Articles
എബോളക്കാലത്തെ ആക്ഷേപങ്ങള്‍
ഒ ഹെന്റിയുടെ ലാസ്റ്റ് ലീഫ് എന്ന കഥയില്‍ ന്യൂമോണിയ ഒരു കഥാപാത്രമാണ്. കലാകാരന്‍മാര്‍ താമസിക്കുന്ന ഒരു കെട്ടിട സമുച്ചയത്തിന്റെ ഓരോ മുറിയിലും പതിഞ്ഞ കാല്‍വെപ്പുകളോടെ, ഇരുണ്ട് കറുത്ത ന്യൂമോണിയ കടന്നു ചെല്ലുന്നു. മരണം അടിച്ചേല്‍പ്പിക്കുന്നു. ഭിത്തിയില്‍ പടര്‍ന്നു കയറിയ വള്ളിയിലെ അവസാന ഇലയും വീഴുമ്പോള്‍ തന്റെ മരണം സംഭവിക്കുമെന്ന് ഉറപ്പിച്ച യുവതി ഉറങ്ങിക്കിടക്കുമ്പോള്‍, രാത്രിയിലെ തണുപ്പിലും മഴയത്തും മരക്കോണിയില്‍ കയറി നിന്ന്, തന്റെ മാസ്റ്റര്‍പീസായ ഒരിക്കലും വീഴാത്ത ഇല വരച്ചുവെച്ച് ജീവിതത്തിന്റെ കൊടി ഉയര്‍ത്തി വെക്കുന്ന മനുഷ്യന്റെ കഥയാണത്. അയാള്‍ പക്ഷേ ന്യൂമോണിയക്ക് കീഴടങ്ങുന്നു. യൂറോപ്പിലാകെ പ്ലേഗ് പടര്‍ന്നു പിടിച്ചപ്പോള്‍ കഥകളിലും നോവലുകളിലും കവിതകളിലും അത് കടന്നു കയറി. വിഷകന്യക എന്ന നോവലില്‍ എസ് കെ പൊറ്റക്കാട് കുടിയേറ്റ മലയോര മേഖലയില്‍ മരണം വിതച്ച മലമ്പനിയുടെ ഭീകരത ഹൃദയഭേദകമായി അവതരിപ്പിച്ചിട്ടുണ്ട്. മനുഷ്യന്റെ അഹംബോധങ്ങള്‍ക്കും അതിവേഗങ്ങള്‍ക്കും ആത്മവിശ്വാസങ്ങള്‍ക്കും വെട്ടിപ്പിടിക്കലുകള്‍ക്കും അവിവേകങ്ങള്‍ക്കും അതിബുദ്ധികള്‍ക്കും മേല്‍ അപരിഹാര്യമായ പ്രഹരങ്ങള്‍ ഏല്‍പ്പിച്ച് എക്കാലത്തും മഹാമാരികള്‍ ഉണ്ടായിരുന്നു. ആവര്‍ത്തിക്കപ്പെടുന്ന വിഷമതാളങ്ങളായിരുന്നു അവ. മനുഷ്യന്റെ എല്ലാ അറിവുകളും നിസ്സഹായമാകുന്നു അവക്ക് മുന്നില്‍. വ്യാഖ്യാനിക്കാനാകാത്ത പ്രതിഭാസമായി, ഉത്തരം കിട്ടാത്ത ചോദ്യമായി അവ ജീവിതങ്ങള്‍ക്ക് പൂര്‍ണ വിരാമമിട്ടു കൊണ്ടിരുന്നു. രോഗം വ്യക്തിപരമായ പീഡയില്‍ നിന്ന് സാമൂഹികമായ പങ്കുവെപ്പായി മാറുന്നു പകര്‍ച്ച വ്യാധികളില്‍. സമൂഹത്തില്‍ ജീവിക്കുമ്പോഴും അതിന്റെ ബാഹ്യരൂപങ്ങളില്‍ നിന്ന് അകന്ന് സ്വന്തത്തിന്റെ ചില്ല് കൂട് പണിതവനെയും ഈ വ്യാധികള്‍ ചെന്ന് തൊടുന്നു. അപ്പോള്‍ അവരും കൂടെച്ചെല്ലേണ്ടി വരുന്നു. ഓരോ രോഗിയും സമൂഹത്തിന് ബാധ്യതയും കുറ്റവാളിയുമാകുന്നു. പകര്‍ച്ചവ്യാധി പിടിപെട്ടവര്‍ ശാപഗ്രസ്തരായി മുദ്രയടിക്കപ്പെടുന്നു.
