Connect with us

Editors Pick

അറിവ് കൊണ്ട് അന്ധതയെ തുരത്തിയ രണ്ട് അധ്യാപകര്‍

Published

|

Last Updated

കോഴിക്കോട്: ഇരുട്ടിന്റെ ലോകത്താണെങ്കിലും വിദ്യയുടെ വെളിച്ചത്തില്‍ നേട്ടങ്ങളുടെ പടവുകള്‍ കയറുകയാണ് ഈ അധ്യാപകരായ ഇരട്ട സഹോദരങ്ങള്‍. ആത്മവിശ്വാസവും കഠിനാധ്വാനവമുണ്ടെങ്കില്‍ അസാധ്യമായത് ഒന്നുമില്ലെന്ന് തെളിയിക്കുന്നു കോളജ് അധ്യാപകരായ ഹബീബും അക്ബറും. അന്ധതയടക്കമുള്ള പരിമിതികളെയെല്ലാം അതിജീവിച്ച് സ്വപ്‌നംകണ്ട എല്ലാ മേഖലകളിലും ശോഭിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. ഫാറൂഖ് കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായി ഹബീബും കല്‍പ്പറ്റ ഗവ. കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായി അക്ബറും കലാലയ മുറ്റത്ത് വിദ്യാര്‍ഥികള്‍ക്ക് വിദ്യ പകര്‍ന്നു നല്‍കുന്നു.

