Ongoing News
ധോണി പരിധി കടക്കുന്നു: ബി സി സി ഐ
ന്യൂഡല്‍ഹി: ഡങ്കന്‍ ഫ്‌ളെച്ചര്‍ തന്നെയാണ് ടീമിന്റെ ബോസ് എന്ന മഹേന്ദ്ര സിംഗ് ധോണിയുടെ പരാമര്‍ശത്തിനെതിരെ ബി സി സി ഐ രംഗത്ത്. ടീം ഇന്ത്യയുടെ ബോസ് ആരാണെന്നത് നിശ്ചയിക്കുന്നത് ധോണിയല്ല, ബി സി സി ഐ ആണമെന്ന് ഉന്നത ക്രിക്കറ്റ് ബോര്‍ഡ് ഒഫിഷ്യല്‍ പറഞ്ഞു. ധോണി അധികാര പരിധി ലംഘിക്കുന്നുവെന്നും പ്രസ്താവനകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ബി സി സി ഐക്കുള്ള അഭിപ്രായം ഉയര്‍ന്നുവന്നു.
ബോര്‍ഡിന്റെ അടുത്ത പ്രവര്‍ത്തക സമിതി യോഗത്തില്‍ ധോണിയുടെ പരാമര്‍ശം കാര്യമായി ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് സൂചന.ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് ബി സി സി ഐ സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളെ പുറത്താക്കുകയും രവിശാസ്ത്രിയെ ടീം ഡയറക്ടറായി നിയമിക്കുകയും ചെയ്തിരുന്നു. ഇത് ധോണിക്ക് ഇഷ്ടമായില്ലെന്നതാണ് പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. ബി സി സി ഐ നടപടികളെ ഇന്നേവരെ ചോദ്യം ചെയ്തിട്ടില്ലാത്ത ധോണി ആദ്യമായി അത് പരസ്യമായി ലംഘിച്ചു. ഒന്നാം ഏകദിനത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ലോകകപ്പിലും ഫ്‌ളെച്ചര്‍ തന്നെയാകും മുഖ്യപരിശീലകന്‍ എന്ന് ധോണി പറഞ്ഞത്.