International
ഉക്രൈന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു
കീവ്: ഉക്രൈന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതായി പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ പ്രഖ്യാപിച്ചു. ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായാണ് പാര്‍ലമെന്റ് പിരിച്ചുവിടുന്നതെന്ന് പൊറോഷെങ്കോ പറഞ്ഞു. ഒക്ടോബര്‍ 26നായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. അധികാരത്തിലേറി മുപ്പത് ദിവസത്തിനുള്ളില്‍ പാര്‍ലമെന്റില്‍ സഖ്യം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ലമെന്റ് പിരിച്ചുവിടണമെന്നാണ് നിയമം.
കിഴക്കന്‍ ഉക്രൈനില്‍ റഷ്യന്‍ അനുകൂലികള്‍ ശക്തി പ്രാപിക്കുന്നതിനിടയിലാണ് പ്രസിഡന്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടത്. പാര്‍ലമെന്റിലെ ചില അംഗങ്ങള്‍ തന്നെ റഷ്യന്‍ അനുകൂലികളെ പിന്തുണക്കുന്നവരാണെന്നും പ്രസിഡന്റ് ആരോപിച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് പൊറോഷെങ്കോ പാര്‍ലമെന്റ് പിരിച്ചുവിട്ടിരിക്കുന്നത്. അതേസമയം കിഴക്കന്‍
ഉക്രൈനില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. ഏപ്രിലില്‍ സംഘര്‍ഷം ആരംഭിച്ച ശേഷം 2000ല്‍ അധികം പൗരന്‍മാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.