Connect with us

National

സി എ ജി റിപ്പോര്‍ട്ട് തിരുത്താന്‍ യു പി എ സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന് വിനോദ് റായ്

Published

|

Last Updated

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ്, കല്‍ക്കരിപ്പാടം അഴിമതി കേസുകളിലെ സി എ ജി റിപ്പോര്‍ട്ടുകളില്‍ നിന്ന് പ്രമുഖരെ ഒഴിവാക്കാന്‍ കഴിഞ്ഞ യു പി എ സര്‍ക്കാര്‍ ശ്രമിച്ചതായി മുന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയുടെ വെളിപ്പെടുത്തല്‍. പ്രമുഖരുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ നിന്ന് നീക്കാന്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും തന്നെ സമീപിച്ചതായാണ് വിനോദ് റായ് വെളിപ്പെടുത്തിയത്. റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ വരുത്താന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് തന്റെ സഹപ്രവര്‍ത്തകരെയും സ്വാധീനിക്കാന്‍ യു പി എ സര്‍ക്കാറിലെ പ്രമുഖര്‍ ശ്രമിച്ചതായി വിനോദ് റായ് പറഞ്ഞു. കോമണ്‍വെല്‍ത്ത്, കല്‍ക്കരിപ്പാടം അഴിമതിക്കേസുകളില്‍ പുറത്തുവന്ന സി എ ജി റിപ്പോര്‍ട്ട് കോണ്‍ഗ്രസിനെയും യു പി എ സര്‍ക്കാറിനെയും പ്രതിരോധത്തിലാക്കിയിരുന്നു. റായ് രചിച്ച “നോട്ട് ജസ്റ്റ് ആന്‍ അക്കൗണ്ടന്റ്” എന്ന പുസ്തകം പുറത്തിറങ്ങാനിരിക്കെയാണ് വിവാദമായ വെളിപ്പെടുത്തല്‍.
പാര്‍ലിമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി യോഗത്തിലും തനിക്ക് മേല്‍ കടുത്ത സമ്മര്‍ദങ്ങളുണ്ടായിരുന്നതായി റായ് പറയുന്നു. പ്രധാനമന്ത്രിയെന്ന നിലയില്‍ എടുക്കേണ്ട പല തീരുമാനങ്ങളും മന്‍മോഹന്‍ സിംഗ് എടുത്തിട്ടില്ല. അധികാരത്തിലിരിക്കുന്നതിന് വേണ്ടി പലതും ത്യജിക്കുകയായിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ തന്റെ പുസ്തകത്തില്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ അനുവദിച്ചതില്‍ സര്‍ക്കാറിന് 1.76 ലക്ഷം കോടി രൂപയുടെയും അനധികൃതമായി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിലൂടെ 1.86 ലക്ഷം കോടിയുടെയും നഷ്ടമുണ്ടായതുള്‍പ്പെടെയുള്ള സി എ ജി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് വിനോദ് റായിയുടെ കാലത്താണ്.
പുസ്തകം ഒക്‌ടോബറിലാണ് പുറത്തിറങ്ങുന്നത്. പുസ്തകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇക്കാര്യങ്ങളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് തന്റെ പുസ്തകത്തില്‍ പറയുന്ന മുഴുവന്‍ കാര്യങ്ങളും സത്യം മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാറു, മുന്‍ വിദേശകാര്യ മന്ത്രി നട്‌വര്‍ സിംഗ്, കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി സി പരേഖ് തുടങ്ങിയവരുടെ പുസ്തകങ്ങളിലും മന്‍മോഹന്‍ സിംഗിനെയും യു പി എ സര്‍ക്കാറിനെയും വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളുണ്ടായിരുന്നു.

 

---- facebook comment plugin here -----

Latest