്ളവരിലാണ് മധ്യ പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗം കൂടുതലായി കണ്ടുവരുന്നത്. അതായത് വന്യമൃഗങ്ങളുമായി സമ്പര്‍ക്കമുള്ള മേഖലയിലയിലെന്ന് സാരം. അപ്പോള്‍ കാഴ്ച ബംഗ്ലാവിലെ മൃഗങ്ങളുടെ പരിചരണം വൃത്തിഹീനമായ സാഹചര്യത്തിലാണെങ്കില്‍ രോഗം മൃഗങ്ങള്‍ക്ക് പിടികൂടാനും മനുഷ്യനിലെത്താനും വഴികളേറെയുണ്ട്. പന്നി, ചില തരം കുരങ്ങുകള്‍ എന്നിവയിലെ എബോള വൈറസ് ഈ മൃഗങ്ങളില്‍ രോഗ ലക്ഷണമെന്നും കാണിക്കാറില്ല. വനാന്തരങ്ങളില്‍ ഫലങ്ങള്‍ മാത്രം തിന്നു ജീവിക്കുന്ന മൂന്ന് തരം വവ്വാലുകളില്‍ എബോള വൈറസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഈ വവ്വാലുകള്‍ വൈറസിന്റെ വാഹകര്‍ മാത്രമാണ്. അവ രോഗം വന്ന് ചാകാറില്ല.
ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് കയറ്റി അയക്കുന്ന രോഗവാഹകരായ വന്യമൃഗങ്ങള്‍ പുതിയ സാഹചര്യത്തില്‍ വൈറസ് ബാധ സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. അവയുമായി സമ്പര്‍ക്കത്തിലുള്ള മനുഷ്യരില്‍ എബോള രോഗം എത്താന്‍ സാധ്യത ഏറെയുണ്ട്. മാരക രോഗങ്ങള്‍ തിരിച്ചറിയാന്‍ സാധാരണ ഉപയോഗിക്കുന്ന എലിസ ടെസ്റ്റ് എബോള വൈറസ് തിരിച്ചറിയാന്‍ കഴിവുള്ളതാണ്. സാധാരണയായി ഇ വി ഡി രോഗം കണ്ടുപിടിക്കാന്‍ ഇലക്‌ട്രോണ്‍ മൈക്രോ സ്‌കോപ്പും ആര്‍ ടി പി സി ആര്‍ ബൈയോ അസൈരീതികളും ഉപയോഗിക്കാറുണ്ട്. ആന്റിജന്‍ പരിശോധനയിലൂടെയും സിറം ന്യൂട്രലൈസേഷന്‍ ടെസ്റ്റ് വഴിയും വൈറസ് കള്‍ച്ചര്‍ ടെക്‌നിക് വഴിയും എബോള വൈറസിനെ തിരിച്ചറിയാനാകും. എബോള വൈറസ് അസുഖത്തിന്റെ ലക്ഷണങ്ങളും മറ്റു ചില അസുഖങ്ങളുടെ ലക്ഷണങ്ങളും ഒരുപോലിരിക്കുന്നതിനാല്‍ രോഗം സ്ഥിരീകരിക്കണമെങ്കില്‍ മലേറിയ, റിക്കറ്റ്‌സിയോ സിസ്, പ്ലേഗ്, മസ്തിഷ്‌ക ജ്വരം, കോളറ എന്നീ അസുഖങ്ങള്‍ അല്ല എന്ന് ഉറപ്പാക്കണം. മനുഷ്യരുടെ ഒപ്പം രോഗവാഹകരായ വന്യമൃഗങ്ങളുടെ രക്ത സാമ്പിളുകളും എബോള വൈറസ് ടെസ്റ്റിന് വിധേയമാക്കണം.
കേരളത്തില്‍ എബോള വൈറസ് ടെസ്റ്റ് നടത്താനുള്ള ഒരു സെന്ററും ഇതുവരെ ഇല്ല. പൂനെയിലെ വൈറോളജി ഗവേഷണ സ്ഥാപനത്തിലും ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലും മാത്രമേ എബോള വൈറസ് തിരിച്ചറിയാന്‍ സാധിക്കുന്ന ടെസ്റ്റ് നടത്താനുള്ള സൗകര്യമുള്ളൂ. കേരളീയര്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഉള്ളതിനാല്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍എബോള ജ്വരത്തിനെതിരെ അതീവ ജാഗ്രത ഉണ്ടാകണം. വൈറസ് തിരിച്ചറിയാനുള്ള സംവിധാനമുള്ള ഒരു ആശുപത്രിയെങ്കിലും സംസ്ഥാനത്ത് വേണം. ഇന്ത്യയില്‍ രോഗം സ്ഥരീകരിച്ചിട്ടില്ലെങ്കിലും 2014 ജൂലൈയില്‍ ഡല്‍ഹി സ്വദേശികളായ മൂന്ന് പേരില്‍ ഒരാള്‍ക്ക് എബോള പോസിറ്റീവ് റിസല്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നുള്ള നിരീക്ഷണങ്ങളില്‍ മറ്റ് എബോള രോഗ ലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്തതിനാല്‍ വിട്ടയച്ചു. ലോകം ഇന്ന് എബോള ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തും റെഡ് അലര്‍ട്ടും രോഗം വന്നോ എന്നറിയാനുള്ള ടെസ്റ്റും അനിവാര്യമായിരിക്കുകയാണ്.