അപ്രതിരോധ്യമായ അശ്വമേധമായി രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ പകച്ചു പോകുന്നു മനുഷ്യന്‍. ഇടുങ്ങിയ യുക്തി ബോധങ്ങള്‍ അസ്തമിക്കുകയും “ദൈവമേ അങ്ങില്‍ മാത്രമേ ശമനമുള്ളൂ” എന്ന എളിമയിലേക്ക് അവന്‍ ഉണരുകയും ചെയ്യുന്നു. കോളറ, പോളിയോ, ഇന്‍ഫഌവന്‍സ, വസൂരി, സാര്‍സ്, പക്ഷിപ്പനി, പന്നിപ്പനി, ചിക്കുന്‍ഗുനിയ, ഇ കോലി … വിവിധ കാലത്ത് വിവിധ ദേശത്ത് വിവിധ രൂപഭാവങ്ങളില്‍ രോഗങ്ങള്‍ ഇരച്ചു വരുന്നു. ഉച്ചസ്ഥായിലേക്ക് കത്തിക്കയറി മെല്ലെ ശാന്തമാകുന്നു. പിന്നെയും അടുത്ത വൃത്തം. പുതിയ പേരില്‍ പുതിയ വേഷത്തില്‍. ഓരോ ഘട്ടത്തിലും മനുഷ്യന്‍ ആധുനികവും പരമ്പരാഗതവുമായ അറിവുകളും ഗവേഷണങ്ങളും ഉപയോഗിച്ച് ഔഷധങ്ങള്‍ കണ്ടെത്തുന്നു. മുന്‍കരുതല്‍ മരുന്നുകളുടെ കാവലില്‍ ചില രോഗങ്ങള്‍ മടങ്ങിപ്പോകുന്നു. എന്നാല്‍ ആ പോക്ക് എന്നേക്കുമല്ല. ഇടവേളക്ക് ശേഷം പിന്നെയും വരുന്നു. വഴിവിട്ട ജീവിതത്തിന്റെ ശമ്പളമായ എയ്ഡ്‌സും പ്രകൃതിവിരുദ്ധ ജീവിത, ഭക്ഷണ ക്രമത്തിന്റെ ഉപോത്പന്നമായ ക്യാന്‍സറുകളും സമൃദ്ധിയില്‍ നിന്ന് രൂപപ്പെട്ട ജീവിത ശൈലീ രോഗങ്ങളുമൊക്കെ തന്നിലേക്ക് നോക്കി വേദനിക്കാന്‍ മാനവകുലത്തെ പ്രേരിപ്പിക്കുന്നു.