വയനാട് വൈത്തിരി ചുള്ളിയില്‍ കുഞ്ഞിമുഹമ്മദ്- ഹൗവ്വ ദമ്പതികളുടെ മക്കളായ ഹബീബും അക്ബറും ഒന്നാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ ഒരുമിച്ചായിരുന്നു പഠനം. എസ് എല്‍ സി യില്‍ ഉയര്‍ന്ന ഡിസ്റ്റിംഗ്ഷനായിരുന്നു രണ്ട് പേര്‍ക്കും- 600ല്‍ 550.
പാഠ്യേതരരംഗങ്ങളിലും ഇവര്‍ ഒരുപോലെ വെന്നിക്കൊടി പാറിക്കുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 1999ല്‍ ഗാനമേളയില്‍ രണ്ടാം സ്ഥാനം. ഇന്റര്‍സോ ണ്‍ കലേത്സവത്തില്‍ പ്രസംഗം, പ്രബന്ധം, കവിതാ രചന, മാപ്പിളപ്പാട്ട്, കഥാരചന തുടങ്ങിയ ഇനങ്ങളില്‍ മലയാളത്തിലും ഇംഗ്ലീഷിലും ഒന്നാം സ്ഥാനം. തബല, ഹാര്‍മോണിയം, ചെസ്… വൈവിധ്യപൂര്‍ണമാണ് ഇവരുടെ കഴിവുകള്‍.
ഫാറൂഖ് കോളജില്‍ നിന്ന് ഹബീബ് ഒന്നാം റാങ്കോടെയും അക്ബര്‍ മൂന്നാം റാങ്കോടെയുമാണ് ബിരുദമെടുത്തത്. പി ജി കഴിഞ്ഞയുടനെ തന്നെ നെറ്റും സ്വന്തമാക്കി. താന്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഫാറൂഖ് കോളജില്‍ത്തന്നെ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച് ഹബീബ് ഔദ്യോഗിക ജീവിതം മധുരതരമാക്കി. ഹൃദയത്തില്‍ സംഗീതമുള്ള അക്ബര്‍ നിരവധി സംഗീത ആല്‍ബങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. ഹബീബ് അധ്യാപക ജോലിയോടൊപ്പം ഗവേഷണവും നടത്തുന്നു. നല്ല അധ്യാപകന്‍ നല്ല പഠിതാവാകണമെന്ന തത്വം ജീവിതത്തില്‍ പകര്‍ത്തുകയാണ് അദ്ദേഹം. തന്റെ ജീവിതവുമായി ഏറെ ബന്ധമുള്ള വിഷയം തന്നെയാണ് ഗവേഷണത്തിന് തിരഞ്ഞെടുത്തത്- “സാഹിത്യ കൃതികളില്‍ കാഴ്ച ഇല്ലാത്തവരുടെ നിര്‍മിതിയും പ്രാതിനിധ്യവും” എന്നതാണ് വിഷയം.
വെറുതെയിരിക്കാന്‍ ഈ അധ്യാപകര്‍ക്ക് സമയമില്ല. പുതിയ പുതിയ കര്‍മമേഖലകളിലേക്ക് കടന്നുചെല്ലാന്‍ കണ്ണിലെ ഇരുട്ട് ഇവര്‍ക്കൊരു തടസ്സമല്ല. കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ്‌സിന്റെ വിദ്യാര്‍ഥി വിഭാഗം സംസ്ഥാന അധ്യക്ഷന്മരായിരുന്നു ഇവര്‍. ഹബീബ് ഇപ്പോള്‍ സംഘടനയുടെ സീനിയര്‍ വൈസ് പ്രസിഡന്റാണ്. തങ്ങളുടെ വിജയാനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് തിരിച്ചറിഞ്ഞ ഇവര്‍ മോട്ടിവേഷന്‍ ക്ലാസുകളിലും സജീവമാണ്.
ഇന്ന് വൈവിധ്യമാര്‍ന്ന കര്‍മമേഖലകളിലൂടെ സഞ്ചരിക്കുമ്പോള്‍ അവര്‍ ഉറപ്പിച്ച് പറയുന്നു: ഏത് പ്രതിസന്ധിയെയും ഇച്ഛാ ശക്തി കൊണ്ട് നേരിടാം. കുടുംബ സാഹചര്യവും സാമ്പത്തിക സാഹചര്യവുമെല്ലാം എതിരായിരുന്നു. തീവ്രമായ ആഗ്രഹവും പരിശ്രമമായിരുന്നു വിജയരഹസ്യം. ആദ്യകാലത്ത് മറ്റുള്ളവര്‍ വായിക്കുന്നത് കേട്ടാണ് പഠിച്ചത്. പിന്നീട് അവ റെക്കോര്‍ഡ് ചെയ്ത് ആവര്‍ത്തിച്ച് പഠിക്കാന്‍ ശ്രമിച്ചു. പിന്നെ ബ്രെയില്‍ ലിപി വഴങ്ങി. അവിടെയും പരിമിതികളുണ്ടായിരുന്നു. പല പുസ്തകങ്ങളും ബ്രെയില്‍ ലിപിയില്‍ ലഭ്യമല്ല. ഇന്ന് ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ വരെ ഗവേഷണത്തിലും അധ്യാപനത്തിലും ഇവര്‍ ഉപയോഗിക്കുന്നു.
ഹബീബിന്റെ ഏറ്റവും നല്ല സുഹൃത്ത് അക്ബറാണ്, തിരിച്ചും. അവര്‍ പരസ്പരം പ്രചോദിപ്പിക്കുന്നു. തിരുത്തുന്നു. ഇനിയും ഏറെ ചെയ്യാനുണ്ട്. കാഴ്ചയില്ലാത്ത സുഹൃത്തുക്കളെ വിദ്യാഭ്യാസമടക്കമുള്ള മേഖലയില്‍ കൈപിടിച്ചുയര്‍ത്തണം. പൊതു സമൂഹത്തനായി ഇനിയും ഏറെ ചെയ്യണം. അധ്യാപനത്തില്‍ നിരന്തരം നവീകരണം നടത്തണം. ഊര്‍ജ്വസ്വലതയുടെ വെളിച്ചത്തിലേക്ക് തന്നെയാണ് ഈ സഹോദരന്‍മാര്‍ സഞ്ചരിക്കുന്നത്. ഹബീബിന്റെ ഭാര്യ റുഖ്‌സാന. മകന്‍: ആമീര്‍ സയാ ന്‍. അക്ബറിന്റെ ഭാര്യ: റജുല. മകള്‍: ആഷ്‌ന.

---- facebook comment plugin here -----

Latest