Sports
ധോണി; റെക്കോര്‍ഡുകളുടെ തോഴന്‍
ലണ്ടന്‍: ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി സ്വന്തമാക്കിയത് ഒരു അപൂര്‍വ റെക്കോര്‍ഡാണ്, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്റ്റമ്പിംഗ് നടത്തിയ വിക്കറ്റ് കീപ്പെറെന്ന റെക്കോര്‍ഡാണ്. കുമാര്‍ സങ്കക്കാരയുടെ റെക്കോര്‍ഡാണ് ധോണി ഇതോടെ പഴങ്കഥയാക്കിയിരിക്കുന്നത്. ക്രിക്കറ്റിന്റെ മൂന്ന് പതിപ്പിലുമായി 382 മത്സരങ്ങളില്‍ നിന്നും 131 സ്റ്റമ്പിംഗാണ് ധോണി നേടിയിരിക്കുന്നത്. സങ്കക്കാര നേടിയിരിക്കുന്നത് 129 സ്റ്റമ്പിംഗാണ്. മൂന്നാം മത്സരത്തില്‍ അമ്പാട്ടി റായ്ഡുവിന്റെ പന്തില്‍ അലിസ്റ്റര്‍ കുക്കിനെ പുറത്താക്കിയാണ് ധോണി റെക്കോര്‍ഡിന് ഉടമയായത്.
കൂടാതെ മറ്റൊരു റെക്കോര്‍ഡിനുകൂടി ധോണി അര്‍ഹനായി. ക്യാപ്റ്റനായി ഇരുന്നു കൊണ്ട് ഏറ്റവും അധികം ഏകദിന മത്സരങ്ങളില്‍ വിജയിച്ച അസ്ഹറൂദ്ദീന്റെ 90 മത്സരങ്ങള്‍ എന്ന റെക്കോര്‍ഡിനൊപ്പമാണ് ധോണിയും എത്തിയത്. 1990 മുതല്‍ 1999വരെയുള്ള ഒമ്പത് വര്‍ഷ കാലയളവിലെ 174 മത്സരങ്ങളില്‍ നിന്നാണ് അസ്ഹറുദ്ദീന്‍ 90 മത്സരങ്ങള്‍ വിജയിച്ചതെങ്കില്‍ ധോണി ഏഴ് വര്‍ഷത്തിനിടക്കുള്ള 161 മത്സരങ്ങളില്‍ നിന്ന് തന്നെ റെക്കോര്‍ഡിനൊപ്പമെത്തി. ക്യാപ്റ്റനായി ഇരുന്നു കൊണ്ട് 100 ഏകദിന മത്സരങ്ങള്‍ വിജയിക്കുക എന്ന അപൂര്‍വ റെക്കോര്‍ഡ് കയ്യെത്തും ദൂരത്താണുള്ളത്. ക്യാപ്റ്റനെന്ന നിലയില്‍ ഇംഗ്ലണ്ടിനെതിരെയുള്ള പ്രകടനവും റെക്കോര്‍ഡാണ്. ഇംഗ്ലണ്ടിനെതിരെ കളിച്ച 24 മത്സരങ്ങളില്‍ 16 വിജയം നേടിയപ്പോള്‍ അഞ്ച് തവണ മാത്രമാണ് കീഴടങ്ങിയത്. വിജയ ശതമാനം 73.91 ആണ്.