ലോകത്തെ ഭീതിയുടെ നടുക്കടലിലേക്ക് വലിച്ചെറിഞ്ഞ ഏറ്റവും പുതിയ പകര്‍ച്ച വ്യാധിയാണ് എബോള വൈറസ് ബാധ. പുതിയതെന്ന് പറഞ്ഞ് കൂടാ. 1976ല്‍ തന്നെ ഇവ ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് ആദ്യത്തെ എബോള മരണം സ്ഥിരീകരിച്ചത്. ഈ ഹതഭാഗ്യന്‍ മരിച്ചു വീണ ഗ്രാമത്തിന്റെ പേരാണ് എബോള. അന്ന് ഉഗാണ്ടയിലേക്കും സുഡാനിലേക്കുമാണ് രോഗം പടര്‍ന്നത്. പിന്നെ കുറച്ച് കാലം എബോള ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇപ്പോള്‍ പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളായ ഗിനിയ, ലൈബീരിയ, സിയറ ലിയോണ്‍, നൈജീരിയ എന്നിവിടങ്ങളില്‍ രോഗം ഉയര്‍ന്നു വന്നിരിക്കുന്നു. 1200ലധികം പേര്‍ ഇതിനകം മരിച്ചു. ലോകമാകെ ഭീതിയിലാണ്. എല്ലാ വിമാനത്താവളങ്ങളിലും കര്‍ശന പരിശോധന നടത്തുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇത്തവണ വിശ്വാസികള്‍ ഹജ്ജിന് വരുന്നത് സഊദി സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണ്. വളരെയെളുപ്പത്തില്‍ പടരുന്നുവെന്നതാണ് എബോളയെ മാരകമാക്കുന്നത്. തുടക്കത്തില്‍ പൊടുന്നനെ ശക്തമായ പനി വരികയാണ് ചെയ്യുക. വല്ലാത്ത തളര്‍ച്ച അനുഭവപ്പെടും. സന്ധികളില്‍ അതികഠിനമായ വേദന, വിറയല്‍ തുടങ്ങിയവ ഉണ്ടാകും. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ഛര്‍ദിയും വയറിളക്കവും പിടിപെടും. ഒടുവില്‍ ആന്തരികവും ബാഹ്യവുമായ രക്ത സ്രാവം വരെ ഉണ്ടായേക്കാം. രോഗിയുമായി അടുത്ത് ഇടപഴകുന്നത് രോഗം പകരുന്നതിന് കാരണമാകുന്നു. ശരീര സ്രവങ്ങളും രക്തവുമാണ് പ്രധാന വൈറസ് വാഹകര്‍. അന്തരീക്ഷത്തിലൂടെയും വൈറസ് പടര്‍ന്നേക്കാമെന്ന് ഒരു സംഘം ഗവേഷകര്‍ പറയുന്നു. എബോള ബാധിതരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം പകര്‍ന്നത് അതിന്റെ ഭീകരതയേറ്റിയിട്ടുണ്ട്.
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനിലാണ് ഈ രോഗ ലക്ഷണങ്ങള്‍ എണ്‍പതുകളില്‍ കണ്ടെത്തിയത്. ഇപ്പോഴത് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ പൊങ്ങിയത് എങ്ങനെയെന്നത് വിശദീകരിക്കാന്‍ വിദഗ്ധര്‍ക്ക് സാധിച്ചിട്ടില്ല. ഇവിടുത്തെ വിദൂരസ്ഥ ഗ്രാമമായ എന്‍സറോകോറില്‍ നിന്ന് തലസ്ഥാനമായ കോമാക്രിയില്‍ രോഗമെത്തി. അവിടെ നിന്ന് അയല്‍ രാജ്യങ്ങളായ ലൈബീരിയയിലും സിയറാ ലിയോണിലും നൈജീരിയയിലും. ഇവിടെയെല്ലാം സര്‍ക്കാറുകള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിര്‍ത്തികള്‍ അടച്ചു, യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, നിരവധി വ്യവസായ സ്ഥാപനങ്ങളും ഖനികളും പൂട്ടി. കൃഷിയിടങ്ങള്‍ കളകേറി നശിക്കുന്നു. സിയറാ ലിയോണില്‍ 70 ശതമാനം പേരും കൃഷിക്കാരാണ്. എബോള ഭീതി മൂലം ആരും കൃഷിയിടത്തില്‍ ഇറങ്ങുന്നില്ല. സമ്പദ്‌വ്യവസ്ഥ 30 ശതമാനം സാമ്പത്തിക ചുരുക്കത്തിന് വിധേയമാകുമെന്നാണ് സിയാറാ ലിയോണ്‍ ധനമന്ത്രാലയത്തിന്റെ കണക്ക്. ലൈബീരിയയില്‍ ഈ വര്‍ഷം ആറ് ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എബോളയുടെ പശ്ചാതലത്തില്‍ അത് രണ്ട് ശതമാനമായി ചുരുങ്ങുമത്രേ. ഏറ്റവും വേഗം വളരുന്ന ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയും എബോളയില്‍ പെട്ട് കടുത്ത മാന്ദ്യത്തിലേക്ക് കൂപ്പുകുത്താന്‍ പോകുകയാണ്. ലോകത്തെ ഏറ്റവും വലിയ ഇരുമ്പയിര് ഖനികള്‍ സ്ഥിതി ചെയ്യുന്നത് ലൈബീരിയയിലും ഗിനിയയിലും ആണ്. ഈ ഖനികളെല്ലാം നിശ്ചലമായിരിക്കുന്നു. എബോളയുടെ സാമ്പത്തിക ഫലം ഏറ്റവും ഭീതിതമായിരിക്കുന്നത് ഖനി മേഖലയിലാണെന്ന് ആഗോള സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ആഫ്രിക്കന്‍ ജനതയെ എടുക്കുമ്പോള്‍ കാര്‍ഷിക പ്രതിസന്ധിയാണ് പ്രധാനം. ഇപ്പോള്‍ തന്നെ ഭക്ഷ്യ പ്രതിസന്ധി നിലനില്‍ക്കുന്ന ഇവിടെ എബോളയോട് കൂടി വന്‍ ദുരന്തമായിരിക്കും ഉണ്ടാകുക. എമെര്‍ജിംഗ് ആഫ്രിക്കയെന്ന പ്രതീക്ഷാ നിര്‍ഭരമായ മുദ്രാവാക്യമാണ് ഇവിടെ കടലെടുത്തു പോകുന്നത്.
ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും അവിടുത്തെ ജനങ്ങള്‍ക്കുമെതിരെ ചരിത്രത്തിലുടനീളം തുടരുന്ന അധിക്ഷേപങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ എബോളയും കാരണമായിരിക്കുന്നുവെന്നതാണ് ഏറ്റവും വേദനാജനകമായ വസ്തുത. വൃത്തി ഹീനര്‍, നായാടികള്‍, ഏത് മാംസവും കഴിക്കുന്നവര്‍, വിദ്യാഭ്യാസമില്ലാത്തവര്‍, അപരിഷ്‌കൃതര്‍, അന്ധവിശ്വാസികള്‍, വിചിത്ര ആചാരങ്ങളില്‍ അഭിരമിക്കുന്നവര്‍ എല്ലാത്തിനുമപരി കറുത്തവര്‍… ആഫ്രിക്കക്കാരന് മേല്‍ പതിച്ചിട്ടുള്ള കുറ്റാരോപണങ്ങള്‍ക്ക് കണക്കില്ല. പാശ്ചാത്യ സമ്പന്ന ലോകത്തിന് അവര്‍ പിടിച്ചു പറിക്കരാണ്. ക്രൂരന്‍മാരാണ്. കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നവരാണ്. അതിവൈകാരികരാണ്. ഈ ആവര്‍ത്തനങ്ങള്‍ ആഫ്രിക്കന്‍ ജനതയെ വല്ലാത്തൊരു അപകര്‍ഷതയിലേക്ക് തള്ളിവിട്ടിട്ടുണ്ട്. ഈ അപകര്‍ഷതയും മൗന ദുഃഖങ്ങളുമാണ് ആഭ്യന്തര സംഘര്‍ഷങ്ങളായി പുറത്തേക്ക് വരുന്നത്. അവിടുത്തെ പ്രകൃതി വിഭവങ്ങളുടെ നിയന്ത്രണത്തിനായി പുറത്തുള്ളവര്‍ നടത്തുന്ന ചരട് വലികളാണ് ഈ സംഘര്‍ഷങ്ങളുടെയും നിതാന്തമായ ദാരിദ്ര്യത്തിന്റെയും അടിസ്ഥാന കാരണം.
