Connect with us

International

മദീനാ പള്ളിയുടെ പരിഷ്‌കരണം: വാര്‍ത്ത അതീവ ഗൗരവമുള്ളത്- യു കെ പണ്ഡിത സമ്മേളനം

Published

|

Last Updated

ലണ്ടന്‍: മദീന പള്ളിയും വിശുദ്ധ റൗളാ ശരീഫുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണെന്നും തിരു റൗളയുടെ പുനര്‍ വിന്യാസം ഒരു തരത്തിലും അനുവദിക്കുകയില്ലെന്നും മാഞ്ചസ്റ്ററില്‍ ചേര്‍ന്ന യു കെ ഉലമാ സമ്മേളനം അഭിപ്രായപ്പെട്ടു.
വേള്‍ഡ് ഇസ്‌ലാമിക് മിഷന്‍ ജനറല്‍ സെക്രട്ടറി ഖമറുസ്സമാന്‍ അഅ്‌സമിയുടെ നേതൃത്വത്തില്‍ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇസ്‌ലാമിക പണ്ഡിതന്മാര്‍ സംബന്ധിച്ച സംഗമം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
മുസ്‌ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ വിശുദ്ധ റൗളാ ശരീഫ് നിലവിലുള്ള സ്ഥലത്ത് നിന്ന് മാറ്റണമെന്ന് നിര്‍ദേശിക്കുന്ന പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളിലായി വിവിധ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഒരു തരത്തിലും അനുവദിക്കാനാകാത്തതും നിഗൂഢ ലക്ഷ്യങ്ങളോടെയുള്ളതുമായ നിര്‍ദേശമാണിതെന്ന് നോര്‍ത്ത് മാഞ്ചസ്റ്റര്‍ ജുമാ മസ്ജിദ് കോണ്‍ഫ്രന്‍സ് ഹാളില്‍നടന്ന സംഗമം പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞു.
ഹറമുകളുടെ പരിശുദ്ധി കാത്തു സൂക്ഷിക്കുന്നതില്‍ ഏറെ ജാഗ്രത പുലര്‍ത്തുന്ന സഊദി ഭരണകൂടം ഇത്തരം ഏതു നിര്‍ദേശത്തെയും തള്ളിക്കളയുമെന്നുറപ്പാണ്. പുണ്യ ഹറമുകളുമായി വിശ്വാസികള്‍ക്ക് മുറിച്ചു മാറ്റാനാകാത്ത ബന്ധമാണുള്ളത്. അവിടെയുള്ള ഏതു പരിഷ്‌കരണവും ലോക മുസ്‌ലിം സമൂഹത്തിന്റെ അനുമതിയോടെ മാത്രമേ നടത്താനാകൂവെന്നും പണ്ഡിത സമ്മേളനം പറഞ്ഞു. തിരുറൗളയും മദീനാ മുനവ്വറയും കൊല്ലങ്ങളായി നിലനിന്ന് വരുന്നതും ലക്ഷക്കണക്കിനു പണ്ഡിതന്മാരും കോടിക്കണക്കിനു സത്യവിശ്വാസികളും അംഗീകരിച്ചു വരുന്നതുമാണ്. ഇതില്‍ ഭേദഗതി വരുത്താന്‍ ആരെയും അനുവദിക്കുന്നതല്ല. ഇത്തരം നിര്‍ദേശങ്ങളുമായി വരുന്നവരെ അവഗണിക്കേണ്ടതാണെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മൗലാനാ ഖമറുസ്സമാന്‍ അഅ്‌സമി, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, മൗലാനാ ശാഹിദ് റസാ ഖാദിരി, മൗലാനാ ശാഹ് മുഹമ്മദ് നൂറാനി സിദ്ദീഖി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മുഹമ്മദ് അര്‍ശദ് മിസ്ബാഹി സംസാരിച്ചു.
1972ല്‍ മക്കയില്‍ രൂപം കൊണ്ട വേള്‍ഡ് ഇസ്‌ലാമിക് മിഷന്‍ 24 രാജ്യങ്ങളില്‍ ആസ്ഥാനവും അതിലധികം രാജ്യങ്ങളില്‍ സജീവ പ്രവര്‍ത്തനവുമുണ്ട്, കേംബ്രിഡ്ജ് ഫാക്കല്‍റ്റി ഓഫ് ഏഷ്യന്‍ ആന്‍ഡ് മിഡില്‍ ഈസ്റ്റേണ്‍ സ്റ്റഡീസിനു കീഴിലെ പ്രിന്‍സ് അല്‍ വലീദ് ബിന്‍ തലാല്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ്, ഇസ്‌ലാമിക് മാനുസ്‌ക്രിപ്റ്റ്‌സ് അസോസിയേഷന്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച മാനുസ്‌ക്രിപ്റ്റ് സമ്മേളനത്തില്‍ സംബന്ധിക്കാനാണ് കാന്തപുരവും ഖലീല്‍ തങ്ങളും ബ്രിട്ടനിലെത്തിയത്.

Latest