Connect with us

Kerala

ഐസ് ബക്കറ്റ് ചലഞ്ചിന് പകരം മൈ ട്രീ ചലഞ്ചുമായി മമ്മൂട്ടി

Published

|

Last Updated

കൊല്ലം: ലോകമാകെ ഐസ് ബക്കറ്റ് ചലഞ്ച് തരംഗമാകുമ്പോള്‍ മറ്റൊരു ചലഞ്ചുമായി ചലച്ചിത്ര താരം മമ്മൂട്ടി രംഗത്ത് വന്നത് ശ്രദ്ധേയമായി. വൃക്ഷതൈകള്‍ വെച്ചുപിടിപ്പിക്കാന്‍ വെല്ലുവിളിക്കുന്ന മൈ ട്രീ ചലഞ്ചുമായാണ് മമ്മൂട്ടി ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പ്രതൃക്ഷപ്പെട്ടത്. വൃക്ഷതൈ നട്ടുപിടിപ്പിച്ച് മൈട്രീ ചലഞ്ച് ക്യാമ്പയിന് മമ്മൂട്ടി തുടക്കം കുറിക്കുകയും ചെയ്തു. ഭൂമിയുടെ തണലായ മരങ്ങളെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്നും ഇത്തരമൊരു ക്യാമ്പയിന്‍ ആരംഭിക്കാനയതില്‍ അഭിമാനമുണ്ടെന്നും മമ്മൂട്ടി പറയുന്നു. വനവത്കരണം ലക്ഷ്യമിട്ടുള്ള ഈ വെല്ലുവിളി മലയാള സിനിമയിലെ എന്റെ എല്ലാ സഹപ്രവര്‍ത്തകരും ഫേസ്ബുക്ക് സുഹൃത്തുക്കളും ഏറ്റെടുക്കണമെന്ന് മമ്മൂട്ടി ഫേസ് ബുക്ക് പേജിലൂടെ ആവശ്യപ്പെടുന്നുണ്ട്. വൃക്ഷത്തൈ നട്ടുപിടിപ്പിച്ച ശേഷം ചലച്ചിത്ര താരങ്ങളായ ഷാരൂഖ് ഖാന്‍, വിജയ്, സൂര്യ എന്നിവരോടും വൃഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ മമ്മൂട്ടി വെല്ലുവിളിച്ചു. വെല്ലുവിളി ഏറ്റെടുക്കുന്നവര്‍ മരത്തൈകള്‍ നട്ടുപിടിപ്പിച്ച ശേഷം മറ്റുള്ളവരെയും വെല്ലുവിളിക്കണം എന്നതാണ് മൈ ട്രീ ചലഞ്ച്. മൈ ട്രീ ചലഞ്ച് വെറുതെ വാക്കില്‍ മാത്രം ഒതുങ്ങരുതെന്നും പ്രവര്‍ത്തിയിലൂടെ കാണിച്ച്‌കൊടുക്കണമെന്നും മമ്മൂട്ടി പറയുന്നു. ആരോഗ്യകരമായ പരിസ്ഥിതി വേണമെന്നാണ് ഏവരുടെയും ആഗ്രഹം. വരും തലമുറക്കും ഇതുകൊണ്ട് ഗുണം മാത്രമേ ഉണ്ടാകു. മമ്മൂട്ടി ഫേസബുക്കില്‍ കുറിച്ചു.
ഈസി സോഫ്റ്റ് ടെക്‌നോളജിയുടെ സി ഇ ഒ അബ്ദുല്‍ മനാഫും ട്രാവല്‍ ഫോട്ടോഗ്രാഫറായ ഇംതിയാസ് കബീറുമാണ് ഈ ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സോഷ്യല്‍മീഡിയയില്‍ തരംഗമായ അഡിക്റ്റഡ് ടു ലൈഫ് എന്ന ക്യാമ്പയിന് പിന്നിലും മനാഫ് തന്നെയായിരുന്നു. മമ്മൂട്ടിയാണ് മൈ ട്രീ ചലഞ്ചിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.

Latest