പക്ഷേ, എബോളക്കാലത്ത് ഈ രാജ്യങ്ങളിലെ ആരോഗ്യ അടിസ്ഥാന സൗകര്യശൂന്യത അവരുടെ പാപമായി ആഘോഷിക്കപ്പെടുകയാണ്. ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ആശുപത്രികളും മറ്റ് സൗകര്യങ്ങളും തകര്‍ക്കപ്പെട്ടതിനാല്‍ എബോള വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകുന്നില്ലെന്നാണ് യു എന്നടക്കമുളള ഏജന്‍സികളുടെ പഴി. അന്താരാഷ്ട്ര സമൂഹം എത്ര പണമിവിടെ ചെലവഴിച്ചു? വല്ല ഗുണവുമുണ്ടോ എന്ന ചോദ്യവും ഈ പഴിയില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ നാടുകളില്‍ നിന്ന് കടത്തിക്കൊണ്ടുപോയതും ഇപ്പോഴും കവരുന്നതുമായ പ്രകൃതി വിഭവങ്ങളുടെ ഒരു പങ്കെങ്കിലും അവിടെ ചെലവഴിച്ചിട്ടുണ്ടോ എന്ന മറുചോദ്യം ഈ എബോളക്കാലത്ത് ഉച്ചത്തില്‍ ഉയര്‍ത്തേണ്ടിയിരിക്കുന്നു. കുറഞ്ഞ കൂലിക്ക് ഖനികളില്‍ പണിയെടുക്കുന്ന മനുഷ്യര്‍ക്ക് ശരിയായ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ഒരുക്കാന്‍ കമ്പനികള്‍ സന്‍മനസ്സ് കാട്ടുമോ?
ആഫ്രിക്കന്‍ ജനതയുടെ സാസ്‌കാരിക ശീലങ്ങളും വിനയാകുന്നുവത്രേ. അവര്‍ കെട്ടിപ്പിടിക്കുന്നു. ഗോത്ര ഉത്സവങ്ങളിലും മറ്റും അടുത്ത് ഇടപഴകുന്നു. മൃതദേഹങ്ങള്‍ സംസ്‌കരിക്കും മുമ്പ് കുളിപ്പിക്കണമെന്ന് ശഠിക്കുന്നു. ചില വിഭാഗങ്ങള്‍ മൃതദേഹത്തിന്റെ മുടിയും താടിയുമൊക്കെ വെട്ടിയൊതുക്കുന്നു. സംസ്‌കാര ചടങ്ങുകളില്‍ വന്‍ജനാവലി പങ്കെടുക്കുന്നു. ഇതൊക്കെ രോഗം പടരുന്നതിന് കാരണമാകുമെന്ന് പറഞ്ഞാല്‍ മനസ്സിലാക്കാനുള്ള ബുദ്ധിയോ വിവേകമോ അവര്‍ക്കില്ല. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നു. സര്‍ക്കാറിനോട് സഹകരിക്കുന്നില്ല. പുറം ലോകത്തിന്റെ എബോള ഭീതി ആഫ്രിക്കന്‍ ജനത കണക്കിലെടുക്കുന്നില്ല. ഇങ്ങനെ പോകുന്നു പാശ്ചാത്യ മാധ്യമ, പൊതു സമൂഹത്തിന്റെ കുറ്റപത്രം. എബോളയുടെ ഉത്പത്തി തേടിയുള്ള ഗവേഷണങ്ങള്‍ ചെന്നെത്തുന്നത് ആഫ്രിക്കന്‍ ജനതയുടെ ഭക്ഷണ ശീലത്തിലാണ്. വാവലുകളെയും മറ്റും തിന്നത് കൊണ്ടാണത്രേ വൈറസ് മനുഷ്യനിലെത്തിയത്.
