Connect with us

National

വധശിക്ഷ: റിവ്യൂ ഹരജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണം- സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ പുനഃപരിശോധനാ ഹരജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് സുപ്രീം കോടതി. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെതാണ് സുപ്രധാന വിധി. ചുരുങ്ങിയത് മൂന്നംഗ ഡിവിഷന്‍ ബഞ്ചായിരിക്കണം ഹരജി പരിഗണിക്കേണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. പുനഃപരിശോധനാ ഹരജി ഒരു തവണ തള്ളിയാലും വധശിക്ഷ നടപ്പാക്കുന്നത് വൈകുകയാണെങ്കില്‍ പുതിയ പുനഃപരിശോധനാ ഹരജി ഒരു മാസത്തിനുള്ളില്‍ തന്നെ നല്‍കാമെന്നും ഹരജിയില്‍ ചുരുങ്ങിയത് അര മണിക്കൂറെങ്കിലും വാദം കേള്‍ക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. ഇതോടെ വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ക്ക് വീണ്ടും ഹരജി നല്‍കാനുള്ള അവസരം ലഭിക്കും.
എന്നാല്‍, സുപ്രീം കോടതിയില്‍ നല്‍കുന്ന തിരുത്തല്‍ ഹരജിയില്‍ ഒരു തവണ വിധി വന്ന ശേഷം വീണ്ടും തിരുത്തല്‍ ഹരജി സമര്‍പ്പിക്കാന്‍ സാധിക്കില്ല. പുനഃപരിശോധനാ ഹരജികളില്‍ ഇതുവരെ ജഡ്ജിയുടെ ചേംബറിലായിരുന്നു വാദം കേട്ടിരുന്നത്. ദയാഹരജികള്‍ തള്ളിയാല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടയാള്‍ക്ക് തന്റെ ഭാഗം വിശദീകരിക്കുവാന്‍ അവസരം ലഭിക്കാറില്ല. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണ ഘടനാ ബഞ്ചിന്റെതാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ബഞ്ചിലെ നാല് അംഗങ്ങളും ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ ജസ്റ്റിസ് ജെ ചെലമേശ്വര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.
ചെങ്കോട്ട ആക്രമണ കേസില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ് ആരിഫ്, 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസില്‍ ശിക്ഷിക്കപ്പെട്ട യഅ്ഖൂബ് മേമന്‍ തുടങ്ങി വധശിക്ഷക്ക് വിധിക്കപ്പെട്ട എട്ട് പേര്‍ നല്‍കിയ ഹരജികളിലാണ് സുപ്രീം കോടതി വിധി. പുനഃപരിശോധനാ ഹരജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് ഹരജികള്‍ സമര്‍പ്പിച്ചത്. ഇതില്‍ മുഹമ്മദ് ആരിഫ് നല്‍കിയ തിരുത്തല്‍ ഹരജി ഇതിനകം കോടതി തള്ളിയിട്ടുണ്ട്. യഅ്ഖൂബ് മേമന്‍ ഇതുവരെ തിരുത്തല്‍ ഹരജി നല്‍കിയിട്ടില്ല. പുനഃപരിശോധനാ ഹരജി നല്‍കിയതിനു ശേഷമാണ് തിരുത്തല്‍ ഹരജി നല്‍കുക. യഅ്ഖൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നത് കഴിഞ്ഞ ജൂണില്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഏപ്രിലില്‍ മേമന്റെ ദയാ ഹരജി രാഷ്ട്രപതി തള്ളുകയായിരുന്നു.
2000ത്തില്‍ തമിഴ്‌നാട്ടിലെ ബസ് കത്തിച്ചതിനെ തുടര്‍ന്ന് മൂന്ന് പെണ്‍കുട്ടികള്‍ വെന്തുമരിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട എ ഐ എ ഡി എം കെ പ്രവര്‍ത്തകരായ സി മുനിയപ്പന്‍, രവീന്ദ്രന്‍, നെടുഞ്ചെഴിയാന്‍, ബംഗളൂരുവില്‍ വിധവയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട പോലീസ് കോണ്‍സ്റ്റബിളായിരുന്ന ഉമേഷ് റെഡ്ഢി, മോചനദ്രവ്യം ആവശ്യപ്പെട്ട് ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതി സുന്ദരരാജന്‍, ഛത്തീസ്ഗഢിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സോനു സര്‍ദാര്‍ എന്നിവരാണ് മറ്റ് ഹരജിക്കാര്‍.