Gulf
കള്ള ടാക്‌സി; നിരവധി വാഹനങ്ങള്‍ പിടിയില്‍
അല്‍ ഐന്‍: നഗരത്തില്‍ നിന്നും നഗരപരിസരങ്ങളില്‍ നിന്നും ഒളിഞ്ഞും തെളിഞ്ഞും യാത്രക്കാരെ വലയില്‍ ആക്കുന്ന കള്ള ടാക്‌സികള്‍ക്കെതിരെ അധികൃതര്‍ തിരച്ചില്‍ കര്‍ശനമാക്കി. കഴിഞ്ഞ ആഴ്ചയില്‍ നഗരപരിസരങ്ങളില്‍ നിന്നായി പതിനഞ്ചിലധികം വാഹനങ്ങളാണ് പിടിച്ചെടുത്തത്.
ഇത്തരം വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കും വന്‍തുക പിഴയിട്ടിരുന്നു. കള്ള ടാക്‌സികള്‍ യാത്രക്കാര്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ അധികൃതര്‍ വേഷം മാറി നഗരത്തില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. പല രീതിയിലുള്ള പരിശോധനകളും ഗതാഗത വകുപ്പ് അധികൃതര്‍ ഇത്തരക്കാരെ പിടികൂടാന്‍ അവലംബിക്കുന്നുണ്ട്.
സാധാരണ കള്ള ടാക്‌സിക്കാര്‍ ഉപയോഗിക്കുന്ന ചെറിയ വാഹനങ്ങളുമായി ജനത്തിരക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ വന്ന്, സനാഇയ്യ, ശരിക്കാത്ത് ഹീലി എന്നിവിടങ്ങളിലേക്ക് എന്ന വ്യാജേന ആളുകളെ വിളിച്ച് വരുത്തി വാഹനത്തില്‍ കയറ്റി വന്‍തുക പിഴ ഈടാക്കി യാത്രക്കാരെ കള്ള ടാക്‌സി യാത്രയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഉള്ള ശ്രമങ്ങളും അധികൃതര്‍ നടത്തുന്നുണ്ട്. ഇത്തരം യാത്രക്കാരില്‍ നിന്ന് 100 മുതല്‍ 500 ദിര്‍ഹം വരെയാണ് പിഴ ഈടാക്കുന്നത്. കള്ള ടാക്‌സികള്‍ ഉപയോഗിക്കുന്നവര്‍ സമയലാഭവും ചുരുങ്ങിയ ചിലവില്‍ ഉദ്ദേശിച്ച സ്ഥലത്ത് എത്താം എന്ന് കരുതിയുമാണ് യാത്ര ചെയ്യുന്നത്. അധികൃതരുടെ പരിശോധനയില്‍ കുടുങ്ങിയാല്‍ വന്‍ സാമ്പത്തിക നഷ്ടവും ഒപ്പം സമയ നഷ്ടവും സംഭവിക്കുമെന്നും അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കള്ള ടാക്‌സിയില്‍ യാത്ര ചെയ്യരുതെന്ന് അല്‍ ഐനിലെ സന്നദ്ധ സംഘടനകള്‍ മലയാളികളില്‍ ബോധവത്കരണം നടത്തുന്നുണ്ട്. കൂട്ടുകാരുടെയും സഹ പ്രവര്‍ത്തകരുടെയും കൂടെ യാത്ര ചെയ്യുകയാണെങ്കില്‍ തന്നെ പരിശോധനയില്‍ വാഹന മോടിക്കുന്ന ആളുടെ പേര് വ്യക്തമായി വാഹനത്തിലുള്ളവര്‍ പരസ്പരം അറിഞ്ഞിരിക്കണം. ഇല്ലെങ്കില്‍ അത്തരം യാത്രകളും കള്ള ടാക്‌സിയുടെ പരിധിയില്‍ ഉള്‍പ്പെടും. ഇത്തരം കാര്യങ്ങള്‍ മലയാളികള്‍ അറിഞ്ഞിരിക്കണമെന്നും സന്നദ്ധ സംഘടനകള്‍ മലയാളികളെ ബോധവാന്മാരാക്കുന്നുണ്ട്.