വിവിധ ഏജന്‍സികള്‍ രംഗത്തിറക്കിയ ആരോഗ്യ പ്രവര്‍ത്തകരോട് ജനങ്ങള്‍ സഹകരിക്കുന്നില്ലെന്ന ആക്ഷേപത്തിന് ചരിത്രം തന്നെയാണ് മറുപടി. മരുന്നുകള്‍ പരീക്ഷിക്കാന്‍ ആഫ്രിക്കന്‍ ജനതയെ ഉപയോഗിച്ചതിന്റെ ചരിത്രം അത്രമേല്‍ ദീര്‍ഘമാണ്. 1996ല്‍ പി ഫിസര്‍ എന്ന അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനി നടത്തിയ മരുന്ന് പരീക്ഷണത്തിന്റെ ഇരകള്‍ നൈജീരിയയില്‍ ഇന്നും മരിച്ചു ജീവിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന ആവിഷ്‌കരിച്ച പല ദീര്‍ഘകാല പദ്ധതികള്‍ക്കും നിഗൂഢമായ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പിന്നീട് ജനകീയ ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. ദരിദ്ര-വികസ്വര രാജ്യങ്ങളില്‍ നടപ്പാക്കുന്ന പോളിയോ നിര്‍മാര്‍ജന യജ്ഞത്തിനെതിരെ ഈ ആശങ്ക ശക്തമാണ്. സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകര്‍ സംശയത്തിന്റെ നിഴലില്‍ അകപ്പെട്ടതിന്റെ ഉത്തരവാദിത്തം അവര്‍ക്കായി നയങ്ങള്‍ രൂപപ്പെടുത്തിയവര്‍ക്ക് തന്നെയാണ്. എബോളക്കായി കണ്ടെത്തിയെന്ന് പറയുന്ന ഇസഡ് മാപ്പ് എന്ന മരുന്നിന്റെ കാര്യം തന്നെയെടുക്കൂ. ഒരു പരിശോധനയും പൂര്‍ത്താക്കാത്ത ഈ മരുന്ന് നേരെ ആഫ്രിക്കക്കാരന്റെ ശരീരത്തില്‍ കയറ്റുകയാണ്. യു എന്നിന്റെ അനുമതിയുണ്ട് പോലും. മരുന്നൊന്നും ഇല്ലാത്ത നിരാശാഭരിതമായ ഒരു ഘട്ടത്തില്‍ പരിശോധന പൂര്‍ത്തിയാകാത്ത മരുന്നും ഉപയോഗിക്കാമെന്നാണ് ന്യായം. ഡൂക്ക് സര്‍വകലാശാലയിലെ ഡോ. ഫിലിപ്പ് റോസഫിനെപ്പോലുള്ള ഗവേഷകര്‍ ഇതിനെ ശക്തമായി വിമര്‍ശിക്കുന്നു. “ഇതാണോ ശാസ്ത്രം? ആഫ്രിക്കയിലെ മനുഷ്യരെ ഗിനിപ്പന്നികളാക്കുന്നത് കഷ്ടമാണ്. മനുഷ്യേതര ജീവികളെ പരീക്ഷണത്തിന് ഉപയോഗിക്കുന്നതിനെതിരെ വലിയ ഒച്ചപ്പാട് നടക്കുന്ന കാലത്താണ് ഇതെന്ന് ഓര്‍ക്കണം. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പാശ്ചാത്യ മരുന്നു കമ്പനികള്‍ ഈ ക്രൂരത നിരന്തരം തുടരുകയാണ്. ഒരു അന്താരാഷ്ട്ര സംഘടനയും ശബ്ദിക്കുന്നില്ല” -ഡോ. ഫിലിപ്പ് പറയുന്നു.
ദരിദ്രന്റെ രോഗം പഠിക്കാനുള്ളതും ധനികന്റെ രോഗം ചികിത്സിച്ച് ഭേദമാക്കാനുള്ളതുമാകുന്ന വിരോധാഭാസത്തെ തുറന്ന് കാണിക്കാതെ മനുഷ്യപ്പറ്റുള്ള ഒരാള്‍ക്കും കിടന്നുറങ്ങാനാകില്ല. പെയ്തിറങ്ങുന്ന മഹാമാരി ക്കെതിരെ പ്രാര്‍ഥനയുടെ പരിചയെടുക്കാതെയും.