Kerala
ഗവര്‍ണര്‍ ഷീലാ ദീക്ഷിത് രാജിവെച്ചു
ന്യൂഡല്‍ഹി: കേരളാ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് രാജിവെച്ചു. മിസോറാമിലേക്ക് സ്ഥലം മാറ്റുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രാജിപ്രഖ്യാപനം
തന്റ മനസാക്ഷിക്കു തോന്നിയ കാര്യമാണ് ചെയ്തതെന്ന് ഷീലാ ദീക്ഷിത് മാധ്യമങ്ങളോട് പറഞ്ഞു. മറ്റു ഗവര്‍ണര്‍മാരുടെ രാജിയുമായി തന്റെ രാജി ബന്ധപ്പെടുത്തേണ്ടെന്നും ഷീലാ ദീക്ഷിത് പറഞ്ഞു.
രാജിവയ്ക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഓണം കഴിയും വരെ തുടരുമെന്നായിരുന്നു സൂചന. എന്നാല്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായുള്ള കൂടിക്കാഴ്ചയില്‍ നീക്കം ചെയ്യുകയോ സ്ഥലം മാറ്റുകയോ ചെയ്യുമെന്ന സന്ദശം ഷീല ദീക്ഷിതിന് ലഭിച്ചിരുന്നു.
യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരുടെ രാജിക്ക് കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. രാജിക്ക് തയ്യാറാകാത്തവരെയാണ് സ്ഥലം മാറ്റാന്‍ കേന്ദ്രം തീരുമാനിച്ചത്. മിസോറാമിലേക്ക് സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് ശങ്കരനാരായണന്‍ രാജിവെച്ചതിനു പിന്നാലെയാണ് ഷീലാ ദീക്ഷിതിന്റെ രാജി. 2014 മാര്‍ച്ച് 11നാണ് ഷീലാ ദീക്ഷിത് കേരളാ ഗവര്‍ണറായി ചുമതലയേറ്റത്. യുപിഎ സര്‍ക്കാറിന്റെ കാലത്ത് നിയമിതരായ ഏഴ് ഗവര്‍ണര്‍മാര്‍ക്ക് ഇതോടെ സ്ഥാനം നഷ്ടമായി. കേരളാ ഗവര്‍ണറാകുന്നതിനു മുമ്പ് പതിനഞ്ചു വര്‍ഷത്തോളം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു ഷീലാ ദീക്ഷിത്.