International
യു എസ് ഡ്രോണ്‍ ആക്രമണം: അല്‍ ശബാബ് നേതാക്കള്‍ കൊല്ലപ്പെട്ടു
മൊഗാദിശു: സോമാലിയയിലെ തീവ്രവാദി വിഭാഗമായ അല്‍ ശബാബിന്റെ മുതിര്‍ന്ന നേതാക്കള്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ അമേരിക്കന്‍ ഡ്രോണുകള്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ മരിച്ചു. തീരദേശ നഗരമായ ബരാവേയില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. അല്‍ ശബാബിന്റെ നേതാക്കളാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്ന് മാത്രമാണ് അല്‍ ശബാബ് പ്രതികരിച്ചിട്ടുള്ളത്.
അതിനിടെ, മരിച്ചവരില്‍ അബൂസുബൈര്‍ എന്ന അഹ്മദ് അബ്ദി ഗുദൈന്‍ ഉള്‍പ്പെടുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇദ്ദേഹം അല്‍ ശബാബ് നേതൃനിരയില്‍ പ്രമുഖനായാണ് കരുതപ്പെടുന്നത്. അല്‍ ശബാബിന്റെ പ്രധാന താവളം സ്ഥിതി ചെയ്യുന്നത് ബരാവേയില്‍ ആണ്. ഇവിടേക്ക് പോകുന്ന രണ്ട് വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്.
തീവ്രവാദി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള തുറമുഖങ്ങള്‍ മോചിപ്പിക്കുന്നതിനും അവരുടെ സാമ്പത്തിക സ്രോതസ്സ് തകര്‍ക്കുന്നതിനും ആഫ്രിക്കന്‍ യൂനിയന്‍ സൈന്യവും സോമാലി സൈന്യവും “ഓപറേഷന്‍ ഇന്ത്യന്‍ ഓഷ്യന്‍” എന്ന് പേരിട്ട സംയുക്ത നീക്കം ആരംഭിച്ചതിന് പിറകെയാണ് ഡ്രോണ്‍ ആക്രമണം.